അഖിൽ, പ്രസീദ
മൂവാറ്റുപുഴ: 17 വയസ്സുകാരിയെ ദമ്പതിമാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന് പിന്നില്‍ ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട 17 വയസ്സുകാരിയെയാണ് തൊടുപുഴ പുറപ്പുഴ വരികിപ്പാറ കോളനി പാറയില്‍ വീട്ടില്‍ അഖില്‍ (23), ഭാര്യ കൊല്ലംകോട് കാക്കയൂര്‍ ആനത്തോട് വീട്ടില്‍ പ്രസീദ (36) എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ഫെയ്‌സ്ബുക്ക് പ്രണയമാണ് തട്ടിക്കൊണ്ടുപോകലിലും പീഡനത്തിലും കലാശിച്ചത്. ജൂണ്‍ 18 നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയത്.
പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞവര്‍ഷം ജൂണിലാണ് അഖിലിന്റെ കെണിയില്‍പ്പെടുന്നത്. സ്വന്തമായി മൊബൈല്‍ ഇല്ലാത്ത പെണ്‍കുട്ടി സുഹൃത്തിന്റെ ഫോണിലൂടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇതിനിടെ ഫെയ്‌സ്ബുക്കില്‍ ഒട്ടേറെ അക്കൗണ്ടുകളുള്ള അഖില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. അഖില്‍ പെണ്‍കുട്ടിയെ കാണാനായി മൂവാറ്റുപുഴയിലെത്തി. ഒരിക്കല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ പിടിക്കപ്പെട്ടു. വീട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ അഖിലിനെ സംരക്ഷിക്കുന്നവിധത്തിലായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. വൈദ്യപരിശോധന നടത്താനും കുട്ടി വിസമ്മതിച്ചു. തുടര്‍ന്ന് 17 കാരിയെ പോലീസ് ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കേസെടുത്തെങ്കിലും പെണ്‍കുട്ടി വൈദ്യപരിശോധനയ്ക്ക് വിസമ്മതിച്ചത് പോലീസിനെ കുഴക്കി. അഖില്‍ അല്ല, മറ്റൊരാളാണ് ഉപദ്രവിച്ചതെന്ന് വരെ പറഞ്ഞു. ഇതോടെ ആശയക്കുഴപ്പത്തിലായ പോലീസ് പെണ്‍കുട്ടിക്ക് കൗണ്‍സിലിങ്ങും മറ്റും നല്‍കിയെങ്കിലും കാമുകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
പെണ്‍കുട്ടി സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിനിടെയാണ് അഖില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പ്രസീദയുമായി അടുപ്പത്തിലാകുന്നത്. പ്രണയം വളര്‍ന്നതോടെ കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി അഖിലിനൊപ്പം പോയി. ഈ സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും അഖിലിനൊപ്പം പോകണമെന്നായിരുന്നു യുവതി കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് അഖിലും പ്രസീദയും മതാചാരപ്രകാരം വിവാഹിതരായി ഒരുമിച്ച് താമസവും തുടങ്ങി.
സംരക്ഷണ കേന്ദ്രത്തിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി അടുത്തിടെ പ്ലസ്ടു പരീക്ഷ എഴുതാന്‍ വീട്ടിലെത്തിയിരുന്നു. ഇതിനിടെ അഖിലിന്റെ സുഹൃത്ത് വഴിയാണ് കാമുകന്‍ മറ്റൊരാളെ വിവാഹം കഴിച്ചവിവരമറിയുന്നത്. എന്നാലും 18 വയസ്സ് തികഞ്ഞാല്‍ കാമുകനൊപ്പം ജീവിക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. ഇതിനിടെയാണ് അഖിലും ഭാര്യ പ്രസീദയും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടുപോയത്. ഭര്‍ത്താവിന്റെ കാമുകിയെ കൂടെ താമസിപ്പിക്കാമെന്ന് പ്രസീദ സമ്മതിച്ചതോടെ അഖിലിന് കാര്യങ്ങള്‍ എളുപ്പമായി. ഒടുവില്‍ കാമുകിയായ 17 കാരിയെ കടത്തിക്കൊണ്ടുവരാന്‍ ഭാര്യയെയും ഒപ്പംകൂട്ടി. ബൈക്കിലെത്തിയാണ് ഇരുവരും പെണ്‍കുട്ടിയെ മൂവാറ്റുപുഴയില്‍നിന്ന് കടത്തിക്കൊണ്ടുപോയത്.
വയനാട്ടിലായിരുന്നു അഖിലും പ്രസീദയും പെണ്‍കുട്ടിയെ താമസിപ്പിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ അമ്മയെ കാണണമെന്ന് പറഞ്ഞ് പെണ്‍കുട്ടി വയനാട്ടില്‍നിന്ന് വീട്ടിലേക്ക് യാത്രതിരിച്ചു. വഴിയില്‍ ഒരാളുടെ ഫോണില്‍നിന്ന് വീട്ടിലേക്ക് വരികയാണെന്ന് അമ്മയെ വിളിച്ചറിയിച്ചു. ഇക്കാര്യമറിഞ്ഞ പോലീസ് സംഘം പെരുമ്പാവൂരില്‍വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ അഖിലും പ്രസീദയും കഴിഞ്ഞദിവസം മൂവാറ്റുപുഴയിലെ പഴയ വീട്ടിലെത്തിയിരുന്നു. ആരുമറിയാതെ വീട്ടുസാധനങ്ങള്‍ കൊണ്ടുപോകാനെത്തിയ ഇരുവരെയും അവിടെനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തൊടുപുഴ സ്വദേശിയായ അഖിലിന് പല പേരുകളിലായി ഒട്ടേറെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുണ്ടെന്നാണ് വിവരം. പെണ്‍കുട്ടികളുമായും ഭര്‍തൃമതികളുമായി ചാറ്റ് ചെയ്യുക എന്നതായിരുന്നു പ്രധാന വിനോദം. പല പെണ്‍കുട്ടികളെയും ഇത്തരത്തില്‍ പ്രണയം നടിച്ച് കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ജോലിക്കൊന്നും പോകാത്ത യുവാവ് സദാസമയവും മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കിലാണെന്ന് പ്രതിയുടെ വീട്ടുകാരും പോലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്.
Content Highlights: couple arrested in muvattupuzha for kidnapping and raping minor girl