ശ്രീകാന്തന്റെ ജീവിതം ദുരൂഹം; ഇടപാടുകൾ അനിലിലൂടെ


1 min read
Read later
Print
Share

നാട്ടുകാരുമായി ഒരടുപ്പവുമില്ലാത്ത ഇയാളെ അയൽക്കാരും കണ്ടിട്ടില്ല. വെണ്ണിയൂരിലുള്ള വിട്ടീലെത്തിയാൽ പുറത്തിറങ്ങാറില്ല. മണിക്കൂറുകളോളം ഫോണിൽ സംസാരം...

തിരുവനന്തപുരം: കൊച്ചി മുനമ്പം മനുഷ്യക്കടത്തിൽ പോലീസ് തിരയുന്ന ശ്രീകാന്തന്റെ ജീവിതം ദുരുഹതനിറഞ്ഞതെന്ന് അന്വേഷണസംഘം. നാട്ടുകാരുമായി ഒരടുപ്പവുമില്ലാത്ത ഇയാളെ അയൽക്കാരും കണ്ടിട്ടില്ല. വെണ്ണിയൂരിലുള്ള വിട്ടീലെത്തിയാൽ പുറത്തിറങ്ങാറില്ല. മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുമെന്നാണ് കൂട്ടാളി എസ്. അനിൽകുമാർ അന്വേഷണസംഘത്തിനു നൽകിയ മൊഴി.

പുറത്തുള്ള സാമ്പത്തിക ഇടപാടുകളെല്ലാം തന്നിലൂടെയായിരുന്നു. അധികം മിണ്ടാത്ത പ്രകൃതമായിരുന്നു. കൊച്ചി വൈപ്പിൻ സ്വദേശിയായ ജിബിൻ ആന്റണിയിൽനിന്നാണ് ഐ.എൻ.ഡി.-കെ.എൽ.-04എം.എം.-2670 എന്ന രജിസ്‌ട്രേഷനിലുള്ള മീൻപിടിത്ത ബോട്ടുവാങ്ങിയത്. അപ്പോൾ മനുഷ്യക്കടത്തിനുവേണ്ടിയാണ് ബോട്ടെന്ന് അറിഞ്ഞിരുന്നില്ല. -അനിൽകുമാറിന്റെ മൊഴിയിൽ പറയുന്നു.

ശ്രീകാന്തൻ വാങ്ങിയ ദയാമാത-2 ബോട്ടിന്റെ ഉടമസ്ഥാവകാശത്തിൽ 70 ശതമാനവും അനിൽകുമാറിന്റെ പേരിലാണ്. 30 ശതമാനം മാത്രമാണ് ശ്രീകാന്തന്റേത്. ജനുവരി അഞ്ചിന് ബോട്ട് രജിസ്റ്റർ ചെയ്തതിന്റെ രേഖ പോലീസ് കണ്ടെടുത്തു.

മനുഷ്യക്കടത്തിനെത്തിച്ചവരുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് വെണ്ണിയൂരിലെ വീട്ടിൽനിന്ന് കണ്ടെടുത്തു. തിരുവനന്തപുരത്ത് സെൻട്രൽ ബാങ്കിലടക്കം ഇയാൾക്ക് അക്കൗണ്ടുണ്ട്. ഇതെല്ലാം മരവിപ്പിച്ചു.

മനുഷ്യക്കടത്തിനായി കൊണ്ടുവന്ന സ്ത്രീകളടക്കമുള്ളവരെ വെണ്ണിയൂരിലെ വീട്ടിലാണ് താമസിപ്പിച്ചിരുന്നതെന്നാണ് പോലീസ് കരുതുന്നത്. മനുഷ്യക്കടത്തിനായി എത്തിച്ചവരെ മുറിക്കുള്ളിലാക്കി അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സി.സി.ടി.വി. സ്ഥാപിച്ചു. ഇവിടെയെത്തിച്ചവരെ അയൽക്കാർപോലും കണ്ടിട്ടില്ല. രണ്ടുമാസംമുമ്പേ ഇയാൾ പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നും പോലീസ് കരുതുന്നു. കൊച്ചിയുമായി വലിയ ബന്ധമില്ലാത്ത ശ്രീകാന്തനെ സഹായിച്ച ഇടനിലക്കാരനെയും പോലീസ് അന്വേഷിക്കുന്നുണ്ട്.

ശ്രീലങ്കയിൽനിന്ന് അഭയാർഥിയായി തമിഴ്‌നാട്ടിലും പിന്നീട് തിരുവനന്തപുരം വെങ്ങാനൂരിലുമെത്തിയ ശ്രീകാന്തൻ മുമ്പും മനുഷ്യക്കടത്ത് നടത്തിയതായും അന്വേഷണസംഘം സംശയിക്കുന്നു. ഇതിനുവേണ്ടിയാണ് ഇയാൾ അനിലിനെ കൂട്ടാളിയാക്കിയതും പിന്നീട് സാമ്പത്തിക ഇടപാടുകൾ അയാളിലൂടെയാക്കിയതുമെന്ന് പോലീസ് പറഞ്ഞു.

Content Highlight: human trafficking accused sreekanthan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram