ഒരുതുള്ളി ചോരയിലെ 'വിപ്ലവം', ഹോംസിന്റെ തട്ടിപ്പ്; കോടികളുടെ സമ്പാദ്യം വട്ടപ്പൂജ്യമായപ്പോള്‍


Photo: AFP

19-ാം വയസില്‍ സ്വന്തമായി കമ്പനി സ്ഥാപിച്ച്, കോടികളുടെ നിക്ഷേപം സ്വീകരിച്ച് ആരെയും അമ്പരപ്പിക്കുന്ന വളര്‍ച്ച. അടുത്ത സ്റ്റീവ് ജോബ്സ് എന്ന് ടെക് ലോകം തന്നെ വാഴ്ത്തിയ എലിസബത്ത് ഹോംസ്(37) എന്ന വ്യവസായവനിത ഒടുവില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു.

ഒരുതുള്ളി ചോരയില്‍നിന്ന് കാന്‍സറും പ്രമേഹവും അടക്കമുള്ള 240 രോഗങ്ങള്‍ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ടാണ് എലിസബത്തിന്റെ തെരാനോസ് എന്ന കമ്പനി വമ്പന്‍ തട്ടിപ്പ് നടത്തിയത്. തുടക്കകാലത്ത് ആര്‍ക്കും ഈ വാഗ്ദാനത്തിലും അവകാശവാദത്തിലും സംശയമുണ്ടായില്ല. ഇതോടെ തെരാനോസിലേക്ക് മില്യണ്‍ ഡോളറുകള്‍ നിക്ഷേപമായെത്തി. പ്രമുഖ വ്യവസായികളും രാഷ്ട്രീയ നേതാക്കളും തെരാനോസില്‍ പണംമുടക്കി. ആരെയും കൊതിപ്പിക്കുന്ന രീതിയില്‍ എലിസബത്തും തെരാനോസും വളര്‍ന്നു. അടുത്ത സ്റ്റീവ് ജോബ്സ് എന്നാണ് ടെക് ലോകം എലിസബത്തിനെ വാഴ്ത്തിയത്.

എന്നാല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ഒരു അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നതോടെ എലിസബത്തിന്റെയും തെരാനോസിന്റെ മുഖംമുടി അഴിഞ്ഞുവീഴുകയായിരുന്നു. തെരാനോസിന്റെ രക്തപരിശോധന സംവിധാനത്തിന്റെ പോരായ്മകളും പൊള്ളത്തരങ്ങളും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുറന്നുകാട്ടി. പിന്നാലെ ഹോംസും അവരുടെ ബിസിനസ് പാര്‍ട്ണറും മുന്‍കാമുകനുമായിരുന്ന രമേഷ് സണ്ണി ബല്‍വാനിയും സംശയനിഴലിലായി. 2018-ല്‍ യു.എസ്. സര്‍ക്കാര്‍ ഇരുവര്‍ക്കുമെതിരേ കേസെടുക്കുകയും ചെയ്തു. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹോംസിനെതിരേയുള്ള നാല് കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ആകെ 11 കുറ്റങ്ങളാണ് ഹോംസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇതില്‍ നാലെണ്ണത്തിലാണ് ഹോംസ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.

തെരാനോസ്, തുടക്കം...

തന്റെ 19-ാം വയസിലാണ് എലിസബത്ത് ഹോംസ് തെരാനോസ് എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപിക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ കെമിക്കല്‍ എന്‍ജിനിയീറിങ് വിദ്യാര്‍ഥിയായിരിക്കെ, പഠനം പൂര്‍ത്തിയാക്കാതെയാണ് 2003-ല്‍ ഹോംസ് സ്വന്തം സംരംഭം ആരംഭിച്ചത്. തെറാപ്പി, ഡയഗ്‌നോസിസ് എന്നീ വാക്കുകളില്‍നിന്നാണ് ആരോഗ്യരംഗത്തെ തന്റെ സ്റ്റാര്‍ട്ടപ്പിന് ഹോംസ് 'തെരാനോസ്' എന്ന പേര് നല്‍കിയത്.

elizabeth holmes theranos
Photo: AP

ചീഫ് ഓപ്പറേറ്റിങ് ഓഫീസറായാണ് രമേശ് സണ്ണി ബല്‍വാനി തെരാനോസിലേക്ക് എത്തുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല മുഖനേ സംഘടിപ്പിച്ച ഒരു ബീജിങ് യാത്രയ്ക്കിടെയാണ് ഹോംസും രമേശും ആദ്യം പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

വിരല്‍ത്തുമ്പില്‍നിന്നുള്ള ഒരുതുള്ളി ചോരയില്‍നിന്ന് നിരവധി രോഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന അവകാശവാദമാണ് തെരാനോസ് എന്ന കമ്പനിയെ ശ്രദ്ധേയമാക്കിയത്. രക്തപരിശോധനയില്‍ വിപ്ലവകരമായ മാറ്റമാണെന്ന് അവകാശപ്പെട്ടായിരുന്നു തെരാനോസ് 'എഡിസണ്‍' എന്ന രക്തപരിശോധന യന്ത്രം പുറത്തിറക്കിയത്. ഈ കണ്ടുപിടിത്തത്തിന് വന്‍സാധ്യതകളുണ്ടെന്ന് അവകാശപ്പെട്ടതോടെ തെരാനോസില്‍ പണംമുടക്കാന്‍ കോടീശ്വരന്മാര്‍ ഒഴുകിയെത്തി. മാധ്യമരംഗത്തെ പ്രമുഖനായ റൂപ്പര്‍ട്ട് മര്‍ഡോകും അമേരിക്കയിലെ ധനിക കുടുംബമായ വാള്‍ട്ടണ്‍ കുടുംബവും തെരാനോസില്‍ പണം നിക്ഷേപിച്ചു. ഇതോടെ ഹോംസിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിച്ചു.

2014 സെപ്റ്റംബറില്‍ അമേരിക്കയിലെ ഏറ്റവും ധനികരായ വനിതകളിലൊരാളായി ഹോംസിനെ ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തു. ഈ സമയം ഏകദേശം 4.5 ബില്യണ്‍ ഡോളറായിരുന്നു ഹോംസിന്റെ വ്യക്തിഗത സമ്പാദ്യം. അതേവര്‍ഷം അവസാനത്തോടെ ഏകദേശം 400 മില്യണ്‍ ഡോളര്‍ കൂടി തെരാനോസിന് നിക്ഷേപമായി ലഭിച്ചു. ഒറാക്കിളിന്റെ ലാറി എലിസണ്‍ വരെ നിക്ഷേപകരുടെ പട്ടികയിലുണ്ടായിരുന്നു.

വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ അന്വേഷണം, തകിടംമറിയുന്നു...

2015-ലാണ് തെരാനോസ് പടുത്തുയര്‍ത്തിയ അവകാശവാദങ്ങള്‍ ചോദ്യംചെയ്ത് കൊണ്ട് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നത്. വളരെ കുറച്ച് പരിശോധനകള്‍ മാത്രമാണ് വിരല്‍ത്തുമ്പിലെ രക്തം ഉപയോഗിച്ച് നടത്തുന്നതെന്നും ഭൂരിഭാഗം പരിശോധനയും കൈയില്‍നിന്ന് രക്തമെടുത്ത് പരമ്പരാഗതരീതിയിലാണെന്നുമായിരുന്നു വാള്‍സ്ട്രീറ്റിന്റെ കണ്ടെത്തല്‍. രക്തപരിശോധനയ്ക്കായി കമ്പനി ഉപയോഗിക്കുന്നത് മറ്റുള്ള കമ്പനികള്‍ നിര്‍മിച്ച മെഷീനുകളാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍ വാള്‍സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട് തെരാനോസ് പൂര്‍ണമായും തള്ളിക്കളഞ്ഞു. റിപ്പോര്‍ട്ടില്‍ വസ്തുതാപരമായും ശാസ്ത്രീയപരമായും തെറ്റുകളുണ്ടെന്നായിരുന്നു തെരാനോസിന്റെ വാദം. 'ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം, അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു' എന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരാഴ്ചയ്ക്ക് ശേഷം ഹോംസ് പറഞ്ഞ വാക്കുകള്‍. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ തെരാനോസ് എന്ന കമ്പനി ആടിയുലഞ്ഞു.

elizabeth holmes theranos
Photo: AP

തെരാനോസില്‍ 350 മില്യണ്‍ ഡോളര്‍ മുടക്കിയ സേഫ് വേയ് തെരാനോസുമായുള്ള പങ്കാളിത്തത്തില്‍നിന്ന് പിന്മാറി. സേഫ് വേയുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ രക്തപരിശോധന നടത്തുന്ന ക്ലിനിക്കുകള്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി നടപ്പാക്കും മുമ്പേ സേഫ് വേ ഇതില്‍നിന്നും പിന്മാറുകയായിരുന്നു. ഇതിനിടെ സെന്റേര്‍സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡികെയിഡ് സര്‍വീസസ്(സി.എം.എസ്) തെരാനോസിന് ഒരു കത്തയച്ചു. തെരാനോസിന്റെ കാലിഫോര്‍ണിയയിലെ ലാബ് മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്. ഇത് രോഗികളെ അപകടത്തിലേക്ക് തള്ളിവിടുന്നതാണെന്നും കത്തിലുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പത്ത് ദിവസത്തെ സമയവും നല്‍കി. തെരാനോസുമായി കരാറിലേര്‍പ്പെട്ടിരുന്ന വാള്‍ഗ്രീന്‍സ് ഇനിമുതല്‍ തങ്ങള്‍ തെരാനോസില്‍ ലാബ് ടെസ്റ്റുകള്‍ നടത്തുന്നില്ലെന്നും പ്രഖ്യാപിച്ചു.

ഇതിനുപിന്നാലെ ഹോംസിനെയും ബല്‍വാനിയെയും ലാബോറട്ടറി ബിസിനസില്‍നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കുമെന്ന് സി.എം.എസ്. സൂചന നല്‍കി. കാലിഫോര്‍ണിയ ലാബിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാലാണ് സി.എം.എസ്. വിലക്ക് ഭീഷണിയുമായി രംഗത്തെത്തിയത്. ഒടുവില്‍ ഹോംസിനെ ലാബ് നടത്തിപ്പില്‍നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ഇതിനിടെ, ഹോംസിന്റെ ആസ്തി 4.5 ബില്യണ്‍ ഡോളറില്‍നിന്ന് പൂജ്യം ഡോളറിലേക്ക് കൂപ്പുകുത്തി. കമ്പനിയുടെ ആസ്തിയും തകര്‍ന്നടിഞ്ഞു. ഏറ്റവും വലിയ റീട്ടെയില്‍ പാര്‍ട്ണറായിരുന്ന വാള്‍ഗ്രീന്‍സ് തെരാനോസുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതോടെ അത് കമ്പനിയുടെ ശവപ്പെട്ടിയില്‍ അടിച്ച അവസാനത്ത ആണിയുമായി.

2018-ല്‍ തെരാനോസ് എന്ന കമ്പനി അടച്ചുപൂട്ടി. അതേവര്‍ഷം മാര്‍ച്ചില്‍ തന്നെ ഹോംസിനെതിരേ 700 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരെ കബളിപ്പിച്ച് 700 മില്യണ്‍ ഡോളര്‍ ഹോംസ് കൈക്കലാക്കിയെന്നായിരുന്നു കുറ്റം. മൂന്നുമാസത്തിന് ശേഷം ഹോംസും ബല്‍വാനിയും അറസ്റ്റിലായി. പ്രതികള്‍ രോഗികളെ ബോധപൂര്‍വം കബളിപ്പിച്ചതാണെന്നും കമ്പനിയുടെ പ്രകടനം പെരുപ്പിച്ച് കാട്ടിയാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചതെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. ഒടുവില്‍ 2019-ല്‍ ഹോംസ് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. പിന്നാലെ വില്യം ബില്ലി ഇവാന്‍സ് എന്നയാളെ വിവാഹം കഴിച്ചു. പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഇവാന്‍സ് ഹോട്ടല്‍ ഗ്രൂപ്പിന്റെ പിന്തുടര്‍ച്ചാവകാശിയാണ് വില്യം ബില്ലി. ദമ്പതിമാര്‍ക്ക് കഴിഞ്ഞ ജൂലായില്‍ ഒരു ആണ്‍കുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു.

ഹോംസ് ഗര്‍ഭിണിയായതും കോവിഡ് വ്യാപനവുമെല്ലാം കേസിന്റെ വിചാരണ വൈകിപ്പിച്ചിരുന്നു. ഒടുവില്‍ കഴിഞ്ഞദിവസമാണ് ഹോംസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. കേസിന്റെ വിചാരണ അടുത്തയാഴ്ചയും തുടരും. ഇതിനുശേഷമായിരിക്കും മറ്റൊരു പ്രതിയായ രമേശ് ബല്‍വാനിയുടെ വിചാരണ ആരംഭിക്കുക.

Content Highlights: elizabeth holmes theranos fraud case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram