ലൊക്കേഷന്‍ പാര്‍വതിവാലി കുളു, പണമിടപാട് ഓണ്‍ലൈനില്‍, സാധനം കൊറിയറില്‍; ലഹരിവഴികള്‍


പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

10 വര്‍ഷം. മുപ്പത്തയ്യായിരത്തില്‍പ്പരം മയക്കുമരുന്നു കേസുകള്‍. അരലക്ഷത്തിലേറെ പ്രതികള്‍. ഒരുപതിറ്റാണ്ടുമുമ്പ് വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നത് മുന്നൂറ് കേസുകള്‍. 2019-ല്‍ ഇത് ഏഴായിരം കടന്നു. കഞ്ചാവിനുപകരം ഗ്രാമിന് ആയിരങ്ങള്‍വരുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ ഇടംപിടിച്ചു. വില്‍പ്പനക്കാരായി കുട്ടികള്‍വരെ. മയക്കുമരുന്നുകടത്തിന്റെ രൂപവും ഭാവവും മാറി. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം. നടപടിയെടുക്കേണ്ട വകുപ്പുകള്‍ ഇപ്പോഴും പതിറ്റാണ്ടുകള്‍ പിന്നിലാണ്. മയങ്ങി മരിക്കുന്ന കേരളം ടീം മാതൃഭൂമി അന്വേഷണം ഇന്നുമുതല്‍...

01|01|2022

ലൊക്കേഷന്‍ പാര്‍വതിവാലി, കുളു

പുതുവര്‍ഷദിനത്തില്‍ തകര്‍ത്തുമുന്നേറുകയാണ് ലഹരിപ്പാര്‍ട്ടി. പേരില്‍ ഡി.ജെ. പാര്‍ട്ടിയാണ്. പക്ഷേ, നടന്നത് മയക്കുമരുന്നിടപാട്. പങ്കെടുത്തവരില്‍ നല്ലൊരുഭാഗവും മലയാളികള്‍.

ഒമിേക്രാണ്‍ ഭീതിയെത്തുടര്‍ന്ന് ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെയാണ് പുതുവര്‍ഷദിനം ഒത്തുകൂടാന്‍ മലയാളിസംഘം പാര്‍വതിവാലി തിരഞ്ഞെടുത്തത്. പെണ്‍കുട്ടികളടക്കം പാര്‍ട്ടിക്കെത്തി. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത സംഘത്തിലെ പ്രധാനി ഒരു കോഴിക്കോട്ടുകാരന്‍. പാര്‍ട്ടിയിലേക്കുള്ള മലയാളികളെ കാന്‍വാസ് ചെയ്തതാകട്ടെ ഇന്‍സ്റ്റഗ്രാം പേജ് വഴിയും. ബെംഗളൂരുവിലും ഗോവയിലും ലഹരിപ്പാര്‍ട്ടികളില്‍ പതിവായി പങ്കെടുക്കുന്നവര്‍ക്കായിരുന്നു നേതൃത്വം. 'പാര്‍വതിവാലി' എന്നുതന്നെയിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്. പുതുവര്‍ഷാഘോഷം കഴിഞ്ഞതിനുപിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി.

പാര്‍വതിവാലിയിലെ ഡി.ജെ. പാര്‍ട്ടികള്‍ക്ക് സാധാരണ 1500 രൂപമുതലാണ് വാങ്ങുന്നത്. വനമേഖലകളില്‍ ഇത്തവണ പക്ഷേ, വന്‍തുക ഈടാക്കിയെന്നാണ് വിവരം. കേരളത്തിനുപുറത്തുള്ള വന്‍ ലഹരിശൃംഖലയുടെ ഭാഗമാണെങ്കിലും ഇവിടെ ഒരു കേസില്‍പ്പോലും ഇവര്‍ പിടിക്കപ്പെട്ടിട്ടില്ല.

വര്‍ഷങ്ങള്‍ക്കുമുമ്പേ ചരസിന് കുപ്രസിദ്ധമായ കേന്ദ്രമാണ് കുളുവിനടുത്തുള്ള പാര്‍വതിവാലി. ഇപ്പോള്‍ മെത്തഡിനും എല്‍.എസ്.ഡി.യും എം.ഡി.എം.എ.യുമൊക്കെയാണെന്ന മാറ്റമേയുള്ളൂ. ട്രക്കിങ്, ഡാന്‍സ് പാര്‍ട്ടി എന്നീ പേരുകളിലൊക്കെയാണ് ലഹരിപ്പാര്‍ട്ടിക്കുവേണ്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തുടങ്ങുക. പാര്‍ട്ടി നടക്കുന്നതിന്റെ പത്തുദിവസംമുമ്പേ അക്കൗണ്ട് തുടങ്ങും. പാര്‍ട്ടി കഴിയുന്നതോടെ അപ്രത്യക്ഷമാകും.

അതേസമയം മെറ്റാരിടത്ത് എക്സൈസ് സൈബര്‍സെല്‍ ഓഫീസ്

ഇന്‍സ്റ്റഗ്രാമിലൂടെയും ടെലഗ്രാമിലൂടെയും ഇടപാടുകള്‍ നടക്കുന്ന പുത്തന്‍കാലം. അവ കണ്ടറിഞ്ഞ് ചെറുക്കേണ്ട എക്‌സൈസ് സൈബര്‍ സെല്ലിന്റെ അവസ്ഥയിങ്ങനെ. ഒരു ജില്ലയിലുള്ളത് ആകെ രണ്ടേരണ്ടുപേര്‍. അതും വര്‍ക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായെത്തിയവര്‍. സൈബര്‍രംഗത്ത് വിദഗ്ധരോ പരിശീലനമോ കിട്ടിയിട്ടില്ല.

ഇടപാടിനെക്കുറിച്ച് വിവരംലഭിച്ചാല്‍ പ്രതികളുടെ ഫോണ്‍വിളിരേഖകള്‍ എടുക്കാന്‍പോലും ഇവര്‍ക്ക് സംവിധാനമില്ല. സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകളെക്കുറിച്ച് സേവനദാതാക്കളില്‍നിന്ന് വിവരംതേടാനും അധികാരമില്ല. മിന്നുംവേഗത്തില്‍ ഗ്രൂപ്പുകളുണ്ടാക്കി, ഇടപാടുകള്‍ നടത്തി, ഗ്രൂപ്പ് അപ്രത്യക്ഷമാക്കുന്ന കാലത്ത് മയക്കുമരുന്നിന്റെ വേരറുക്കാന്‍ പിന്നെയെങ്ങനെ എക്‌സൈസിനോ പേരിനുമാത്രമുള്ള അവരുടെ സൈബര്‍സെല്ലിനോ സാധിക്കും

പാര്‍വതിവാലിയില്‍ മലയാളികള്‍ നേതൃത്വം നല്‍കിയ ലഹരിപ്പാര്‍ട്ടിയും കേരളത്തിലെ എക്‌സൈസും രണ്ടറ്റത്താണ്. ഒന്ന് പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുനടക്കുന്ന, ആഴത്തില്‍ വേരുകളുള്ള മയക്കുമരുന്ന് ശൃംഖല. രണ്ടാമത്തേത് ചില്ലറ കഞ്ചാവുകടത്തുമാത്രം നിലനിന്ന കാലത്തെ ശീലങ്ങള്‍മാത്രം പിന്തുടരാന്‍ വിധിക്കപ്പെട്ട സര്‍ക്കാര്‍ സംവിധാനം. ഇവ രണ്ടിനുമിടയിലുള്ള വിടവാണ് കേരളത്തിലെ മയക്കുമരുന്ന് മാഫിയ തഴച്ചുവളരുന്നതിനുപിന്നിലുള്ള വളം.

കടത്ത് പഴയ കടത്തല്ല

അതിര്‍ത്തിയില്‍നിന്ന് മയക്കുമരുന്ന് കടത്തി ഒളിച്ചുംപതുങ്ങിയും ചില്ലറയായി വില്‍ക്കുന്ന കാലംമാറി. സാങ്കേതികതയ്‌ക്കൊപ്പമോ അതിനേക്കാള്‍ വേഗമോ ആണ് മയക്കുമരുന്ന് സംഘങ്ങളുടെ സഞ്ചാരം. ചെറുപ്പക്കാരാണ് പ്രധാനലക്ഷ്യം. അതുകൊണ്ടുതന്നെ െട്രന്‍ഡിനനുസരിച്ച് വില്‍പ്പനതന്ത്രം രൂപപ്പെടുത്തും. കഞ്ചാവുമുതല്‍ മാരകമയക്കുമരുന്നായി എം.ഡി.എം.എ.വരെ വില്‍ക്കുന്നതിങ്ങനെയാണ്. യാത്ര, സാമൂഹിക മാധ്യമങ്ങള്‍, ഡി.ജെ. പാര്‍ട്ടികള്‍... പുതുതലമുറയെ ഹരംകൊള്ളിക്കുന്ന ചേരുവകളെയെല്ലാം സംഘങ്ങള്‍ ഉപയോഗിക്കുന്നു. ഇവര്‍ക്കൊപ്പം ഓടിയെത്താന്‍ എക്സൈസിനോ നാര്‍േക്കാട്ടിക്കിനോ കഴിയാറില്ല. അതുകൊണ്ടുതന്നെ ഇവരുടെ ഇടപെടല്‍ വാഹനപരിശോധനയില്‍ ഒതുങ്ങും. അല്പംകൂടി മുന്നോട്ടുപോയാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡ്. അതുക്കുംേമലെയാണ് ലഹരിസംഘങ്ങളുടെ നിരീക്ഷണസംവിധാനം. അതിനാല്‍ പരിശോധനയ്‌ക്കെത്തുന്ന എക്സൈസ് സംഘത്തിന് പലപ്പോഴും നിരാശരായി മടങ്ങേണ്ടിവരുന്നു.


ലൂസി ദേശത്തിലെ ഇടപാടുകള്‍

ശേഷംകാഴ്ച മൊബൈലില്‍.

ആവശ്യക്കാരന്‍ (പോലീസ്): ഹായ് ബ്രോ

ലൂസി നാഷന്‍: ഹായ്

? എന്തൊക്കെയാണ് നിങ്ങളുടെ കൈയിലുള്ളത്.

ലൂസി നാഷന്‍: ഞങ്ങളുടെ കൈയില്‍ കഞ്ചാവ്, ഹാഷ്, ഓയില്‍, ആസിഡ്, എക്സ്റ്റസി, എം.ഡി.എം.എ, ക്രാക്ക് (കൊക്കൈയിന്‍), കെറ്റ് (കെറ്റമിന്‍), ഡി.എം.ടി. (ഡൈമെതൈല്‍ട്രിപ്റ്റമിന്‍)

? എം.ഡി.എം.എ. എല്ലാത്തിന്റെയും വില എത്രയാണ്

ലൂസി നാഷന്‍: എം.ഡി.എം.എ. രണ്ടു നിലവാരത്തിലുണ്ട്

81 ശതമാനം വരുന്നതിന് ഗ്രാമിന് മൂവായിരം രൂപ. 76 ശതമാനം വരുന്നതിന് 2500

? എങ്ങനെ പണം അയക്കും

ലൂസി നാഷന്‍: ബി.ടി.സി., യു.പി.ഐ, ബാങ്ക് ട്രാന്‍സ്ഫര്‍ എല്ലാം സ്വീകരിക്കും. പണം അടച്ചുകഴിഞ്ഞശേഷം ഡെലിവറി ലൊക്കേഷനും കോണ്‍ടാക്ട് നമ്പറും നല്‍കുക.

(ലോക്കേഷനും ഫോണ്‍ നമ്പറും അയക്കുന്നു)

? കോട്ടയത്തു കിട്ടാന്‍ എത്രദിവസമെടുക്കും

ലൂസി നാഷന്‍: മൂന്നുദിവസം എടുക്കും. പണം അയച്ചു എന്നുള്ള സ്‌ക്രീന്‍ഷോട്ട് അയക്കുന്ന ഉടനെ ഞങ്ങള്‍ അയച്ചുനല്‍കും.

ലോക്ഡൗണ്‍ ഡെലിവറിയെ ബാധിക്കുമോ

ലൂസി നാഷന്‍: ഇല്ല, ഇത് കൂറിയര്‍ വഴിയാണ് അയക്കുന്നത്.

(സ്‌ക്രീന്‍ ഷോട്ട് അയക്കുന്നു). ഉച്ചയ്ക്ക് കൂറിയര്‍ അയക്കും, ട്രാക്കിങ് ഐ.ഡി. ഞങ്ങള്‍ അയച്ചുനല്‍കും.

ദിവസങ്ങള്‍ക്കകം ഈ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍നിന്ന് കാണാതായി. അക്കൗണ്ടിന്റെ വിശദാംശംങ്ങള്‍ എടുക്കുക പ്രയാസം. ഇന്‍സ്റ്റഗ്രാം അധികൃതര്‍ ഉപഭോക്താക്കളെക്കുറിച്ചും അക്കൗണ്ടിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കാത്തതാണ് പ്രധാനപ്രശ്‌നം. കേസെടുക്കാന്‍പോലുമാകാതെ അന്വേഷണം അവസാനിപ്പിക്കേണ്ടിവന്നു. ഇത്തരം എത്രയെത്ര സംഭവങ്ങള്‍...

ഗ്രാമങ്ങളില്‍ രാപാര്‍ക്കുന്നവര്‍

നമ്മുടെ നാട്ടിലെ എക്‌സൈസിനും നാര്‍ക്കോട്ടിക് വിഭാഗത്തിനും ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും ഇപ്പോഴും ബാലികേറാമലയാണ്. ഇവ രണ്ടുമാണ് കേരളത്തിലെ മയക്കുമരുന്നുകാരുടെ പ്രധാന വില്‍പ്പനയിടം. ആവശ്യക്കാരെ കണ്ടെത്തുന്നതും ഇടപാടുകള്‍ പറഞ്ഞുറപ്പിക്കുന്നതും ഇതുവഴിയാണ്. ഇതുപയോഗിച്ച് വില്‍പ്പനക്കാര്‍ ഇന്ത്യയിലെവിടെയും മയക്കുമരുന്ന് അയച്ചുനല്‍കും. സിന്തറ്റിക് ലഹരിവസ്തുക്കളാണ് പ്രധാനമായും അയച്ചുനല്‍ക്കുക. വില്‍പ്പനക്കാരില്‍ മലയാളികളും ധാരാളം.അത്യാവശ്യം മയക്കുമരുന്ന് വാങ്ങി സ്റ്റോക്കുചെയ്തശേഷം ഇത് ചെറിയ അളവില്‍ കൂറിയറായി അയച്ചുനല്‍കുന്നതാണ് രീതി.

ആവശ്യമുള്ള മയക്കുമരുന്നിന്റെ പേരുപറഞ്ഞ് പണമടച്ചാല്‍ ട്രാക്കിങ് നമ്പര്‍ അയച്ചുനല്‍കും. വളരെ സിംപിളാണ് വില്‍പ്പന. ഒറ്റുകൊടുക്കാത്തിടത്തോളം കാലം ഈ വില്‍പ്പന നടക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടുത്തി ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പേജുകള്‍ ഉണ്ടാക്കും. തുടര്‍ന്ന് വാട്സാപ്പ് ഗ്രൂപ്പും തുടങ്ങും. രാത്രിയാകുമ്പോള്‍ സുരക്ഷിതമായി എങ്ങനെ സാധനം എത്തിക്കാമെന്ന ചര്‍ച്ച. ഗ്രൂപ്പ് നിശ്ചിതസമയങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ഇക്കാര്യങ്ങള്‍ നേരത്തേ അറിയിക്കും. പങ്കെടുക്കാന്‍ പറ്റാത്തവര്‍ പിന്നെ പുറത്താകും. ഗ്രൂപ്പിലേക്ക് ആഡ് ചെയ്യണമെങ്കില്‍ അഡ്മിന്മാര്‍ പറയുന്നത് അനുസരിക്കണം. വലിയ ഫോളോവേഴ്സ് ഉള്ളവരായിരിക്കും അഡ്മിന്മാര്‍. ഓരോ ദിവസത്തെയും കാര്യങ്ങളും വീഡിയോയും എങ്ങനെയായിരിക്കണമെന്ന് അംഗങ്ങള്‍ക്ക് അഡ്മിന്‍ നിര്‍ദേശം നല്‍കും. അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് റേറ്റിങ് നല്‍കിയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനമെന്ന് എക്‌സൈസ് പറയുന്നു.

അഡ്മിന്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവരെ അടുത്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഡ്മിന്‍ ടാഗ് ചെയ്യും. അതുവഴി അവര്‍ക്കും. ഫോളോവേഴ്സ് കൂടും. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ഗ്രൂപ്പുകളില്‍ കയറുകയും അഡ്മിന്‍ പറയുംവിധത്തില്‍ വീഡിയോ ചെയ്യുന്നതും പതിവാണ്.


പാര്‍വതിവാലിയില്‍ മാത്രമല്ല, ഇങ്ങ് കേരളത്തിലുമുണ്ട് ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും ഉപയോഗിച്ച് സംഘടിപ്പിക്കുന്ന ലഹരിപ്പാര്‍ട്ടി. കേരള, കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലകളിലാണ് കൂടുതല്‍. പോലീസിന്റെയോ എക്‌സൈസിന്റെയോ നിരീക്ഷണത്തില്‍ ഇവ പെടാറുമില്ല. ഇത്തവണ പുതുവത്സരത്തിനും സാമൂഹികമാധ്യമങ്ങള്‍വഴി റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ശ്രമംനടന്നതായി രഹസ്യാന്വേഷണവിഭാഗം പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ക്കൂടി വ്യാപകമായി മയക്കുമരുന്നിടപാട് നടക്കുന്നത് സംബന്ധിച്ച് പോലീസിന് തെളിവുലഭിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം ചാറ്റ് അടക്കമുള്ള തെളിവുകള്‍ കിട്ടി. ലൂസി നാഷന്‍ എന്നായിരുന്നു അക്കൗണ്ടിന്റെ പേര്. രഹസ്യമായി പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണവും തുടങ്ങി. കോട്ടയം സ്വദേശി എന്ന വ്യാജേന അക്കൗണ്ടില്‍ക്കയറി ചാറ്റും തുടങ്ങി. (തുടരും)


തയ്യാറാക്കിയവര്‍

അനു അബ്രഹാം

രാജേഷ് കെ. കൃഷ്ണന്‍

കെ.പി. ഷൗക്കത്തലി

കെ.ആര്‍. അമല്‍

പ്രദീപ് പയ്യോളി

Content Highlights: investigation series mayangi marikkunna keralam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram