കോഴിക്കോട്: വാഹനവില്‍പ്പന വെബ്‌സൈറ്റുകള്‍ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ്. യൂസ്ഡ് കാറുകളും ബൈക്കുകളും വാങ്ങാനും വില്‍ക്കാനും താത്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പുകള്‍ അരങ്ങേറുന്നത്. കുറഞ്ഞ വിലയില്‍ വാഹനം വില്‍ക്കാനുണ്ടെന്ന് കാണിച്ച് പരസ്യം നല്‍കുകയും ഇത് കണ്ട് ബന്ധപ്പെടുന്നവരില്‍നിന്ന് ചെറിയ പണം ആവശ്യപ്പെടുകയുമാണ് തട്ടിപ്പിന്റെ രീതി.
ഇതിനൊപ്പം വാഹനം വില്‍ക്കാനുള്ളവരില്‍നിന്ന് അത് വാങ്ങാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് എടിഎം കാര്‍ഡിന്റെ നമ്പര്‍ വരെ ചോദിച്ചറിയാനും ശ്രമം നടക്കുന്നു. യൂസ്ഡ് കാര്‍, ബൈക്ക് വിപണിയിലെ വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇവര്‍ വാഹനം വില്‍ക്കാനുള്ളതായി പരസ്യം ചെയ്യുന്നത്. ഇത് കണ്ട് ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയും. കേരളത്തില്‍ പട്ടാളക്കാരനാണെന്നും ഇവിടെനിന്ന് സ്ഥലം മാറിപോവുന്നതിനാലാണ് വാഹനം വേഗം വില്‍ക്കുന്നതെന്നുമാണ് വിശദീകരണം. ഒപ്പം വാഹനത്തിന്റെ നിരവധി ചിത്രങ്ങളും ആര്‍സി ബുക്കിന്റെ പകര്‍പ്പും മിലിട്ടറി ഐഡിയും വാട്‌സാപ്പില്‍ അയച്ചുതരും.
എന്നാല്‍ മിലിട്ടറി ക്യാമ്പിലായതിനാല്‍ വാഹനം നേരിട്ട് കാണാനാകില്ലെന്നും വിലാസം നല്‍കി അയ്യായിരം രൂപ അക്കൗണ്ടിലേക്ക് അയച്ചാല്‍ വാഹനം അവിടെ വീട്ടില്‍ എത്തിച്ചുതരാമെന്നുമാണ് വാഗ്ദാനം. വാഹനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചയക്കാമെന്നും നേരത്തെ അയച്ച പണം മടക്കിനല്‍കാമെന്നും പറയും. ഹിന്ദിയും ഇംഗ്ലീഷും മാത്രമാണ് ഇവര്‍ക്ക് അറിയുന്ന ഭാഷ. കേരളത്തിലെ ചില മിലിട്ടറി ക്യാമ്പുകളിലാണ് താമസമെന്നും ഇവര്‍ പറയുന്നു.
നേരത്തെ വാഹന വില്‍പ്പന വെബ്‌സൈറ്റുകളില്‍ പരസ്യം ചെയ്തിരിക്കുന്ന മലയാളികളെ ബന്ധപ്പെട്ടാണ് തട്ടിപ്പുകാര്‍ ഈ ചിത്രങ്ങളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും സ്വന്തമാക്കുന്നത്. അവിടെയും സമാനരീതിയില്‍ തന്നെയാണ് കബളിപ്പിക്കുന്നത്. കേരളത്തില്‍ ജോലിചെയ്യുന്ന പട്ടാളക്കാരനാണെന്നും ഇവിടെ ഉപയോഗിക്കാനാണ് വാഹനം വാങ്ങുന്നതെന്നുമായിരിക്കും ഇവരുടെ വിശദീകരണം. ശേഷം വാഹനത്തിന്റെ കൂടുതല്‍ ചിത്രങ്ങളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷൂറന്‍സ് എന്നിവയുടെ ചിത്രങ്ങളും വാട്‌സാപ്പില്‍ അയച്ചുനല്‍കാന്‍ ആവശ്യപ്പെടും.
ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണ് ഇതേസംഘം മറുവശത്ത് ഇതേ വാഹനം കുറഞ്ഞവിലയില്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് തട്ടിപ്പ് നടത്തുന്നത്. സത്യത്തില്‍ വാഹനത്തിന്റെ യഥാര്‍ഥ ഉടമ പോലും അറിയാതെയാണ് ഇവരുടെ വാഹനങ്ങള്‍ തട്ടിപ്പ് സംഘം വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. ഇതിനിടെ വാഹനം വാങ്ങാന്‍ താത്പര്യമുണ്ടെന്നും അഡ്വാന്‍സായി പണം നല്‍കാമെന്നും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്. ബാങ്കിലേക്ക് പണം അയക്കണമെങ്കില്‍ എടിഎം നമ്പറും ഒടിപിയും അടക്കമാണ് ഇവര്‍ ചോദിക്കുന്നത്.
പട്ടാളക്കാരനാണെന്ന് തെളിയിക്കാന്‍ ചില മിലിട്ടറി ഐഡികളും വ്യാജമെന്ന് തോന്നുന്ന മറ്റു ചില തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് തട്ടിപ്പ് സംഘം അയച്ചുനല്‍കുന്നത്. സംഭവം തട്ടിപ്പാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുമെങ്കിലും ചിലരെങ്കിലും ഇവരുടെ വലയില്‍ വീഴാന്‍ സാധ്യതയേറെയാണ്.
Content Highlights: fake used vehicles advertisements in websites, new way of cyber fraud