കോഴിക്കോട്: ചേവായൂരില്‍ പതിനേഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ ഫയാസ് മുബീന്‍ ഉപയോഗിച്ചിരുന്നത് മോഷ്ടിച്ച ആഡംബര ബൈക്കായിരുന്നെന്ന് പോലീസ്. എറണാകുളം കുമ്പളം സ്വദേശിയായ ഫയാസ് കൊച്ചിയിലെ ഷോറൂമില്‍നിന്ന് മോഷ്ടിച്ച ആഡംബര റേസിങ് ബൈക്കാണ് കറങ്ങാന്‍ ഉപയോഗിച്ചിരുന്നത്. ചേവായൂരില്‍നിന്ന് പെണ്‍കുട്ടിയോടൊപ്പം നാടുവിട്ടതും ഇതേ ബൈക്കിലായിരുന്നു.
കൊച്ചിയില്‍നിന്ന് കവര്‍ന്ന ബൈക്കിന് കണ്ണാടി ഇല്ലാത്തതിനാല്‍ ഇയാള്‍ അതും മോഷ്ടിക്കുകയായിരുന്നു. കോഴിക്കോട്ടെ ഷോറൂമില്‍നിന്നാണ് ബൈക്കിനുവേണ്ട കണ്ണാടി മോഷ്ടിച്ചത്. കൊച്ചിയിലെ ബൈക്ക് മോഷണത്തിന് എറണാകുളം സ്വദേശിയായ നഹാസ് എന്നയാളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. കൊച്ചിയില്‍നിന്ന് കവര്‍ന്ന ബൈക്ക് പിന്നീട് വ്യാജ നമ്പര്‍ ഉപയോഗിച്ചാണ് കോഴിക്കോടും പരിസരങ്ങളിലും ഉപയോഗിച്ചിരുന്നത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഫയാസ് മുബീന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു. പ്രമുഖ ഹോട്ടലുകളില്‍ ഡി.ജെ ആണെന്ന വ്യാജവിവരം നല്‍കിയാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ ഇടപെട്ടിരുന്നത്. ഇതേകാര്യം വിശ്വസിപ്പിച്ചായിരുന്നു പെണ്‍കുട്ടികളുമായും അടുപ്പം സ്ഥാപിച്ചിരുന്നത്. ചേവായൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെയാണ് ഫെയ്‌സ്ബുക്കിലെ വ്യാജ ഡിജെയെ പോലീസും തിരിച്ചറിഞ്ഞത്.
സെപ്റ്റംബര്‍ 11-ന് പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ യുവാവ് ആദ്യം തെക്കന്‍ ജില്ലകളിലേക്കാണ് പോയത്. കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കിലായിരുന്നു ഇരുവരുടെയും യാത്ര. തെക്കന്‍കേരളത്തിലെ വിവിധയിടങ്ങളില്‍ കറങ്ങിയശേഷം കര്‍ണാടകയിലേക്ക് കടന്നു. ഫയാസിന്റെ ബൈക്കിന്റെ വ്യാജ നമ്പര്‍ തിരിച്ചറിഞ്ഞ പോലീസ് ഇരുവരും കര്‍ണാടകയിലേക്ക് പോയതായി സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് മംഗലാപുരത്തിന് സമീപത്തുനിന്ന് പുത്തൂര്‍ പോലീസ് ഇവരെ പിടികൂടിയത്. പ്രതിയെ പിന്നീട് ചേവായൂര്‍ പോലീസിന് കൈമാറി. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും, വിശദമായി ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു.