വാളയാര്‍ കേസില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടവരില്‍ ഒരാള്‍ പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനും അഭിഭാഷകനുമായ അഡ്വ.എന്‍ രാജേഷ് ആണ്. പ്രതികള്‍ക്ക് വേണ്ടി ഹാജരാകുവാന്‍ ആദ്യം വക്കാലത്തിട്ടത് അദ്ദേഹമാണ്. പിന്നീട് വക്കാലത്ത് ഒഴിഞ്ഞു എന്നിരുന്നാലും കുഞ്ഞുങ്ങള്‍ക്ക് എതിരെ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയെക്കെ വക്കാലത്ത് എടുത്ത താന്‍ ധാര്‍മ്മികമായി ഇത്തരം പദവികളില്‍ഇരിക്കുവാന്‍ യോഗ്യനാണൊ എന്ന് സ്വന്തം മനസാക്ഷിയോട് അദ്ദേഹം ചോദിക്കുന്നത് നന്നായിരിക്കും. ഇത്തരം ഉത്തരവാദിത്വം ഉള്ള പദവിയില്‍ ഇരിക്കുന്നവര്‍ പാലിക്കേണ്ടതും ഓര്‍ക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. കേവലം ഒരു പദവി അലങ്കരിക്കുന്നതിനുപരി കുട്ടികള്‍ എന്താണെന്നും അവരുടെ മനസ്സെന്താണെന്നും അറിഞ്ഞിരിക്കണം. കൂടാതെ അല്‍പ്പം സ്‌നേഹമെങ്കിലും കുട്ടികളോട് ഉണ്ടായിരിക്കുന്ന ഒരാളാകണം ഇതില്‍ മെമ്പറാകേണ്ടത്. ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന കുട്ടികളുടെ പുനരുദ്ധാരണത്തിനുള്ള ചുമതലചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ കടമയാണെന്ന് വരുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം കൂടുന്നത്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി എന്താണ്? എന്തിന് വേണ്ടിയാണ്
ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ആക്ട് 2015 ല്‍ സെക്ഷന്‍ 27 ആണ് ചൈല്‍ഡ് വെല്‍ഫയര്‍കമ്മിറ്റി എന്താണെന്ന് പ്രതിപാദിക്കുന്നത്. ഈ കമ്മിറ്റയില്‍ ഒരു ചെയര്‍മാനും 4 മെമ്പര്‍മാരും ഉണ്ടായിരിക്കും. അതില്‍ ഒരാള്‍ വനിത ആയിരിക്കണം എന്ന് ഈ നിയമം നിര്‍ബന്ധമായി അനുശ്യാസിക്കുന്നു. കുട്ടികളുടെആരോഗ്യം, വിദ്യാഭാസം എന്നീരംഗത്ത് പ്രവര്‍ത്തിക്കുന്ന 7 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയംഉള്ളവരെയോ അല്ലെങ്കില്‍ ചൈല്‍ഡ് സൈക്കോളജി, ചൈല്‍ഡ് സൈക്യാട്രി, നിയമം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നിവയില്‍ പ്രൊഫഷണല്‍ ഡിഗ്രി ഉള്ളവരെയോ ആണ് ഈ പദവിയില്‍ നിയമിക്കേണ്ടത്.എല്ലാജില്ലകളിലും ഒരു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉണ്ടായിരിക്കും. ഈ കമ്മറ്റിയുടെ അധികാരങ്ങള്‍ ഒരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് സമാനമാണ്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ അധികാരങ്ങള്‍
കെയറും സംരക്ഷണവും വേണ്ട കുട്ടികളുടെ പരിചരണം, സംരക്ഷണം, ചികിത്സ, പുനരുദ്ധാരണം, എന്നിവസംബന്ധിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പ്രധാനചുമതല.തങ്ങള്‍ക്കുലഭിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സമ്പൂര്‍ണആധികാരംചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റയില്‍ നിക്ഷിപ്തമാണ്.
ഈ ആക്റ്റ് പ്രകാരം ഒരു ചൈല്‍ഡ് എന്നാല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടി എന്നാണ് അര്‍ത്ഥമാക്കുന്നത്
ആരാണ് സംരക്ഷണവും പരിചരണവും ആവശ്യമായ കുട്ടികള്‍ ..
1 . ബാലവേലയുടെ ഇരകളായ കുട്ടികള്‍
2 . ഭിക്ഷാടനത്തില്‍ അകപ്പെട്ടുപോയ കുട്ടികള്‍
3 . മാതാപിതാക്കളാല്‍ ചൂഷണം ചെയ്യപ്പെട്ട കുട്ടികള്‍
4 . മാനസികവും ശാരീരികവും ആയി ശേഷിക്കുറവുള്ള കുട്ടികള്‍
5 . തെരുവില്‍ വളരുന്ന കുട്ടികള്‍
6 . മാതാപിതാക്കള്‍ക്ക് നോക്കാന്‍ സാധിക്കാത്ത കുട്ടികള്‍
7 . ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍
8 . ഒളിച്ചോടിപ്പോയ കുട്ടികള്‍
9 . കടത്തിക്കൊണ്ടുവന്ന കുട്ടികള്‍
10. മയക്കുമരുന്നിന് അടിമയായ കുട്ടികള്‍
11. പ്രകൃതിക്ഷോപത്തില്‍ ഉറ്റവരെ നഷ്ട്ടപ്പെട്ട കുട്ടികള്‍
12. സായുധകലാപത്തില്‍ ഉറ്റവരെ നഷ്ട്ടപ്പെട്ട കുട്ടികള്‍
ആര്‍ക്കൊക്കെ കുട്ടികളെ ഹാജരാക്കാം ......
പോലീസിനോ, പബ്ലിക്ക് സര്‍വെന്റിനോ, ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ,സാമൂഹ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍, ആശുപത്രി പ്രവര്‍ത്തകര്‍, ലേബര്‍ ഓഫീസര്‍ എന്നിവര്‍ക്കോ കൂടാതെ ഏതൊരു പബ്ലിക് സ്പിരിറ്റെഡ് ആയ ആളിനും കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കാം. കുട്ടിക്ക് സ്വമേധയായും കമ്മറ്റിയുടെ മുന്നില്‍ ഹാജരാകാവുന്നതാണ്. ഒരു കുട്ടിയെ കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ കമ്മിറ്റി മുന്‍പാകെഹാജരാക്കണം.
ഇത്തരത്തില്‍ കുട്ടികളെ കിട്ടുന്ന കമ്മിറ്റിക്ക് കുട്ടികളെ അവരുടെ മാതാപിതാക്കളെ തിരിച്ചേല്‍പ്പിക്കുകയോഅവരെ സംരക്ഷിക്കുന്ന ചില്‍ഡ്രന്‍സ് ഹോംമിലേക്ക് വിടുകയോ അവരെ ദത്തുനല്‍കുവാന്‍ അനുവദിക്കുകയോചെയ്യാവുന്നതാണ്.
ഇന്ന് കുട്ടികള്‍ക്കെതിരെ ഉള്ള ക്രൂരതകള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരമായി വരുന്നത് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.പണ്ട് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരുന്നു..
കുഞ്ഞുങ്ങളും പൂക്കളും വളരെ നിര്‍മലമാണ്
അവയെ മൃദുവായി വേണം കൈകാര്യം ചെയ്യാന്‍
ലേഖകന്‍: എ.വി. വിമല്‍കുമാര്‍ (കേരള ഹൈക്കോടതി അഭിഭാഷകന്‍, ലെക്‌സ് എക്‌സ്‌പെര്‍ട്ട്‌സ് ഗ്ലോബല്‍ ,അഡ്വക്കേറ്റ്‌സ് ആന്‍ഡ് അറ്റോര്‍ണീസ്, കൊച്ചി)
Content Highlight: functions and importance of child welfare committee