പ്രതീകാത്മക ചിത്രം | മാതൃഭൂമി
''എനിക്ക് ചിറകുമുളച്ചുതുടങ്ങി. ഞാനിപ്പോള്‍ പറന്നുയരും, ഞാനിപ്പോള്‍ പറന്നുയരും...'' നിര്‍ത്താതെ ചിരിച്ചുകൊണ്ട് ആ 17-കാരന്‍ പുലമ്പിക്കൊണ്ടിരുന്നു. ആ ചിരിക്കൊപ്പംതന്നെ തൊട്ടടുത്തുനിന്ന് ഒരു കരച്ചിലുയര്‍ന്നു. ആ കുട്ടിയുടെ അമ്മയുടേതായിരുന്നു അത്. ഹൃദയംതകര്‍ന്നുപോയി. മലപ്പുറം ജില്ലയുടെ വെട്ടം വി.ആര്‍.സി. ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കെ.ആര്‍. ബിനുവിന്റെ മനസ്സില്‍നിന്ന് പത്തുമാസംകഴിഞ്ഞിട്ടും ആ കാഴ്ച മാഞ്ഞിട്ടില്ല.
എല്‍.എസ്.ഡി. സ്റ്റാമ്പ് (ലൈസര്‍ജിക് ഡൈ ആസിഡ് എത്തിലമൈഡ്), എം.ഡി.എം.എ. (മെത്തിലീന്‍ ഡയോക്‌സി മെത്താംഫെറ്റമീന്‍) തുടങ്ങിയ മാരകമയക്കുമരുന്നുകള്‍ക്കടിമയായ പ്ലസ്ടു വിദ്യാര്‍ഥി. അച്ഛനും അമ്മയും അധ്യാപകര്‍. 2021 മാര്‍ച്ചിലെ പരീക്ഷക്കാലം. ദിവസവും രാത്രിയില്‍ രണ്ടു കൂട്ടുകാര്‍ ഒരുമിച്ചിരുന്നു പഠിക്കാന്‍ വീട്ടിലെത്തും. പിന്നെ മുറിയില്‍ക്കയറി വാതിലടയ്ക്കും. മൂന്നുപേരും നന്നായി പഠിക്കുന്നവരും മാര്‍ക്കുള്ളവരും. അതിനാല്‍ മാതാപിതാക്കള്‍ക്ക് ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല. രാത്രി 11 വരെ പഠിച്ചശേഷം മറ്റ് രണ്ടുകുട്ടികളും വീട്ടിലേക്കുപോകും. ഒരുദിവസം നേരംപുലര്‍ന്നിട്ടും മകന്‍ പുറത്തേക്കുവന്നില്ല. മാതാപിതാക്കള്‍ മുറിയില്‍ക്കയറി വിളിച്ചുണര്‍ത്തിയപ്പോള്‍ കലങ്ങിയ കണ്ണുകളും കുഴഞ്ഞ സംസാരവും തളര്‍ച്ചവന്ന ശരീരവും.
ആശുപത്രിയിലെത്തിച്ചപ്പോഴാണ് മയക്കുമരുന്നുപയോഗിച്ചതായി അറിയുന്നത്. പ്രാഥമികചികിത്സനല്‍കി കൗണ്‍സലിങ്ങിന് വിധേയമാക്കണമെന്ന് ഡോക്ടര്‍ ഉപദേശിച്ചുവിട്ടു. വീട്ടിലെത്തി മുറി പരിശോധിച്ചപ്പോള്‍ പഴ്സില്‍നിന്നും കിടക്കയ്ക്കടിയില്‍നിന്നും സ്റ്റാമ്പ് രൂപത്തിലുള്ള ചില വസ്തുക്കള്‍ ലഭിച്ചു. ഒരു വരുമാനവുമില്ലാത്ത കുട്ടിയുടെ പഴ്സില്‍ നിറയെ പണം. അമ്മയുടെ അലമാരയിലിരുന്ന അഞ്ചുപവന്റെ മാല മോഷ്ടിച്ചുകിട്ടിയ പണമാണിതെന്ന് പിന്നീടറിഞ്ഞു.
ആദ്യം നാട്ടില്‍ത്തന്നെ കൗണ്‍സലിങ്ങിനു വിധേയമാക്കി. അഡ്മിറ്റാക്കി ലഹരിവിമുക്തചികിത്സ നടത്തണമെന്നായിരുന്നു കൗണ്‍സലറുടെ ഉപദേശം. പഠനത്തെ ബാധിക്കുമെന്നതിനാല്‍ കിടത്തിച്ചികിത്സയ്ക്ക് അമ്മ സമ്മതിച്ചില്ല. കുറച്ചുദിവസം വീട്ടിലിരുന്നശേഷം അവന്‍ വീണ്ടും സ്‌കൂളില്‍ പോയിത്തുടങ്ങി. പ്ലസ്ടു അവസാനപരീക്ഷ കഴിഞ്ഞു. രാത്രി എട്ടുമണിയായിട്ടും മകന്‍ വീട്ടിലെത്തിയില്ല. ഒപ്പം രണ്ടുകൂട്ടുകാരെയും കാണാതായി. ആശങ്കയോടെ നാടുനീളെ അന്വേഷണം.
അഞ്ചാംദിവസം മഹാരാഷ്ട്രയിലെ പനവേല്‍ റെയില്‍വേസ്റ്റേഷനില്‍നിന്ന് ഇവരെ കണ്ടതായി വിവരം ലഭിച്ചു. പ്ലാറ്റ്ഫോമില്‍ തളര്‍ന്നിരിക്കുന്നതുകണ്ട മലയാളി പോലീസുദ്യോഗസ്ഥന്‍ കുട്ടികളുടെ പക്കല്‍നിന്ന് ഫോണ്‍നമ്പര്‍ വാങ്ങി വീട്ടിലേക്കുവിളിച്ച് കാര്യംപറഞ്ഞു. മാതാപിതാക്കള്‍ പനവേലിലെത്തി മക്കളെ കണ്ടു. ധരിച്ചിരുന്നത് അഞ്ചുദിവസംമുമ്പിട്ട മുഷിഞ്ഞവസ്ത്രം. രണ്ടുകൈകളിലും ബ്ലേഡുകൊണ്ടുവരച്ച പാടുകള്‍. ചുണ്ടും വായും ഉണങ്ങി ക്രൂരമായ മുഖഭാവം. പോലീസുകാരന്റെ സഹായത്തോടെ ചോദ്യംചെയ്തു. പരീക്ഷകഴിഞ്ഞ് ഗോവയിലേക്കാണ് ഇവര്‍ വണ്ടികയറിയത്. അവിടെവെച്ച് എം.ഡി.എം.എ. മയക്കുമരുന്ന് ഉപയോഗിച്ചു. പിന്നെയാണ് ലക്ഷ്യമില്ലാതെ പനവേലില്‍ എത്തിയത്.
വൈകിയില്ല, അവരെ തിരിച്ച് നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസികവിഭ്രാന്തി ബാധിച്ചനിലയിലായിരുന്നു അധ്യാപകദമ്പതിമാരുടെ മകന്‍. 45 ദിവസത്തെ ചികിത്സ. ഇപ്പോള്‍ പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ആ കുട്ടി.
സമീപകാലത്തായി കൗമാരപ്രായക്കാരും യുവാക്കളും ലഹരിവിമുക്ത ചികിത്സയ്‌ക്കെത്തുന്നത് കുത്തനെ വര്‍ധിച്ചതായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി രണ്ടുപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബിനുവിന്റെ സാക്ഷ്യം. വര്‍ഷം ശരാശരി എത്തുന്നത് 200 പേര്‍. കഴിഞ്ഞവര്‍ഷം എത്തിയവരില്‍ ആറുപേര്‍ പെണ്‍കുട്ടികളായിരുന്നു. നാം കരുതുന്നതിലുമപ്പുറമാണ് കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയിലെ ലഹരിയുപയോഗമെന്ന് ചുരുക്കം.
സീനാകെ ഡാര്‍ക്കാണ്
ഇരുണ്ടലോകത്തെ മയക്കുമരുന്നിടപാടിന്റെ കണ്ണികള്‍ കേരളത്തിലും വേരുറപ്പിച്ചുകഴിഞ്ഞു. ഓണ്‍ലൈന്‍ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാല്‍ കൗമാരകേരളത്തെ കണ്ണിചേര്‍ക്കാന്‍ മയക്കുമരുന്നു സംഘങ്ങള്‍ക്ക് എളുപ്പമാണുതാനും.
ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക് വെബ്ബിലൂടെയാണ് ഡീല്‍. അതും അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിസംഘങ്ങളുമായി. ക്രിപ്റ്റോ കറന്‍സിയാണ് വിനിമയനാണ്യം.
മലപ്പുറത്തുനിന്ന് കഴിഞ്ഞവര്‍ഷം എം.ഡി.എം.എ.യുമായി കോഴിക്കോട് എക്‌സൈസ് ക്രൈംബ്രാഞ്ച് യുവാവിനെ പിടികൂടിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ പണമിടപാടിനുപയോഗിച്ചത് ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിനാണെന്നു കണ്ടെത്തി. ബെംഗളൂരുവിലുള്ള ലഹരിയിടപാടുകാരനാണ് ബിറ്റ്കോയിന്‍ നല്‍കിയത്. രഹസ്യസ്വഭാവമുള്ള ഇടപാടായതിനാല്‍ പ്രധാനകണ്ണിയിലേക്കെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കോഴിക്കോട്ടുള്‍പ്പെടെ വിദ്യാര്‍ഥിനികളും ഡാര്‍ക്ക് നെറ്റ് വഴി ലഹരിമരുന്നെത്തിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തവണ പുതുവത്സരാഘോഷത്തിനും ഡാര്‍ക്ക് നെറ്റ് വഴി വന്‍തോതില്‍ മയക്കുമരുന്നെത്തിയതായി ഇവര്‍ പറയുന്നു.
ഡാര്‍ക്ക് വെബ്ബില്‍ മയക്കുമരുന്ന് വാങ്ങാന്‍ ഒട്ടേറെ ഷോപ്പിങ് വെബ്സൈറ്റുകളുണ്ട്. ക്രിപ്റ്റോ കറന്‍സി കൊടുത്ത് 'സാധനം' ഓര്‍ഡര്‍ ചെയ്താല്‍ അന്താരാഷ്ട്ര കൂറിയറായി കൈയില്‍ക്കിട്ടും.
യൂറോപ്യന്‍ രാജ്യമായ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍നിന്നാണ് അന്താരാഷ്ട്ര കൂറിയറായി ഇവ എത്തുക. കളിപ്പാട്ടങ്ങളുടെയും പാവയുടെയുമെല്ലാം ഇടയില്‍ത്തിരുകും. കൊക്കെയിന്‍, എം.ഡി.എം.എ. എന്നിവയാണ് അയച്ചുനല്‍കുക. അതും വളരെ ചെറിയ അളവില്‍മാത്രം.
ഡാര്‍ക്ക് വെബ്ബിലൂടെയുള്ള ഇടപാടില്‍ വാങ്ങുന്നവനും വില്‍ക്കുന്നവനുംപോലും പരസ്പരം തിരിച്ചറിയില്ല. ക്രിപ്റ്റോ കറന്‍സി ഇടപാടായതിനാല്‍ ആര്, ആര്‍ക്ക് കൊടുക്കുന്നെന്നും മനസ്സിലാക്കാന്‍ സാധിക്കില്ല. ഡാര്‍ക്ക് വെബ്ബിനെ സുരക്ഷിതയിടമായി ലഹരിസംഘങ്ങള്‍ ഉപയോഗിക്കാനും കാരണം ഇതുതന്നെ.
എല്ലാത്തിനുമുണ്ട് കോഡ്
'രണ്ടു മേശ, രണ്ടു കസേര ഡാര്‍ക്ക് നെറ്റില്‍ വില്‍ക്കാന്‍വെച്ചിട്ടുണ്ട്' ഒരു ഡാര്‍ക്ക് വെബ്സൈറ്റില്‍വന്ന നിസ്സാരമെന്നുതോന്നുന്ന അറിയിപ്പ്. മയക്കുമരുന്നിടപാടിനുള്ള കോഡാണിത്. കോഡ് വാക്ക് ഉപയോഗിച്ചാണ് കച്ചവടം. ലഹരിവലയില്‍ കുടുങ്ങിയവര്‍ക്ക് പലമാര്‍ഗങ്ങളിലൂടെ ഈ കോഡ് കിട്ടും.
കണ്‍മഷി എഴുതുന്നതുപോലും മയക്കുമരുന്നുപയോഗിക്കുന്നവരുടെ കോഡ് ഭാഷയാണ്. ഉപയോഗിക്കുന്ന ലഹരി ഏതാണോ, അതിന്റെ നിറമായിരിക്കും കണ്‍മഷിയിലും ഉണ്ടാകുക. അത്തരം ഗ്യാങ്ങുകള്‍ സ്‌കൂളിലും കോളേജിലും ധാരാളമുണ്ടെന്ന് ഈ രംഗത്ത് പഠനങ്ങളും കൗണ്‍സലിങ്ങും നടത്തുന്ന കനല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ ജിഷ ത്യാഗരാജ് പറയുന്നു.
അവര്‍ ഒത്തുചേരും. വാട്സാപ്പ് ഗ്രൂപ്പുകളും ഉണ്ടാകും. ഇങ്ങനെയാണ് ഇടപാടുകള്‍ തഴച്ചുവളരുന്നത്. വൈറസുപോലെത്തന്നെയാണത്. ലഹരിക്കടിമയായ ഒരാളില്‍നിന്ന് വളരെ വേഗം അത് മറ്റുള്ളവരിലേക്ക് പടരും.
മുതിര്‍ന്നവരും പഠിക്കണം
മുതിര്‍ന്നവരുടെ കാലവുമായിച്ചേര്‍ത്ത് ഇപ്പോഴത്തെ തലമുറയെ അളക്കുന്നിടത്താണ് നാം പരാജയപ്പെടുന്നത്. 2014-നുശേഷമാണ് വാട്സാപ്പ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ കൂടുതല്‍ പ്രചാരത്തിലായത്. എട്ടുവര്‍ഷത്തെ മാറ്റം. അതേക്കുറിച്ച് നമ്മള്‍ മുതിര്‍ന്നവര്‍ പഠിച്ചിട്ടില്ല. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറയാന്‍ മുതിര്‍ന്നവര്‍ക്കറിയില്ല. ഡാര്‍ക്ക് നെറ്റിക്കുറിച്ച് കുട്ടികള്‍ക്കറിയാം, മുതിര്‍ന്നവര്‍ക്ക് അറിയാത്ത കാര്യങ്ങള്‍പോലും. കിട്ടുന്ന ആപ്ലിക്കേഷന്‍ കുട്ടികള്‍ ഉപയോഗിക്കും. കുറ്റംപറഞ്ഞിട്ട് കാര്യമില്ല. കൈകാര്യംചെയ്യാന്‍ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്.
-ജിഷ ത്യാഗരാജ്,
ഡയറക്ടര്‍, കനല്‍ ചാരിറ്റബിള്‍ സൊസൈറ്റി
കേസെടുത്തിട്ടില്ല
സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള കേസ് എക്‌സൈസ് നിലവില്‍ രജിസ്റ്റര്‍ചെയ്തിട്ടില്ല. തെളിവുലഭിക്കുന്ന സാഹചര്യത്തില്‍ ഇവയെക്കുറിച്ച് അന്വേഷണമുണ്ടാകും.
കെ.കെ. അനില്‍കുമാര്‍
(ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍)

പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ സംസ്ഥാനത്ത് മയക്കുമരുന്നു കേസുകള്‍ വര്‍ഷംതോറും വര്‍ധിച്ചുവരുന്നതായി കാണാം. 2011-ല്‍ വെറും 332 കേസാണുണ്ടായിരുന്നത്. 2019-ല്‍ ഇത് ഏഴായിരം കടന്നു. 2020, 2021 വര്‍ഷങ്ങളില്‍ കേസുകള്‍ കുറഞ്ഞു. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങള്‍മൂലമുള്ള പരിശോധനകള്‍ കൂടിയതുമാണ് ഒരു കാരണം. എക്‌സൈസിനെ മറികടക്കുന്ന പുത്തന്‍ കടത്തുമാര്‍ഗങ്ങള്‍ ലഹരിമാഫിയ ഉപയോഗിക്കാന്‍ തുടങ്ങിയതും കാരണമായി വിലയിരുത്തപ്പെടുന്നു.
തയ്യാറാക്കിയത്:-
അനു അബ്രഹാം
രാജേഷ് കെ.കൃഷ്ണന്‍
കെ.പി.ഷൗക്കത്തലി
കെ.ആര്‍.അമല്‍
പ്രദീപ് പയ്യോളി