
ലാ ബെല്ല രാജൻ, ശബരീനാഥ് | ഫയൽചിത്രം|മാതൃഭൂമി
ഇംഗ്ലീഷും ഹിന്ദിയും തമിഴും ഉള്‍പ്പെടെ വിവിധ ഭാഷകള്‍ സംസാരിക്കാനും ചുരുങ്ങിയത്, കേട്ടാല്‍ മനസ്സിലാക്കാനും സാധിക്കുക, കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടെന്ന ബോധം, അധികമാരും അറിയാതെ പെട്ടെന്ന് ധനികനാകാനുള്ള മോഹം, കൈവശം വല്ല സമ്പാദ്യവുമുണ്ടെങ്കില്‍ അത് എന്തിലെങ്കിലും നിക്ഷേപിച്ച് കുറഞ്ഞകാലംകൊണ്ട് പല മടങ്ങാക്കാനുള്ള ത്വര... ഇതാണ് ഒരു ശരാശരി മലയാളിയെ തട്ടിപ്പുകളില്‍ ഇരയാക്കുന്ന ചില ഘടകങ്ങള്‍. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണങ്ങളാണിവ. ഈ ചേരുവയില്‍ മറ്റൊന്നുകൂടിയുണ്ട്. ഏതെങ്കിലും ഒരു പ്രമുഖനുമായി ബന്ധമുണ്ടെന്നുപറഞ്ഞാല് അത് കണ്ണടച്ച് വിശ്വസിക്കുന്ന മാനസികാവസ്ഥ -ഇതെല്ലാം കൂടിച്ചേരുന്ന മനോനിലയിലേക്ക് മലയാളി മാറിയതാണ് തുടരെ സാമ്പത്തികത്തട്ടിപ്പുകളില്‍ കോടീശ്വരന്മുതല് നിത്യവൃത്തിക്കാരന്വരെ ഇരയാകുന്നതിനിടയാക്കിയത്
ആട്-തേക്ക്-മാഞ്ചിയം, മണി ചെയിന്‍, ആഫ്രിക്കന്‍ സ്വത്തുകൈമാറ്റം, ഖനനംചെയ്തെടുത്ത അപൂര്‍വനിധി, റൈസ് പുള്ളര്‍, സൈബര്‍ ഫ്രോഡ്, തൊഴില്‍ വാഗ്ദാനം, പുരാവസ്തുക്കള്‍ ചുളുവിലയ്ക്ക്, ബിറ്റ് കോയിന്, ഹണി ട്രാപ്പ്, ക്യൂനെറ്റ്, ഹലാല്‍ ബിസിനസ്, ടൂര്‍ ആന്‍ഡ് ടൂറിസം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മേഖലകളില്‍ തട്ടിപ്പ് ഇവിടെ ഓരോരോ കാലത്തായി നടന്നു. കുറേപ്പേര് ഇരയായി. അതിലേറെപ്പേര്‍ ആ തട്ടിപ്പുകളെക്കുറിച്ച് പത്രങ്ങളിലൂടെയും മറ്റും അറിഞ്ഞു. എന്നാലും അടുത്തദിവസം വീണ്ടും പുതിയൊരു കഥയുമായി നിങ്ങള്‍ക്ക് ധനികനാകാം എന്നുപറഞ്ഞാരെങ്കിലും വന്നാല്‍ അതിലും വീഴും നമുക്കിടയിലെ കുറെപ്പേര്.
കേരളത്തെ ആദ്യം നടുക്കിയത് ലാ ബെല്ലാ തട്ടിപ്പ്
1986-88 കാലഘട്ടത്തില്‍ കേരളത്തില്‍ വേരോട്ടംപിടിച്ച തട്ടിപ്പുസംഘമായിരുന്നു ലാ ബെല്ല. നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞകാലംകൊണ്ട് കൂടുതല്‍ പലിശയും അതുവഴി കൂടുതല്‍ ലാഭവും ഉണ്ടാക്കാമെന്ന പ്രചാരണത്തിലൂടെ ഒട്ടേറെപ്പേര്‍ കുടുങ്ങിയ നിക്ഷേപത്തട്ടിപ്പ് കേസായിരുന്നു ലാ ബെല്ലാ കേസിന്റെ ചരിത്രം. എറണാകുളത്ത് പ്രവര്‍ത്തിച്ചിരുന്ന ലാ ബെല്ലാ പബ്ലിഷേഴ്സ് എന്ന പ്രസിദ്ധീകരണസ്ഥാപനം ചില വിവാദങ്ങളെത്തുടര്‍ന്ന് പൂട്ടിയപ്പോഴാണ് ലാ ബെല്ലാ ഫൈനാന്സിയേഴ്സിലേക്ക് ചുവടുമാറുന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ രാജന് തന്നെയായിരുന്നു കേസിലെ പ്രധാനപ്രതി. കോടികള്‍ പിരിച്ചെടുത്ത് മുങ്ങിയ രാജനെ ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ക്രൈംബ്രാഞ്ച് പിടികൂടുന്നത്.
തേക്ക്-മാഞ്ചിയം....
ഏക്കറുകണക്കിന് ഭൂമി, അതില്‍ നിറയെ ലക്ഷങ്ങള്‍ വിലമതിക്കാവുന്ന തേക്ക്-മാഞ്ചിയം മരങ്ങള്‍. കുറഞ്ഞ നിക്ഷേപങ്ങള്‍കൊണ്ട് ഭൂഉടമയും വലിയ തോട്ടമുടമയും ഒന്നിച്ചാകാമെന്ന പ്രതീക്ഷയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിക്ഷേപങ്ങള്‍ ഒഴുകിയെത്തിയ കഥയാണ് എച്ച്.വൈ.എസ്. തേക്ക്-മാഞ്ചിയം തട്ടിപ്പുകേസിന്റെ പിന്നാമ്പുറം.
കോഴിക്കോട്ടെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെയും റവന്യൂ ഉദ്യോഗസ്ഥന്റെയും കുടുംബാംഗമായ കാരപ്പറമ്പ് സ്വദേശി കെ.വി. അനീഷ് വ്യാജപേരും വിലാസവും പരസ്യത്തിലൂടെ നല്കി നടത്തിയ കോടികളുടെ തട്ടിപ്പ്. ഈ കേസില്‍ പാലക്കാട് പോലീസ് 1995-ല്‍ ആദ്യമായി എച്ച്.വൈ.എസ്. ഫൗണ്ടേഷന്‍സ് എം.ഡി. അനീഷിനെ അറസ്റ്റുചെയ്തപ്പോള്പ്പോലും അശോക് കുമാര്‍ എന്ന വ്യാജപ്പേരും വിലാസവുമായിരുന്നു പോലീസും വിശ്വസിച്ചിരുന്നത്.

തമിഴ്നാട്ടില്‍ സ്വന്തംപേരില്‍ ഇല്ലാത്തൊരു ഭൂമിയില്‍ തേക്കിന്‍തൈകള്‍ നടുന്നതായിരുന്നു പരസ്യത്തിനുപയോഗിച്ചിരുന്ന ചിത്രങ്ങളും വിവരണങ്ങളും. പിടിയിലായ പ്രതി അശോക് കുമാറല്ല അനീഷ് ആണെന്ന് അന്നത്തെ പാലക്കാട് പോലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ സ്ഥിരീകരിച്ചത് മാതൃഭൂമി ലേഖകന്‍ ടി. സോമന് നല്കിയ നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അനീഷ് നേരത്തേ കൃഷ്ണ ഏജന്‍സീസ് എന്ന പേരില്‍ ഒരു തട്ടിപ്പ് നടത്തിയതിന്റെ കേസില്‍ ശേഖരിച്ച വിരലടയാളവുമായി താരതമ്യംചെയ്താണ് തേക്ക്-മാഞ്ചിയം തട്ടിപ്പ് കേസില്‍ പ്രതി അനീഷാണെന്ന് സ്ഥിരീകരിച്ചത്. ആട്-കോഴി ഫാമുകളില്‍ നിക്ഷേപം നടത്തി വരുമാനം ഇരട്ടിയാക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റുചിലസംഘങ്ങളും പലയിടത്തും തട്ടിപ്പുകള്‍ നടത്തിയിരുന്നു. പിന്നീട്, ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പുകേസെന്ന പേരിലാണ് ഈ നിക്ഷേപതട്ടിപ്പ് നാട്ടുകാര്‍ ചര്‍ച്ചചെയ്തിരുന്നത്.
ശബരീനാഥും ടോട്ടല്‍ തട്ടിപ്പും
ആട്-തേക്ക്-മാഞ്ചിയവും ലാ ബെല്ലായും തട്ടിപ്പുകള്‍ നടത്തി സൃഷ്ടിച്ച പാതയില്‍ പിന്നീട് ശ്രദ്ധേയമായി എത്തുന്നത് ശബരീനാഥ് എന്ന യുവാവാണ്, ടോട്ടല്‍ ഫോര്‍ യു എന്ന പുതുമോടി തട്ടിപ്പുമായി. പത്തുവെച്ചാല്‍ നൂറുകിട്ടും, നൂറുവെച്ചാല് പതിനായിരം കിട്ടും. ഇതുകേട്ട് ഒട്ടേറെപ്പേര്‍ ലക്ഷങ്ങളുമായി ഓടിയെത്തി നിക്ഷേപിച്ച് പണം നഷ്ടപ്പെട്ടതാണ് ഈ തട്ടിപ്പിന്റെ ചെറുവിവരണം. മലയാളികളുടെ പണക്കൊതി മുതലാക്കിയാണ് 20 വയസ്സുകാരന് ശബരീനാഥ് കോടികള്‍ തട്ടിയത്. സിനിമാ കഥകളെപ്പോലും വെല്ലുന്നതായിരുന്നു ശബരീനാഥിന്റെ വളര്‍ച്ചയും ആഡംബരജീവിതവും.

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ എതിര്‍വശത്തുള്ള ബഹുനില കെട്ടിടത്തിലായിരുന്നു ശബരീനാഥിന്റെ ഓഫീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്. കോടികളുടെ ആസ്തിയുള്ള ബിസിനസുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ദിവസവേതനക്കാര്‍, സാമ്പത്തിക പരാധീനതയില്‍ നട്ടംതിരിഞ്ഞിരുന്നവര് ഇവരൊക്കെയായിരുന്നു ശബരീനാഥിന്റെ കസ്റ്റമേഴ്സ്. ഒളിച്ചുവെച്ചിരുന്ന കള്ളപ്പണവും ജീവിതത്തിലാകെയുള്ള സമ്പാദ്യവുമെല്ലാം പലരും ശബരീനാഥിന്റെ പണപ്പെട്ടിക്കുള്ളില്‍ നിക്ഷേപിച്ചു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് മൂന്നുമാസത്തിനുശേഷം രണ്ടുലക്ഷം മടക്കിനല്‍കി ശബരീനാഥ് ഒട്ടേറെപ്പേരുടെ വിശ്വാസം ആദ്യം പിടിച്ചുപറ്റി. രണ്ടുവര്‍ഷംകൊണ്ട് ടോട്ടല്‍ ഫോര്‍ യു എന്ന സ്ഥാപനം 200 കോടി സമാഹരിച്ചെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
'ഭാഗ്യം' കൊണ്ടുവരും സ്വര്‍ണച്ചേന
'നിധിയായി കുഴിച്ചെടുക്കപ്പെട്ട കുഞ്ഞന്‍ സ്വര്‍ണച്ചേന. പണ്ടുകാലത്ത് പ്രമുഖ രാജാക്കന്മാര് ഉള്‍പ്പെടെയുള്ള പ്രമാണിമാര്‍ സമുന്നതിക്കും സമൃദ്ധിക്കുംവേണ്ടി രഹസ്യമായി കൈവശംവെച്ചിരുന്ന വസ്തു. ഇത് വീട്ടില്‍വെച്ചാല്‍ സമൃദ്ധി കുമിഞ്ഞുകൂടും' -ഇത്തരമൊരു പ്രചാരണം അഴിച്ചുവിട്ടത് സാധാരണക്കാര്‍ ആയിരുന്നില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഒരു സ്ത്രീയും നേതൃത്വം നല്കിയ ഒരു സംഘമായിരുന്നു. ഈ തട്ടിപ്പില്‍ 20ലക്ഷം രൂപ നഷ്ടപ്പെട്ടയാള്‍ നല്കിയ പരാതിയില്‍ കേസെടുത്തപ്പോള്‍ അറസ്റ്റിലായത് ഒരു ക്രൈംബ്രാഞ്ച് സി.ഐ. ഉള്‍പ്പെടെയുള്ളവര്‍.
പലയിടങ്ങളിലും ഇവര്‍ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ സ്വര്‍ണച്ചേനയുടെ ഒരു കഷണം എന്ന വ്യാജേന മുറിച്ചുനല്‍കും. ഇതു പരിശോധിച്ച് സ്വര്‍ണം തന്നെയാണെന്നു സ്ഥിരീകരിച്ചശേഷമാണ് നിധിയായി ലഭിച്ച സ്വര്‍ണച്ചേന ഇടപാട് ഉറപ്പിക്കുന്നത്. പരിശോധനയ്ക്കു നല്കാന് മാത്രമായി യഥാര്‍ഥ സ്വര്‍ണത്തിന്റെ ഒരു കഷണം പ്രത്യേകമായി സൂക്ഷിച്ചാണ് ഇവരുടെ തട്ടിപ്പ്.
ദോഷം തീരാന്‍ യന്ത്രം, സമ്പത്തേറാന്‍ സ്വര്‍ണപ്പാദുകം
'ചില ദോഷങ്ങള്‍ തീരുന്നതോടെ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ അയവുവരും. ആ പ്രശ്നം തീരാന്‍ ഒരു പ്രത്യേക യന്ത്രം (തകിടില്‍ പ്രത്യേക ചിഹ്നങ്ങള്‍ രേഖപ്പെടുത്തിയത്) ഉണ്ടാക്കി വീട്ടില്‍ ചുമരിനുള്ളില്‍ സ്ഥാപിച്ചാല്‍മതി' -ഇങ്ങനെ പ്രചാരണം നടത്തി യന്ത്രങ്ങള്‍ നിര്‍മിച്ച് സ്ഥാപിച്ചുനല്കുന്നതിന് ലക്ഷങ്ങള്‍ വാങ്ങുന്ന സംഘം സജീവമാണ്. ഈ കെണിയില്‍പ്പെടുന്നവരില്‍ ജാതി- മത വ്യത്യാസമില്ലെന്നതാണ് കൗതുകം. ഇരയായവരില്‍ ഏറെപ്പേരും ബിസിനസുമായി ബന്ധപ്പെട്ടവരാണെന്നതാണ് പോലീസിനു ലഭിച്ച വിവരം.
സ്വര്‍ണപ്പാദുകം വീടിന്റെ കന്നിമൂലയില്‍ തറനിരപ്പില്‍നിന്ന് നിശ്ചിത ഉയരത്തില്‍ സ്ഥാപിച്ചുനല്‍കി പണം തട്ടുന്നവരുമുണ്ട്. 18 ലക്ഷം വരെ ഇങ്ങനെ ചെലവിട്ട കരുനാഗപള്ളി സ്വദേശി അടുത്തിടെ പോലീസില്‍ സംഭവം അറിയിച്ചിട്ടുണ്ട്. വാഗ്ദാനംചെയ്തത്ര ഭാഗ്യം തനിക്കു ലഭിച്ചില്ലെന്നാണ് ഇയാളുടെ പരാതി.
ചെറുകിടക്കാരെ കുരുക്കി പോപ്പുലര്‍ തട്ടിപ്പ്
ചെറിയ മാസനിക്ഷേപത്തിന് വലിയതുക ലാഭം എന്ന ആകര്‍ഷകമായ ഓഫറുമായാണ് പോപ്പുലര്‍ ഫിനാന്‍സ് എന്ന നിക്ഷേപ സ്വീകര്‍ത്താക്കള്‍ ജനഹൃദയങ്ങളിലേക്കു കടന്നത്. രോഗികളും മകളുടെ വിവാഹത്തിനുവേണ്ടി പണം നിക്ഷേപിച്ചവരുമായിരുന്നു ഈ തട്ടിപ്പിന് ഇരയായവരില്‍ ഏറെയും.

ഇങ്ങനെ പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനം തട്ടിച്ചത് 2000 കോടിയിലേറെ രൂപ. കോന്നി കേന്ദ്രീകരിച്ചുള്ള പോപ്പുലര്‍ ചിട്ടി ഫണ്ടിന്റെ സ്ഥാപകന്‍ ഡാനിയേലിന്റെ മരണശേഷം പെട്ടെന്ന് പണം സമ്പാദിക്കാനുള്ള കുറുക്കുവഴിയാക്കി മകന് റോയിയും കുടുംബവും ഫൈനാന്‍സ് സ്ഥാപനങ്ങളെ ഉപയോഗിച്ചു. കേരളത്തിനുപുറമേ മുംബൈയിലും ബെംഗളൂരുവിലും ചെന്നൈയിലുമെല്ലാമായി 284 ബ്രാഞ്ചുകളും ഇവരുണ്ടാക്കി.
മോണ്‍സണു മുമ്പേ നടന്ന് സരിതയും സ്വപ്നയും
കോടികള്‍ വാഗ്ദാനംചെയ്തുള്ള തട്ടിപ്പ്. അതില്‍ നാട്ടിലെ പൗരപ്രമുഖന്മാരായ ഒട്ടേറെപ്പേരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സാന്നിധ്യം. കൂടെനിന്ന് ഫോട്ടോ എടുത്തവരും മൊബൈലില്‍ സംസാരിച്ചവരും ഉള്‍പ്പെടെയുള്ളവരെ സംശയത്തിന്റെ നിഴലിലാക്കുന്ന തട്ടിപ്പുരീതികളില്‍ സരിതാ എസ്. നായരും സ്വപ്നാ സുരേഷും സഞ്ചരിച്ച പാതയില്‍ത്തന്നെ മോണ്സണ് മാവുങ്കലും. കെട്ടുകാഴ്ചകള്കൊണ്ടും വാഗ്ദാനങ്ങള്‍ കൊണ്ടും അധികാരകേന്ദ്രങ്ങളെയും അതുവഴി സമൂഹത്തെയും കബളിപ്പിക്കാന്‍ കഴിയുന്ന തട്ടിപ്പുകാര്‍.
ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയനേതൃത്വത്തെയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും മതമേലധ്യക്ഷന്മാരെയുമെല്ലാം വലയിലാക്കുന്നതുവഴി സരിതയും സ്വപ്നയും മുന്നോട്ടുവെച്ച തട്ടിപ്പുരീതിതന്നെ മോണ്‍സണും നടപ്പില്‍വരുത്തിയത്.
സൈബറിടത്തില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാര്
ഗൂഗിള്‍ പേ എന്ന പണമിടപാട് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനിടെ ചിലപ്പോള്‍ അയച്ച പണം ലക്ഷ്യസ്ഥാനത്ത് എത്താന്‍ താമസമുണ്ടാകാറുണ്ട്. ചിലപ്പോള്‍ മണിക്കൂറുകള്‍ക്കുശേഷം തിരികെ അക്കൗണ്ടില്‍ വരും. എന്നാല്‍, ചിലര്‍ ഇത് പണം നഷ്ടപ്പെട്ടെന്നു ധരിച്ച് പരാതി അറിയിക്കാന്‍ ഗൂഗിളിന്റെ സഹായത്തോടെ ശ്രമം നടത്തും.
ഗൂഗിളില്‍ അന്വേഷിക്കുമ്പോള്‍ അതില്‍ കാണുന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കും. പണം നഷ്ടപ്പെട്ട ഇടപാടുവിവരങ്ങള്‍ അന്വേഷിച്ചറിയുന്നുവെന്ന ഭാവത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ അപ്പുറം കോള്‍ സെന്ററില്‍ ഇരിക്കുന്നവര്‍ നേടിയെടുക്കും. ഏതാനും നിമിഷങ്ങള്‍കൊണ്ട് അക്കൗണ്ടില്‍ അവശേഷിച്ച പണംകൂടി നഷ്ടപ്പെട്ടെന്ന് വ്യക്തമാകും. അങ്ങനെയാണ് സൈബര്‍ സാക്ഷരരെപ്പോലും കുരുക്കുന്ന കെണികളുടെ പോക്ക്.
ഗൂഗിള്‍ പേയുടെ ആപ്പില്‍ തന്നെയുള്ള പരാതി അറിയിക്കല്‍ സംവിധാനമാണ് യഥാര്‍ഥത്തില്‍ ഉപയോഗിക്കേണ്ടതെന്നും സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
തിമിംഗില വിസര്‍ജ്യം,ഒട്ടകക്കുളമ്പ്
അപൂര്‍വവും അമൂല്യവുമായ വസ്തുക്കളോടുള്ള ഭ്രമം ചൂഷണംചെയ്താണ് പുരാവസ്തുക്കളും അപൂര്‍വവസ്തുക്കളും വ്യാജമായി നിര്‍മിച്ച് ചിലര്‍ ലക്ഷങ്ങള്‍ തട്ടുന്നത്. ഇങ്ങനെ ഭ്രമിപ്പിക്കാന്‍ എത്തുന്നവയില്‍ കസ്തൂരിമാനിന്റെ വയറ്റിലെ ഗ്രന്ഥിയില്‍നിന്ന് ശേഖരിക്കുന്ന സുഗന്ധവസ്തു, മെരുവിന്റെ കാഷ്ഠം, തിമിംഗില വിസര്‍ജ്യം (ആമ്പര്‍ഗ്രിസ്), ഒട്ടകത്തിന്റെ കുളമ്പ്, വിക്കൂനിയ പട്ട് വസ്ത്രം, പുലിത്തോല്, കാട്ടിക്കൊമ്പ്, കരടിനെയ്യ്, തകര്‍ന്ന് സമുദ്രത്തില്‍ പതിച്ച ബഹിരാകാശ പേടകത്തിന്റെ കഷണം, മുഗള്‍ രാജഭരണകാലത്തെ ആഭരണം, രവിവര്‍മ-പിക്കാസോ ഉള്‍പ്പെടെയുള്ളവര്‍ വരച്ച ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ചിലതുമാത്രം. ഇതിന്റെയെല്ലാം വ്യാജനെയാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നതെന്നും ശരിക്കുള്ളത് തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് സാധിക്കില്ലെന്നതും തട്ടിപ്പിന് ആക്കംകൂട്ടും.
ഇറിഡിയം അടങ്ങിയ റൈസ് പുള്ളര്‍ വിറ്റ് കോടീശ്വരനാക്കാമെന്നു വിശ്വസിപ്പിച്ച് കോടികള്‍ തട്ടുന്നതും ഈകൂട്ടത്തില്‍ ഏറെ. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള 'ഗ്ലോബല്‍ സ്പേസ് മെറ്റല്‍സ്' എന്ന സ്ഥാപനത്തിലെ മെറ്റലര്‍ജിസ്റ്റ് ആണെന്നും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞ് വര്‍ഷങ്ങളായി രാജ്യത്തുടനീളം റൈസ് പുള്ളര്‍ തട്ടിപ്പുനടത്തിയ സംഘം കേരളത്തിലും ഒട്ടേറെപ്പേരെ കബളിപ്പിച്ചിട്ടുണ്ട്.
മോറിസ് കോയിന്
15,000 രൂപ നിക്ഷേപിച്ചാല്‍ ദിവസം 270 രൂപവീതം 300 ദിവസം ലാഭവിഹിതം ലഭിക്കും. മറ്റൊരാളെ ചേര്‍ത്താല്‍ അതിന്റെ കമ്മിഷനും ലഭിക്കും. ഇതായിരുന്നു മോറിസ് കോയിന്റെ പേരില്‍ വ്യാപകമായി നടന്ന സാമ്പത്തികത്തട്ടിപ്പ്.
കേസില്‍ ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി.യ്ക്കെതിരേയായിരുന്നു പോലീസ് അന്വേഷണം. മോറിസ് കോയിന് നിക്ഷേപപദ്ധതി വഴി കൂടുതല്‍ പണം സ്വരൂപിച്ച നിക്ഷേപകരെയും അന്വേഷണപരിധിയില്‍ കൊണ്ടുവന്നു. മണി ചെയിന്‍ ഇടപാടിലൂടെ കോടികളുടെ അനധികൃതനിക്ഷേപം സ്വീകരിച്ച സംഭവത്തില്‍ പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്കീംസ് (ബാനിങ്) ആക്ടുപ്രകാരമാണ് പോലീസ് കേസെടുത്തത്. അഞ്ചു ബാങ്ക് അക്കൗണ്ടുകളിലേക്കായി ഏതാനും മാസങ്ങള്‍കൊണ്ട് 1200 കോടിയുടെ നിക്ഷേപം എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
40 ശതമാനംവരെ പലിശ റെഡി
റിസര്‍വ് ബാങ്ക് മുന്നോട്ടുവെക്കുന്ന ബാങ്കിങ് പലിശകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് കുറഞ്ഞകാലത്തെ നിക്ഷേപംകൊണ്ട് പണം ഇരട്ടിക്കുന്ന തട്ടിപ്പുകമ്പനികളും കൂണുകണക്കെ നാട്ടിലിപ്പോഴുമുണ്ട്. ഒരുകാലത്ത് ഓപ്പറേഷന് കുബേരയെന്ന പോലീസ് സംയുക്ത പരിശോധനയുടെ പേരില്‍ പിടിയിലായവര്പ്പോലും വീണ്ടും സ്വര്‍ണാഭരണ വിഭൂഷിതരായി, തേച്ചുമിനുക്കിയ കുപ്പായമണിഞ്ഞ് ബ്ളേഡുമായി രംഗത്തുണ്ട്.
40 ശതമാനംവരെ പലിശ വാഗ്ദാനംചെയ്ത് പണം പിരിച്ചെടുക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം പല രാഷ്ട്രീയകക്ഷികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ചില സിനിമാ നടന്മാരുടെയുമെല്ലാം പരിചയങ്ങള്‍ ദുരുപയോഗം ചെയ്യുന്നു.
Content Highlights: famous money fraud cases in kerala how malayali trapped in fraud