കൂടത്തായിയിലെ ബ്രില്ല്യന്റ് മാന്‍, എത്തുന്നിടത്തെല്ലാം വെടിപ്പാക്കി മടക്കം; ഇത് കെജി സൈമണ്‍ ഐപിഎസ്


സ്വന്തം ലേഖകന്‍

2 min read
Read later
Print
Share

ഏഴ് മാസം മുമ്പാണ് കോഴിക്കോട് റൂറല്‍ എസ്.പിയായി കെ.ജി. സൈമണ്‍ ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് കാസര്‍കോട് എസ്.പി.യായിരുന്നു.

കോഴിക്കോട്: എത്തുന്നിടത്തെല്ലാം വെട്ടിത്തെളിച്ച് വെടിപ്പാക്കിയായിരുന്നു കെ.ജി സൈമണ്‍ എന്ന ഐ.പി.എസ് ഓഫീസറുടെ ഔദ്യോഗിക ജീവിതം. ഏതൊരു കുറ്റവാളിയും എത്ര തന്നെ തെളിവില്ലാതാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചാലും ഒരു കടുകുമണിയെങ്കിലും ബാക്കി വെച്ചേക്കുമെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പോലീസുകാരന്‍. തന്റെ ഈയൊരു വിശ്വാസം തന്ത്രപ്രധാനമായ നിരവധി കേസുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനും കെ.ജി സൈമണിന് സാധിച്ചു.

ഏഴ് മാസം മുമ്പാണ് കോഴിക്കോട് റൂറല്‍ എസ്.പിയായി കെ.ജി. സൈമണ്‍ ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് കാസര്‍കോട് എസ്.പി.യായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി.യായിരിക്കെ 19 കേസുകള്‍ ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. കാസര്‍കോട്ട് ഒരു വര്‍ഷത്തിനുള്ളില്‍ 10 കേസും. ഇതിന്റെ പരിചയസമ്പത്തുമായി കോഴിക്കോട് എത്തിയ ഉടനെയാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസ് കെ.ജി സൈമണിന്റെ ശ്രദ്ധയിലെത്തുന്നത്.

ലോക്കല്‍ പോലീസ് ആത്മഹത്യയായി അവസാനിപ്പിച്ച പൊന്നാമറ്റത്തെ റോയ് തോമസിന്റെ കേസ് സ്വത്ത്തര്‍ക്കത്തിന്റെ രൂപത്തില്‍ റൂറല്‍ എസ്.പിക്ക് മുന്നിലെത്തുമ്പോള്‍ അത് വെറും ആത്മഹത്യമാത്രല്ലെന്ന നിഗമനത്തിലേക്കെത്താന്‍ കെ.ജി സൈമണ് വലിയ സമയമൊന്നും വേണ്ടി വന്നില്ല. കുറ്റാന്വേഷണരംഗത്തെ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം നേടിയ എസ്.പി, ഈ കേസിന്റെ സാധ്യതകള്‍ അന്നു തന്നെ മനസ്സിലാക്കിയിരുന്നു. എസ്.ഐ. ജീവന്‍ ജോര്‍ജിനെ രഹസ്യാന്വേഷണത്തിന് പ്രത്യേകമായി ചുമതലപ്പെടുത്തി. ഒരു മാസത്തോളം സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. മാധ്യമങ്ങള്‍ക്ക് ഒരു വരിപോലും ചോര്‍ന്ന് കൊടുക്കാതെയുള്ള അന്വേഷണം. ഇത് വെളിച്ചം വീശിയത് ആറ് കൊലപാതക പരമ്പരയിലേക്കായിരുന്നു.

താന്‍ മുന്നോട്ട് വെച്ച സംശയത്തിന് ബലമേകി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ വിവരവും സമാനമായി വന്നതോടെയാണ് പ്രത്യേക സ്‌ക്വാഡുകളെ അടക്കം ഇറക്കി കൂടത്തായി കേസിന്റെ അന്വേഷണം ആരംഭിച്ചത്. എസ്.പി. കെ.ജി. സൈമണ്‍, അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസനാണ് കേസ് അന്വേഷിച്ചത്. എസ്.ഐ. ജീവന്‍ ജോര്‍ജ്, എ.എസ്.ഐ.മാരായ ആര്‍. രവി, പത്മകുമാര്‍, മോഹനകൃഷ്ണന്‍, ശ്യാം, യൂസഫ്, കെ.എസ്. ശിവദാസന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അങ്ങനെ കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ടോംതോമസ്, ടോംതോമസിന്റെ ഭാര്യ അന്നമ്മ , മകന്‍ റോയ്തോമസ്, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു, ടോംതോമസിന്റെ സഹോദരപുത്രന്‍ ഷാജുവിന്റെ ആദ്യ ഭാര്യ സിസിലി, സിസിലിയുടെ ഒന്നരവയസ്സകാരി ആല്‍ഫൈന്‍ എന്നിവരടങ്ങുന്ന ആറ് പേരുടെ മരണം കൊലപാതകമാണെന്ന് തെളിയിച്ചാണ് കോഴിക്കോട് നിന്നും കെ.ജി സൈമണിന്റെ മടക്കം.

ഓരോ മരണം സംഭവിക്കുമ്പോഴും അവിടെയെല്ലാം മരിച്ച റോയ് തോമസിന്റെ ഭാര്യ ജോളിയമ്മ ജോസഫിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന ആരും സംശയിക്കാത്ത പോയിന്റില്‍ നിന്ന് തുടങ്ങിയ അന്വേഷണം ഇന്ന് ജോളി എല്ലാ കേസിലും ഒന്നാം പ്രതിയാവുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെങ്കില്‍ അത് കെ.ജി സൈമണിന്റെ കുറ്റാന്വേഷണ ബുദ്ധിതന്നെയാണ്.

അന്വേഷണത്തിനൊടുവില്‍ പൊന്നാമറ്റം റോയിതോമസ്, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി, സിലിയുടെ ഒന്നരവയസ്സുള്ള മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ഇതില്‍ മൂന്നെണ്ണത്തിലും സയനൈഡിന്റെ സാന്നിധ്യം തന്നെയാണ് മരണ കാരണമെന്ന് രാസപരിശോധനയില്‍ അടക്കം വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. മഞ്ചാടിയില്‍ മാത്യൂവിന്റെ മരണത്തില്‍ മൂന്നാംതീയതി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്. മറ്റ് രണ്ട് പേരുടേയും കുറ്റപത്രത്തിന്റെ അവസാന മിനുക്ക് പണിയിലുമാണ്. ഇതിന് പുറമെ കോഴിക്കോട് റൂറലിലെ സ്ഥിരം സംഘര്‍ഷ മേഖലയായിരുന്ന നാദാപുരം ഭാഗങ്ങളിലടക്കം കൃത്യമായ ഇടപെടലിലൂടെയും വിലയിരുത്തലിലൂടേയും സംഘര്‍ഷ സാധ്യതയില്ലാതാക്കാനും കെ.ജി സൈമണ് കഴിഞ്ഞിട്ടുണ്ട്.

രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍, സ്തുത്യര്‍ഹ സേവാ മെഡല്‍, ബാഡ്ജ് ഓഫ് ഓണര്‍, മെറിട്ടോറിയല്‍ സര്‍വീസ് എന്‍ട്രി, ഇന്‍വെസ്റ്റിഗേഷന്‍ എക്സലന്‍സ് പുരസ്‌കാരം, ഗുഡ് സര്‍വീസ് എന്‍ട്രി തുടങ്ങി 200-ഓളം പുരസ്‌കാരങ്ങള്‍ ഇതിനകം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Content Highlights: kg simon ips, the brilliant man behind koodathai murder series investigation

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram