-
കൂടത്തായി കേസിന്റെ ചുരുളഴിഞ്ഞതോടെ കേരളത്തിന്റെ കുറ്റാന്വേഷണചരിത്രത്തില്‍ ഒരു പേര് കൂടുതല്‍ തിളക്കത്തോടെ മുദ്രിതമായി: കെ.ജി. സൈമണ്‍. മുപ്പത്തിയഞ്ചു വര്‍ഷത്തെ കുറ്റാന്വേഷണജീവിതത്തിനിടെ 52 കേസുകളാണ് ഈ അന്വേഷണോദ്യോഗസ്ഥന്‍ അതിസൂക്ഷ്മമായി ഇഴപിരിച്ചെടുത്ത് തെളിയിച്ചത്. കൂടത്തായിയോടെ അത് ലോകമറിഞ്ഞു. തന്റെ അപൂര്‍വമായ അന്വേഷണാനുഭവങ്ങളെക്കുറിച്ച്, കുറ്റവാളികളുടെ മനഃശാസ്ത്രത്തെക്കുറിച്ച്, താന്‍ കണ്ട അസാധാരണ കുറ്റവാളികളെക്കുറിച്ച് സൈമണ്‍ തുറന്നു സംസാരിക്കുന്നു
എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ. ചരിത്രത്തിന് പഠിക്കുന്നകാലത്ത്്് തൊടുപുഴ എള്ളുപുറം കെ.എ. ജോര്‍ജിന്റെയും സാറാമ്മ ജോര്‍ജിന്റെയും ആറുമക്കളില്‍ അഞ്ചാമത്തെയാളായ കെ.ജി. സൈമണ് ഒരേസമയം രണ്ട് നിയമന ഉത്തരവുകള്‍ കിട്ടി. ഒന്ന് ബാങ്കിലേക്ക്, രണ്ടാമത്തേത് കേരള പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി. ഏത് തിരഞ്ഞെടുക്കണമെന്ന് സ്വയം തീരുമാനിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തന്റെ പ്രൊഫസര്‍ ഇബ്രാഹിം കുട്ടിയെ സമീപിച്ചു. അദ്ദേഹം സംശയിക്കാതെ മറുപടിനല്‍കി: ''ബാങ്ക് വേണ്ട, എസ്.ഐ.യാ നല്ലത്... കുറെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ പറ്റും...'' പോലീസാവുക എന്നത് സൈമണിന്റെ സ്വപ്നമൊന്നുമായിരുന്നില്ല. കുടുംബത്തില്‍നിന്ന് ആരും പോലീസിലില്ല. താനാണെങ്കില്‍ പൊതുവേ സൗമ്യന്‍, ശാന്തപ്രകൃതന്‍. സ്വഭാവംവെച്ച് ആ പണിക്ക് കൊള്ളുമോ എന്നുപോലും സംശയം. പക്ഷേ, ഗുരുനാഥന്റെ വാക്കുകള്‍കേട്ട് സൈമണ്‍ കാക്കിക്കുപ്പായമിട്ടു.

ആ കുപ്പായത്തില്‍ ഇപ്പാള്‍ 35 വര്‍ഷമായി. ഗുരുനാഥന്‍ പറഞ്ഞതുപോലെ 'നല്ല കാര്യങ്ങള്‍' ചെയ്തുകൊണ്ടേയിരിക്കുകയാണ് സൈമണ്‍. നല്ലകാര്യങ്ങളെന്നു പറഞ്ഞാല്‍... നീതിയെ ഹൃദയത്തോടുചേര്‍ക്കുന്ന ഉത്തരവാദിത്വബോധം, കുറ്റകൃത്യം തെളിയിക്കാനുള്ള സ്ഥിരോത്സാഹം, ചോദിക്കാനും പറയാനും ആരോരുമില്ലാത്തവരുടെ ശബ്ദമാകാനുള്ള മനസ്സ്...
അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും എന്ന വചനത്തിലാണ് സൈമണിന്റെ വിശ്വാസം; മുട്ടുവിന്‍ തുറക്കപ്പെടും എന്നതാണ് ആപ്തവാക്യം. അങ്ങനെയാണ് സൈമണ്‍ കേരളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷകരില്‍ ഒരാളായി വളര്‍ന്നത്.
ഈ അന്വേഷണോദ്യോഗസ്ഥന്റെ 35 വര്‍ഷത്തെ അന്വേഷണജീവിതം സംഭവബഹുലമായ അധ്യായങ്ങളാണ്. താളുകള്‍ മറിച്ചിടുന്തോറും ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന ത്രില്ലര്‍. ക്ലൈമാക്‌സ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് കൂടത്തായി കേസില്‍. കൂടത്തായിയിലെ ആറ് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഇതേവരെ ഇദ്ദേഹം തെളിയിച്ചത് 52 കൊലക്കേസുകള്‍.
ദേവികുളത്ത് രണ്ടുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസ്, വണ്ടിപ്പെരിയാറില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയശേഷം ബലാത്സംഗംചെയ്ത കേസ്, എറണാകുളത്തെ മിഥിലമോഹന്‍ കേസും ചങ്ങനാശ്ശേരി മഹാദേവന്‍ കേസുമെല്ലാം ഇതിലുണ്ട്. എറണാകുളം എസ്.പി.യായിരുന്ന സമയത്ത് മാത്രം തെളിയിച്ചത് 19 കേസുകളാണ്. കാസര്‍കോട് എസ്.പി.യായപ്പോള്‍ ഒരു വര്‍ഷംകൊണ്ട് പത്തു കൊലക്കേസും. കോഴിക്കോട് റൂറലില്‍ ആറുമാസത്തിനിടെ ആറു കൊലക്കേസും.
ബാഡ്ജ് ഓഫ് ഓണറും വിശിഷ്ടസേവാമെഡലും കമന്‍ഡേഷനും ഗുഡ് സര്‍വീസ് എന്‍ട്രിയും മെറിട്ടോറിയസ് സര്‍വീസ് എന്‍ട്രിയും ഉള്‍പ്പെടെ 200-ഓളം അംഗീകാരങ്ങളുടെ തിളക്കമുണ്ട് സൈമണിന്റെ ഇതുവരെയുള്ള സര്‍വീസിന്.
രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡലും സ്തുത്യര്‍ഹസേവനത്തിനുള്ള മെഡലും കിട്ടി. ഏറ്റവുമൊടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇന്‍വെസ്റ്റിഗേഷന്‍ എക്‌സലന്‍സ് പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.
പോലീസ് ട്രെയിനി പറഞ്ഞു: '' ഞാന്‍ കരുതി അത് രജനിയായിരിക്കുമെന്ന് ''
കോതമംഗലം തലക്കോടിലെ ഒരു പൊട്ടക്കിണറില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് മാത്രമേ അറിയാമായിരുന്നുള്ളൂ. ആരെന്നറിയില്ല, തിരിച്ചറിയാന്‍ ശരീരത്തിലെ നിറംമങ്ങിയ വസ്ത്രങ്ങളല്ലാതെ മറ്റൊന്നുമില്ല. അജ്ഞാതമൃതദേഹമെന്നു പറഞ്ഞ് പോലീസിന് എളുപ്പം തള്ളാവുന്ന കേസ്.
''ഞാന്‍ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ കൊല്ലപ്പെട്ടത് ആരാണെന്നുപോലും വ്യക്തമായിരുന്നില്ല. വലിയ വെല്ലുവിളിനിറഞ്ഞ കേസ്. പലപ്പോഴും അന്വേഷണം വഴിമുട്ടി. പിന്മാറാതെ മറ്റൊരു വഴിയിലൂടെ അന്വേഷണം തുടര്‍ന്നു...'' സൈമണ്‍ കോളിളക്കം സൃഷ്ടിച്ച ഒരുകേസ് ഓര്‍ക്കുന്നു.
കാണാതായവര്‍, ലൈംഗികത്തൊഴില്‍ ചെയ്യുന്നവര്‍ എന്നിവരുടെ പട്ടികയെടുത്ത് അരിച്ചുപെറുക്കി. സ്ത്രീ ധരിച്ച സാരിയും അടിവസ്ത്രവും കേന്ദ്രീകരിച്ച് ഒട്ടേറെ കടകളില്‍ അന്വേഷിച്ചു. ഒരു ഫലവുമുണ്ടായില്ല. പിന്നെ ഹോം നഴ്സിങ് സ്ഥാപനങ്ങളിലും ലോഡ്ജുകളിലും പോയി.
ഒരു ലോഡ്ജില്‍നിന്ന് മാനേജര്‍ പറഞ്ഞു. നേരത്തേ ഇവിടെ വന്നിരുന്ന ഒരു സ്ത്രീയെ ഇപ്പോള്‍ കുറെ നാളായി കാണാനില്ല. ലോഡ്ജിലെ മാനേജരായി നേരത്തേ ജോലിചെയ്തിരുന്ന യുവാവിന്റെ പരിചയക്കാരിയായിരുന്നു ഇവര്‍. ഈ യുവാവ് പോലീസില്‍ ജോലികിട്ടി ട്രെയിനിങ്ങിലാണ്.
ഇതിനിടെ ഈ യുവാവിന്റെ സുഹൃത്ത് ഒരു വിവരം പറഞ്ഞു. സ്ത്രീയുടെ മൃതദേഹം കിണറില്‍നിന്ന് കിട്ടിയ വിവരം ഇയാള്‍ യുവാവിനോട് ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. ഉടന്‍തന്നെ അയാള്‍ ഫോണ്‍ വെക്കാന്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് തിരിച്ചുവിളിച്ചു: ''ഞാന്‍ കരുതി രജനിയായിരിക്കുമെന്ന്... ഭാഗ്യം അവള്‍ ബാംഗ്ലൂരിലുണ്ട്...'' സൈമണ്‍ എന്ന കുറ്റാന്വേഷകനില്‍ തീപ്പൊരിമിന്നി. പോലീസ് ട്രെയിനിയായ യുവാവിനുവേണ്ടി അന്നുരാത്രിതന്നെ പോലീസ് വലവിരിച്ചു. തൃശ്ശൂര്‍ കെ.എ.പി. ക്യാമ്പില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. വിവാഹം ചെയ്യാമെന്നു പറഞ്ഞ് കുറച്ചുകാലം രജനിയെന്ന സ്ത്രീയെ ഒപ്പം താമസിപ്പിച്ചിരുന്നു ഇയാള്‍. പിന്നീട് ഒഴിവാകാന്‍ പറഞ്ഞപ്പോള്‍ കൂട്ടാക്കിയില്ല. ഇതോടെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഈ കേസ് സൈമണ് പ്രിയപ്പെട്ടതാകുന്നത് മറ്റൊന്നുംകൊണ്ടല്ല. ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്കുവേണ്ടിയാണ് പോലീസ് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. ''അവര്‍ക്കുവേണ്ടി വാദിക്കാനോ പറയാനോ ആരുമുണ്ടായിരുന്നില്ല... അത് പോലീസിന്റെ ചുമതലയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു...''
വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അമ്മയും മകളും പാവപ്പെട്ടവരായിരുന്നു. ആ കേസ് അന്വേഷിക്കുമ്പോള്‍ കട്ടപ്പന ഡിവൈ.എസ്.പി.യായിരുന്നു സൈമണ്‍. ആ കേസ് അന്വേഷിക്കാന്‍ പത്തു സംഘങ്ങളെയാണ് നിയോഗിച്ചത്. സംശയമുള്ളവരെ ചോദ്യംചെയ്യുമ്പോള്‍ ഒരാളുടെ മൊഴിയിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് കേസ് തെളിയിക്കുന്നതിലേക്ക് നയിച്ചത്. കേസില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. ഇരുവരും വധശിക്ഷ കാത്തുകഴിയുകയാണിപ്പോള്‍.
കുറ്റാന്വേഷണത്തില്‍ എന്തുകൊണ്ടാണ് താത്പര്യം ഉണ്ടായത്
ജനങ്ങള്‍ക്ക് പോലീസില്‍ വിശ്വാസമുണ്ടാകണമെങ്കില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെടണം. സംഘര്‍ഷങ്ങളുണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ കുറെ അംഗബലമുണ്ടെങ്കില്‍ കഴിയും. എന്നാല്‍, കുറ്റാന്വേഷണം ബുദ്ധികൊണ്ടുള്ള കളിയാണ്. കൊലക്കേസ് അന്വേഷണം സത്യസന്ധമാകണം. ഒരു കള്ളത്തരവും അതില്‍ കാണിക്കരുതെന്നാണ് എന്റെ നിലപാട്.
താങ്കള്‍ ഷെര്‍ലക് ഹോംസ് കഥകള്‍ വായിച്ചിട്ടുണ്ടോ.
കോട്ടയം പുഷ്പനാഥിന്റെ നോവല്‍പോലും വായിച്ചിട്ടില്ല.
ഡിറ്റക്ടീവ് സിനിമകള്‍...
എപ്പോഴെങ്കിലും സിനിമ കാണുന്നുണ്ടെങ്കില്‍ അത് തമാശപ്പടമായിരിക്കും.
അന്വേഷണത്തില്‍ ആരെയെങ്കിലും മാതൃകയാക്കാറുണ്ടോ...
ഇല്ല. ഓരോ കേസും വ്യത്യസ്തമാണ്. അതിന്റെ സാഹചര്യവും വ്യത്യസ്തം. ഓരോ കേസിനെയും ഏറ്റവും ഫ്രഷായിവേണം സമീപിക്കാന്‍.
കൂടത്തായി കേസ് എങ്ങനെ രണ്ടുമാസത്തോളം രഹസ്യമാക്കിവെച്ചു
എന്റെ സംഘത്തില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. വിവരങ്ങള്‍ തുടക്കത്തില്‍ പുറത്തായാല്‍ കേസിനെ ബാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. സംഭവത്തില്‍ സത്യമില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതവും വലുതായിരിക്കും. ഇതെല്ലാം കണക്കിലെടുത്താണ് കാര്യങ്ങളെല്ലാം ആസൂത്രണംചെയ്തത്. അറസ്റ്റിന്റെ ഒരുമാസം മുമ്പുതന്നെ ഓരോ കേസിന്റെയും കൃത്യമായ ചിത്രം ഞങ്ങള്‍ തയ്യാറാക്കിയിരുന്നു.
കൂടത്തായി കേസിനുശേഷം താങ്കളുടെ ജനപ്രീതി വര്‍ധിച്ചോ
അതൊന്നും ഞാന്‍ നോക്കാറില്ല. കൂടത്തായി കേസ് മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞത് ഇതാണ്: ആരും മതിമറന്നുപോകരുത്. കാലിന്റെ ഉപ്പൂറ്റി നിലത്തുതന്നെ ഉറപ്പിച്ചുനിര്‍ത്തണം. ആ സമയത്ത് പത്രവായനപോലും ഉപേക്ഷിച്ചു. ടി.വി. വാര്‍ത്ത കാണുന്നത് നിര്‍ത്തി. കേസ് മാത്രമായിരുന്നു മനസ്സില്‍. പക്ഷേ, ഒരുകാര്യം ഉറപ്പാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രചാരണമാണ് ഈ കേസിന് കിട്ടിയത്.
ഇത്രയും കാലത്തെ അന്വേഷണജീവിതത്തിനിടയില്‍ക്കണ്ട അസാധാരണ കുറ്റവാളി ആരാണ്
ജോളിതന്നെ, ഇത്രയൊക്കെ ആയിട്ടും കുറ്റബോധത്തെക്കാള്‍ അവരെ അലട്ടുന്നത് ഇതെല്ലാം എല്ലാവരും അറിഞ്ഞല്ലോ എന്ന വിഷമമാണ്.
കൊലപാതകികളുടെ പൊതു മനഃശാസ്ത്രത്തെ താങ്കള്‍ എങ്ങനെയാണ് നിരീക്ഷിച്ചിട്ടുള്ളത്
പല കേസുകളിലും ഇത് വ്യത്യസ്തമാണ്. പ?േക്ഷ പിടിക്കപ്പെട്ട ഭൂരിഭാഗം പേരും പങ്കുവെച്ചത് ഒരു കാര്യമാണ്. ' നേരത്തേ പിടിക്കരുതായിരുന്നോ സര്‍... എത്രകാലമായി ടെന്‍ഷനടിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്...' ചെയ്ത പാതകത്തിന്റെ സമ്മര്‍ദം ഇവരെ വിടാതെ പിന്തുടരും. വലിയ ഭാരവും ഉള്ളിലേറ്റിയാണ് പിന്നീടുള്ള ജീവിതം. എങ്കിലും പിടിക്കപ്പെടാതിരിക്കാന്‍ എല്ലാവരും പരമാവധി ശ്രമിക്കും. പോലീസിന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കും. കൂടത്തായി കേസില്‍ തന്നെ ജോളിയെക്കുറിച്ച് രഹസ്യാന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ജോളി ഇതറിഞ്ഞിരുന്നു. ജോളി ഞങ്ങളെയും നിരീക്ഷിച്ചു. കല്ലറ പൊളിക്കുന്നത് തടയാന്‍ പരമാവധി ശ്രമിച്ചു.കൊലപാതകത്തിന്റെ സംഘാടനത്തില്‍ പ്രത്യേകകഴിവുതന്നെ ഇവര്‍ പ്രകടിപ്പിച്ചു. തന്നിലേക്ക് സംശയം വരാതിരിക്കാന്‍ ഭൂരിഭാഗം കൊലകളും നടത്തിയത് ചുറ്റിലും സാക്ഷികള്‍ ഉള്ളപ്പോഴാണ്.
താങ്കളുടെ വിജയമന്ത്രം...
ഒരു കുറ്റകൃത്യം തെളിയിക്കാന്‍ സ്ഥിരോത്സാഹം വേണം. ഒരു വഴി അടയുമ്പോള്‍ മറ്റൊരു വഴിയിലൂടെ പോകണം. ഒന്നും പ്രതീക്ഷിച്ചല്ല അന്വേഷണം ഏറ്റെടുക്കേണ്ടത്. ഞാന്‍ തെളിയിച്ച കേസുകള്‍ പലതിലും ഇരകള്‍ പാവപ്പെട്ടവരായിരുന്നു. അവര്‍ക്ക് ചോദിക്കാന്‍ ആരുമില്ല. അതിനാണ് പോലീസ്. ഒപ്പമുള്ള ഉദ്യോഗസ്ഥരെ എപ്പോഴും കൂടെനിര്‍ത്താറുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിക്കും. ചര്‍ച്ചചെയ്യും. ടീം വര്‍ക്കാണ് ഓരോ കേസിന്റെയും വിജയം.
കുടുംബത്തിന്റെ പിന്തുണ...
അനിലയാണ് ഭാര്യ. തിരുവനന്തപുരത്ത് അഡീഷണല്‍ ഡി.പി.ഐ. ആയിരുന്നു. രണ്ട് ആണ്‍മക്കളാണ്. അവിനാശ് സൈമണും, സൂരജ് സൈമണും.
മൂത്തയാള്‍ കാലടി സര്‍വകലാശാലയില്‍ റിസര്‍ച്ച് സ്‌കോളറാണ്, രണ്ടാമത്തെയാള്‍ ചെന്നൈ ഐ.ഐ. ടി.യില്‍നിന്ന് ഇന്റേ്രഗറ്റഡ് എം.എ. കഴിഞ്ഞു. കേസന്വേഷണത്തിന്റെ കാര്യങ്ങളെല്ലാം വീട്ടുകാര്‍ കൃത്യമായി ഫോളോ ചെയ്യും. പക്ഷേ, ഒന്നും വീട്ടില്‍ ചര്‍ച്ചചെയ്യില്ല.
(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 16 2 20ന് Sherlock സൈമണ്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്)
content highlights: K G Simon investigation cases, interview, Crime Branch, Koodathayi Jolly case