ലഹരിമരുന്നും പെണ്‍വാണിഭവും 'പാക്കേജ്', മറയായി ലിവിങ് ടുഗെദര്‍; നിസ്സഹായരായി പോലീസ്


കെ.പി. നിജീഷ്‌കുമാര്‍

പ്രതീകാത്മക ചിത്രം | Getty Images

കോഴിക്കോട്: ഈ മാസം മൂന്നാം തീയതിയാണ് മിഠായിത്തെരുവിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് അന്യസംസ്ഥാനക്കാരിയായ യുവതി പീഡനം സഹിക്കാനാവാതെ ഇറങ്ങിയോടിയത്. വീട്ടുജോലിക്കെന്ന് പറഞ്ഞ് കേരളത്തിലെത്തിച്ച യുവതിയെ ലോഡ്ജ് നടത്തിപ്പുകാരനടക്കം പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കൈമാറുകയും ചെയ്തുവെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. ഇങ്ങനെ ഒരുമാസത്തോളമാണ് യുവതിയെ നിരവധിയാളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. നാട്ടിലെ രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ കേരളത്തിലെത്തിക്കുകയായിരുന്നു. ലോഡ്ജില്‍ മുറിയെടുക്കുന്നതിനായി ലിവിങ് ടുഗെദര്‍ ആണെന്ന് പറയണമെന്നും യുവതിക്ക് നിര്‍ദേശം നല്‍കി.

സമാനമായ രീതിയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ലിവിങ് ടുഗെദര്‍ ബന്ധത്തിന്റെ മറവില്‍ പെണ്‍വാണിഭവും ലഹരിക്കടത്തും നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും വിവാഹം കഴിക്കാതെ ജീവിക്കാമെന്ന കോടതി വിധിയുള്ളതിനാല്‍ പീഡനം നടക്കുകയോ അല്ലെങ്കില്‍ സ്ത്രീകളുടെ പരാതിയോ ഇല്ലെങ്കില്‍ നടപടിയെടുക്കാന്‍ പോലീസിനോ ബന്ധപ്പെട്ടവര്‍ക്കോ കഴിയുന്നുമില്ല.

കോവിഡ് കാലത്തിന് ശേഷമാണ് സത്രീകളെ വലിയ തോതില്‍ കഞ്ചാവ് കടത്തിനും മയക്കുമരുന്ന് കടത്തിനുമായി ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ കണ്ടുതുടങ്ങുന്നതെന്ന് അധികൃതര്‍ പറയുന്നു. ഭാര്യാഭര്‍ത്താക്കന്മാരെന്ന വ്യാജേന മുറിയെടുക്കുകയും അത് വഴി കഞ്ചാവ് വില്‍പ്പനയും ലഹരിമരുന്ന് കടത്തും സജീവമാകുകയാണ്. പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ പിന്നെ ഹോട്ടലുകളില്‍ റെയ്ഡിനും മറ്റും പോലീസ് എത്തില്ലെന്നതാണ് സ്ത്രീകളെ കൂടുതല്‍ ഇറക്കാന്‍ കാരണം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം 3484 കിലോഗ്രാം കഞ്ചാവാണ് കേരളത്തില്‍ നിന്ന് എക്സൈസ് പിടികൂടിയത്. മറ്റുള്ള ലഹരിമരുന്നുകള്‍ക്ക് പുറമെയാണിത്. ഇതില്‍ ഭൂരിഭാഗം കേസുകളിലും സ്ത്രീകളും ഉള്‍പ്പെടുന്നു. സ്ത്രീകളുമായി യാത്ര ചെയ്യുമ്പോള്‍ അത്ര പെട്ടെന്ന് പോലീസ് പിടികൂടാനുള്ള സാധ്യതയില്ലാത്തതും ഇവരെ കൂടുതല്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നുവെന്ന് പോലീസും പറയുന്നു.

ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് നഗരം കേന്ദ്രീകരിച്ച് വന്‍തോതില്‍ പെണ്‍വാണിഭവും ലഹരിക്കടത്തും നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോഴിക്കോടുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ സ്ഥിരതാമസക്കാരായ അന്യസംസ്ഥാന യുവതികളെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.

മിഠായിത്തെരുവിലെ ലോഡ്ജില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളുടെ മൊഴിപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡിലും വന്‍ തോതില്‍ ലഹരിമരുന്നുകളാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയടക്കം രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ഇവരില്‍ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ, 25 ഗ്രാം കഞ്ചാവ്, സിറിഞ്ചുകള്‍ എന്നിവയെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ലോഡ്ജുകളും വീടുകളും കേന്ദ്രീകരിച്ചും അതിനൊപ്പം ലോഡ്ജില്‍ താമസിച്ച് സൗകര്യമായ സ്ഥലത്ത് സ്ത്രീകളെ കൊണ്ടുപോയും പെണ്‍വാണിഭ സംഘങ്ങളും സജീവമാകുന്നുണ്ട്. മറുനാടന്‍ തൊഴിലാളികളുടെ എണ്ണം കേരളത്തില്‍ വലിയ തോതില്‍ വര്‍ധിച്ചത് പെണ്‍കുട്ടികളെ ഇവിടെയെത്തിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ക്ക് എളുപ്പമാകുന്നുമുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് പലരേയും കടത്തിനെത്തിക്കുന്നത്. പ്രതിഫലം കൂടുതല്‍ കിട്ടാന്‍ പെണ്‍വാണിഭ സംഘത്തിനൊപ്പവും കൂടും.

ഒരുമാസം മുന്നെയാണ് കോഴിക്കോട് കുന്ദമംഗലത്ത് വെച്ച് 40 കിലോ കഞ്ചാവുമായി ഒരു സ്ത്രീയും പുരുഷനും പോലീസിന്റെ പിടിയിലാവുന്നത്. ലിവിങ് ടുഗെദര്‍ എന്ന് പറഞ്ഞ് ചേവരമ്പലത്ത് വീട് വാടകയ്‌ക്കെടുക്കുകയും കഞ്ചാവ് വില്‍പ്പനയും വേശ്യാവൃത്തിയും നടത്തുകയായിരുന്നു. പലപ്പോഴും ഒരു പാക്കേജ് എന്ന രീതിയിലാണ് ലഹരിമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. ലഹരിമരുന്ന് ഇടപാടുകാര്‍ തന്നെയായിരിക്കും പെണ്‍കുട്ടികള്‍ക്കായുള്ള ആവശ്യക്കാരും. വലിയ തിരക്കില്ലാത്ത ഇടങ്ങള്‍ നോക്കി മുറികള്‍ ബുക്ക് ചെയ്യുകയും അവിടം കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തുകയുമാണ് പ്രധാനം. ഓണ്‍ലൈന്‍ ആപ്പ് വഴിയും മറ്റും മുറികള്‍ ബുക്ക് ചെയ്യുന്നത് കൊണ്ട് ലോഡ്ജ് നടത്തിപ്പുകാര്‍ക്ക് പോലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നില്ല. മിക്ക ലോഡ്ജുകളും ഇടപാടുകാര്‍ക്ക് സഹായം ചെയ്യുകയും ചെയ്യും. ഇതില്‍ കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെങ്കിലും ലഹരി ഇടപാടിനെതിരേ നടപടിയെടുക്കാമെന്നുള്ളത് കൊണ്ട് ഇത് സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ പോലീസ് ഊര്‍ജിതമാക്കുന്നത്.

ഒന്നും ചെയ്യാനാവുന്നില്ല-എ.സി.പി

ലിവിങ് ടുഗെദറിന്റെ പേരില്‍ കോഴിക്കോട് നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്ന് കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ് പറഞ്ഞു. പക്ഷേ, പിടിക്കപ്പെടുമ്പോള്‍ ലിവിങ് ടുഗെദര്‍ ആണ് എന്ന് പറയുമ്പോള്‍ പോലീസിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. ഇതിനായി നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്.

Content Highlights: living together, drugs sales and immoral traffic activities in kozhikode city

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram