
പ്രതീകാത്മക ചിത്രം
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, ഇ-കൊമേഴ്സ് തുടങ്ങിയവയുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടികളുടെ ബിസിനസ് തട്ടിപ്പ്. ഒരുകാലത്ത് മലയാളികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് കളംവിട്ട മണി ചെയിന്‍ തട്ടിപ്പാണ് പുതിയ രൂപത്തിലും ഭാവത്തിലും വ്യാപകമായി വലവിരിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ ഓരോരുത്തരില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് ആളുകളെ കണ്ണി ചേര്‍ക്കുന്നത്.
ഓണ്‍ലൈന്‍ വ്യാപരത്തിലൂടെയാണ് ലാഭമുണ്ടാകുക എന്ന പ്രചരിപ്പിച്ച ശേഷം പണം നിക്ഷേപിച്ചവരെ കൊണ്ട് കൂടുതല്‍ പേരെ കണ്ണികളാക്കാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ആളുകളെ ചേര്‍ത്ത് കോടികള്‍ സമാഹരിച്ച് അതില്‍ ചെറിയൊരു പങ്ക് കണ്ണി ചേര്‍ത്ത് നല്‍കിയവര്‍ക്ക് നല്‍കിയാണ് വലിയ തട്ടിപ്പിനായി തുടക്കത്തില്‍ വിശ്വാസം വരുത്തുന്നത്.
മലപ്പുറം കോട്ടക്കല്‍ കേന്ദ്രീകരിച്ചുള്ള ക്യൂനെറ്റ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ ബിസിനസിലൂടെ കോടികളുടെ തട്ടിപ്പ് നടന്നതായാണ് പുറത്തുവരുന്നത്. വിവിധ ജില്ലകളില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, ഇ-കൊമേഴ്സ് എന്നിങ്ങനെയുള്ള ബിസിനസുകളാണെന്ന് പറഞ്ഞ് ഇതിനോടകം പതിനായിരക്കണക്കിന് കോടികളാണ് പല കമ്പനികളുടേയും പേരില്‍ സമാഹരിച്ചിട്ടുള്ളത്. ക്യൂനെറ്റ്, മോറിസ് കോയിന്, ബിറ്റ് കോയിന് എന്നിവയെല്ലാം മണി ചെയിന്‍ തട്ടിപ്പിന്റെ വകഭേദങ്ങളാണ്. ഗള്‍ഫ് നാടുകളിലടക്കം ഇതിന്റെ കണ്ണികള്‍ സജീവമായതിനാല്‍ നിരവധി പ്രവാസികളും ഇതിനിരയായിട്ടുണ്ട്.
'കാര്യമായി ജോലിയൊന്നുമില്ലാത്തൊരാള് ഒരു സുപ്രഭാതത്തില്‍ വലിയ ബിസിനസുകരാനായി മാറുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിന്റേയും ആഡംബര കാറുകള്‍ക്കൊപ്പം നില്‍ക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും നിരന്തരം വാട്സാപ്പ് സ്റ്റാറ്റസുകളായി വരുന്നു. വസ്ത്രധാരണത്തിലെല്ലാം മാറ്റം വരുന്നു' മലയാളിയെ ആകര്‍ഷിക്കാനും കൊതിപ്പിക്കാനും ഇതെല്ലാം ധാരാളം. എന്താ പരിപാടിയെന്ന് ചോദിച്ചാല്‍ താന്‍ ജീവിതത്തില്‍ വിജയിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് മാസത്തില്‍ തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കെല്ലാം വിശദീകരിക്കും. തനിക്ക് ലഭിച്ച സൗഭാഗ്യത്തിലേക്ക് ചോദിക്കുന്നവനെ കൂടി പങ്കാളിയാക്കുന്നതോടെ അടുത്ത ആളിലേക്ക്. മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്നൊക്കെയാണ് പറഞ്ഞ് വിശ്വസിപ്പിക്കുക.
ദിവസങ്ങള്‍ക്കൊണ്ട് മെയ്യനങ്ങാതെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന ധാരണയില്‍ ഇതില്‍ കുടുങ്ങിയ പലരുടേയും പക്കല്‍ പണം കൈമാറിയതിന്റെ യാതൊരു രേഖകളുമില്ല. തങ്ങള്‍ ചേര്‍ന്നിരിക്കുന്ന സ്ഥാപനത്തിനും കമ്പനിക്കും അംഗീകാരമുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാതെ നിരവധി പേര് തട്ടിപ്പിനിരയാകുകയാണ്. അറിവില്ലായ്മ കൊണ്ട് തട്ടിപ്പിനിരയാകുന്നതിനാല് കേസ് കൊടുക്കാനും ആളുകള്‍ മടിക്കുന്നു. ഇത് മുതലാക്കുകയാണ് തട്ടിപ്പ് സംഘങ്ങള്‍.
ഞാനൊരു പുതിയ ബിസിനസ് തുടങ്ങിയെന്നും ഇനി ജീവിതത്തില്‍ തിരിഞ്ഞു നോക്കേണ്ടതില്ല എന്നും എന്റെ കമ്പനിയില്‍ ചേര്‍ന്നാല്‍ വലിയ പണക്കാരന് ആവാം എന്നൊക്കെ പറഞ്ഞാണ് ആകര്‍ഷിക്കുന്നതെന്നാണ് ഇരയായവര്‍ പറയുന്നത്. പണം നിക്ഷേപിച്ചാല്‍ മാത്രം ബിസിനസ് രീതികള്‍ പറഞ്ഞു നല്‍കും. ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ടൂര്‍ പാക്കേജുകള്‍ അടക്കം ലഭിക്കുമെന്നും പറയും. ഇത്തരത്തില്‍ പണമിടുന്നതോടെ ഇവരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കും. പിന്നീട് നേരിട്ട് മീറ്റിങ്ങിന് വിളിക്കും. ഇവിടെ എത്തുമ്പോഴാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് വിവരിക്കുക.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന് പുറമെ ബിറ്റ്കോയിന്, മോറിസ് കോയിന് എന്നീ പേരുകളിലും മലയാളികളുടെ കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ചാണ് ഇതിലൂടെ കോടികള്‍ കൊയ്തത്. തുടക്കാര്‍ക്ക് ആകര്‍ഷകമായ വരുമാനം ലഭ്യമാക്കുകയും ഇതിലൂടെ ആയിരക്കണക്കിന് പേരെ കണ്ണികളാക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് വരുമാനമെത്തിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന വെബ്സൈറ്റ് ഒരുവേള അപ്രത്യക്ഷമായതോടെ മൂക്കത്ത് വിരല്‍വെക്കുക മാത്രമായിരുന്നു നിക്ഷേപകര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്.
കോവിഡില്‍ ബിസിനസുകള്‍ തകരുകയും ജോലി നഷ്ടമാകുകയും ചെയ്തവരുടെ പ്രതിസന്ധി മുതലെടുത്താണ് സമീപകാലത്ത് ഇത്തരം തട്ടിപ്പുകള്‍ കൂടുതല്‍ വ്യാപിച്ചത്. പ്രവാസികളേയും നാട്ടിലുള്ളവരേയും ഒരു പോലെ വലയിലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിഞ്ഞു. സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റും വീടിന്റെ ആധാരം പണയംവെച്ചുമാണ് ഭൂരിപക്ഷം പേരും നിക്ഷേപം നടത്തിയിരിക്കുന്നത്.
ക്യൂ വല
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കച്ചവടത്തിലൂടെ പണംതട്ടിയെടുത്തെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തിരുന്നു. നടുവട്ടം സ്വദേശി പരപ്പില്‍ അബ്ദുള്‍ജലാലിന്റെ പരാതിയില്‍ തിരൂര്‍ വെട്ടം പരിയാപുരം സ്വദേശികളായ പാലക്കവളപ്പില്‍ മുഹമ്മദ് റിഷാദ്, ഇടിവെട്ടിയകത്ത് മുഹമ്മദ് സജീഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
'ക്യുനെറ്റ്' എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഫ്രാൈഞ്ചൈസി എടുത്തുനല്‍കാമെന്നു വിശ്വസിപ്പിച്ച് പ്രതികള്‍ 4.5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അബ്ദുള്‍ജലാലിന്റെ പരാതി. ഇത്തരത്തില്‍ ചില കോണുകളില്‍ നിന്ന് പരാതികളും വാര്‍ത്തകളും വന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇരകളായവരുടെ ചില കൂട്ടായ്മകളും രൂപപ്പെട്ടിട്ടുണ്ട്.
കെണിയിലേക്കുള്ള വഴി
മണി ചെയിനാണെന്ന് ഇതില്‍ കണ്ണി ചേര്‍ന്നിട്ടുള്ള ഒരാളും ഒരിക്കലും സമ്മതിച്ചുതരില്ല. മള്‍ട്ടിലെവല്‍ മാര്ക്കറ്റിങ്ങാണെന്നും സാധനങ്ങള്‍ വില്‍ക്കുന്നതിലൂടെയാണ് വരുമാനമെന്നുമാണ് പറയുക. ചില ഉത്പന്നങ്ങളൊക്കെ പരിചയപ്പെടുത്തും. ഈ ഉത്പന്നങ്ങള്‍ ആരാണ് വാങ്ങുക എന്നതിനൊന്നും ആര്‍ക്കും ഉത്തരമില്ല. എങ്ങനെയാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്നതെന്ന് അനുഭവസ്ഥരായ ആളുകള്‍ പറയുന്നത് ഇപ്രകാരമാണ്.
ഒരു സുപ്രഭാതത്തില്‍ ഒരു സുഹ്യത്ത് കുശലന്വേഷണങ്ങള്‍ അറിയുവാന്‍ വിളിക്കുന്നു. സംഭാഷണത്തിന്റെ ഇടയില്‍ കുടുംബത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ചോദിച്ചറിയുന്നു. തിരിച്ചങ്ങോട്ടുള്ള ഇതേ ചോദ്യത്തിന് തന്റെ മുന്‍കാല അവസ്ഥയില്‍ നിന്ന് തനിക്ക് വലിയ മാറ്റംവന്നതായി പറയും. എങ്ങനെയാണെന്ന് ചോദിക്കുകയാണെങ്കില്‍ താന്‍ ഒരു ബിസിനസ് തുടങ്ങിയിട്ടുണ്ടെന്ന് പറയും. ഇതാണ് ആദ്യ ഘട്ടം.
പിന്നീട് തന്റെ ബിസിനസിനെ കുറിച്ച് വിവരിക്കും. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലെ മലേഷ്യ അല്ലെങ്കില്‍ ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് സ്ഥാനപത്തിന്റെ ഭാഗമാണെന്ന് പറയും. 5 ഷോപ്പ്, 6 ഷോപ്പ് , 7 ഷോപ്പ് , 10 ഷോപ്പ് എന്നിങ്ങനെയുള്ള ഡീലര്‍ഷിപ്പുകളും ഫ്രാഞ്ചൈസികളും നമ്മള് കൊടുക്കുന്ന പണത്തിനനസരിച്ച് എടുക്കാം. വാച്ച്, വാട്ടര്‍ പ്യൂരിഫെയര്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് വില്‍ക്കുന്നതെന്നാണ് അവകാശപ്പെടുക. ഉത്പന്നങ്ങള്‍ക്കൊപ്പം റെന്റ് എ കാര്‍, ടൂര്‍ പാക്കേജ് തുടങ്ങിയ സര്‍വീസുകളും കമ്പനി നടത്തുന്നുണ്ടെന്നും പറയും. സാധനങ്ങള്‍ വില്ക്കുന്നതിനനുസരിച്ചായിരിക്കും വരുമാനമെന്നാണ് പറയുക. 10 ശതമാനം വരെ കമ്മീഷന് എന്നാണ് അവകാശപ്പെടുന്നത്. ഉദാഹരണത്തിന് 100 കോടിയുടെ കച്ചവടം ഉണ്ടാക്കിയാല്‍ പത്ത് കോടി വരെ കമ്മീഷന് ലഭിക്കും.
ഇതെല്ലാം കേട്ട് അന്തംവിട്ടു നില്ക്കുന്ന വ്യക്തിക്ക് മുന്നിലേക്ക് മൂന്നാം ഘട്ടം അവതരിപ്പിക്കും. സ്വാഭാവികമായും തനിക്കും ഇതുപോലെ എന്തെങ്കിലും ചെയ്യാനാകുമോ എന്നാകും കേട്ടിരിക്കുന്ന വ്യക്തിയുടെ ചോദ്യം. അവിടെയാണ് ബിസിനസിന്റെ ഡിമാന്‍ഡ് വിവരിക്കുക. തനിക്ക് തന്നെ എങ്ങനെയെക്കയോ ലഭിച്ച അവസരമാണിത്. ഭാഗ്യം വേണം, വളരെ ചുരുക്കം പേര്‍ക്കെ ഇങ്ങനെ അവസരം ലഭിക്കൂ എന്നൊക്കെയാകും തട്ടിവിടുക. ഒരു ഇന്റര്‍വ്യൂ ഉണ്ട്, അതില്‍ വിജയിക്കണമെന്നാണ് പറയുക. വലിയ പ്രയാസകരമായ ആ ഇന്റര്‍വ്യൂവില്‍ വിജയിക്കാനായാല്‍ രക്ഷപ്പെട്ടെന്നും തള്ളും.
ഒന്നുരണ്ട് ദിവസത്തിന് ശേഷം അടുത്ത ഫോണ്‍കോള്‍ വരും. നമ്മള് പറഞ്ഞ ബിസിനസിലേക്ക് ഇപ്പോള്‍ അത്യാവശ്യമായി ഒരാളെ ആവശ്യമുണ്ടെന്ന് തന്റെ സീനിയര്‍ പാര്‍ടണര്‍ അല്ലെങ്കില്‍ ബോസ് പറഞ്ഞിട്ടുണ്ടെന്നും വേണമെങ്കില്‍ ഈ അവസരം ഉപയോഗപ്പെടുത്താനും ആവശ്യപ്പെടും. ഒപ്പം ഒരു ഐഡന്റിറ്റി കാര്‍ഡും ചോദിക്കും.
അടുത്ത ഘട്ടം ഇന്റര്‍വ്യൂ ആണ്. ഏതെങ്കിലും ഹോട്ടലുകളിലോ മറ്റോ ആകും ഇന്റര്‍വ്യൂ. കോവിഡ് ആയതിനാല്‍ സൂം മീറ്റിങ് വഴിയാണ് നടത്തിവരുന്നത്. വളരെ സ്മാര്‍ട്ടായി ഡ്രസ് ചെയ്ത് എത്താനാണ് ആവശ്യപ്പെടുക. വേണ്ട നിര്‍ദേശങ്ങളെല്ലാം നല്‍കും. തിരിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം വിലക്കാണ്. സീനിയര്‍ പാര്‍ട്ണര്‍ വളരെ തിരിക്ക് പിടിച്ച ആളാണെന്നൊക്കെയാണ് തട്ടിവിടാറുള്ളത്.
അടുത്ത ദിവസം അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് സുഹൃത്തിന്റെ ഫോണ്‍ വിളിയെത്തും. അഭിനന്ദനങ്ങള്‍, നിങ്ങളുടെ ഭാഗ്യം, ഇന്റര്‍വ്യൂ ജയിച്ചിരിക്കുന്നു. സീനിയര്‍ പാര്‍ട്ണര്‍ ബിസിനസില്‍ ചേരാന്‍ അംഗീകാരം നല്കിയിരിക്കുന്നു എന്ന് അറിയിക്കും. ധാരാളം ആളുകള്‍ പങ്കെടുത്ത അഭിമുഖത്തില്‍ ദൈവത്തിന്റെ അനുഗ്രഹത്താല്‍ നിനക്കും വേറെ ചുരുക്കം ചിലയാളുകള്‍ക്കും മാത്രമേ അപ്രൂവല്‍ കിട്ടിയിട്ടുള്ളൂ എന്നും അറിയിക്കുന്നതോടെ കെണിയില്‍ ഏതാണ്ട് അകപ്പെട്ടു.
നമ്മുടെ കമ്പനി മണിചെയിനല്ല. അങ്ങനെയൊക്കെ പലരും പറയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണെന്നും ഡയറക്ട് സെല്ലിങ് ആണെന്നും ഉറച്ച് വാദിക്കാന്‍ വേണ്ട ട്രെയിനിങ്ങൊക്കെ ആദ്യം തന്നെ നല്‍കും. പണം തന്നതിന് ശേഷം ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ മതിയെന്നാകും ലഭിക്കുന്ന നിര്‍ദേശം. പണം കൈമാറിയപ്പോള്‍ വക്കീല്‍ മുഖേന എഗ്രിമെന്റ് എഴുതിയിട്ടുണ്ടെന്നൊക്കെയാണ് ഇരയായവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇവര്‍ കൊടുത്ത പണത്തിന്റെ കണക്കൊ മറ്റു കാര്യങ്ങളോ ഇതിലുണ്ടാകില്ലെന്നാണ് വസ്തുത. കമ്പനിയുടെ ഉത്പന്നങ്ങള്‍ വന്‍ വിലക്കൊടുത്ത് വാങ്ങിയതിന്റെ തെളിവിനപ്പുറത്തേക്ക് യാതൊരു നിയമസാധുതയുമില്ലാത്ത സത്യവാങ്മൂലമാണ് ഇവര്‍ എഗ്രിമെന്റെന്ന് പറഞ്ഞ് നല്‍കുന്നത്.
മോട്ടിവേഷന്‍ ക്ലാസുകളും പുതിയ കണ്ണികളും
കെണിയില്‍ അകപ്പെട്ട് കഴിഞ്ഞാല്‍ പിന്നീട് നിരന്തരം ട്രെയിനിങ് ക്ലാസുകളാണ്. ജീവിതത്തില്‍ വിജയം നേടിയ ആളുകളുടെ അനുഭവങ്ങളും അതിലേക്കുള്ള വഴികളുമായി മോട്ടിവേഷന്‍ ക്ലാസുകള്‍ പൊടിപൊടിക്കും. ഇതിനിടയില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്നവരുടെ പട്ടികയും തയ്യാറാക്കണം. അതില്‍ വീഴ്ത്താന്‍ പറ്റുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നൊക്കെയുള്ള പരിശീലനവും ഇതിലൂടെ ലഭിക്കും. ആദ്യ പടിയായി വീട്ടുകാരെ ചേര്‍ത്ത് തുടങ്ങണം. പിന്നീടാകും ലിസ്റ്റിലുള്ള മറ്റുവരെ സമീപിക്കേണ്ടത്.

ടൂര്‍ പാക്കേജുകളും വാട്സാപ്പ് സ്റ്റാറ്റസുകളും
റിസോര്‍ട്ടുകളിലും ആഡംബര ഹോട്ടലുകളിലും ഇടയ്ക്കിടെ ബിസിനസ് മീറ്റിങ്ങുകളെന്ന പേരില്‍ ഒത്തുചേരലുകളുണ്ടാകും. മറ്റുള്ളവരെ ആകര്‍ഷിപ്പിക്കുന്ന തരത്തില്‍ ഇതിന്റെ ഫോട്ടോസും മറ്റും നമ്മള് വാട്സാപ്പ് സ്റ്റാറ്റസായി വെക്കണം. ജീവിതത്തില്‍ വിജയിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തിയുള്ള മോട്ടിവേഷന്‍ വീഡിയോകളും ഇതിനൊപ്പം വരും.
ഹലാല്‍ ബിസിനസ്
ഈ ബിസിനസ് പൂര്‍ണ്ണമായും ഹലാലാണെന്ന് ധരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടക്കം മുതലേ ഉണ്ടാകും. ആളുകളെ ബിസിനസിലേക്ക് വശീകരിക്കുന്നതിനിടയില് ഇടയ്ക്കിടെ ദൈവത്തിനെ സ്തുതിക്കുകുയം മറ്റും ചെയ്യും. മോട്ടിവേഷന്‍ ക്ലാസുകളില്‍ മതപരമായ ചില കാര്യങ്ങളും ഉള്‍ക്കൊള്ളിക്കും.
മോറിസ് കോയിന്
ആയിരകണക്കിന് പേരില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം മോറിസ് കോയിന് കമ്പനി എംഡി മലപ്പുറം പൂക്കോട്ടുപാടം സ്വദേശി നിഷാദ് ഇപ്പോഴും ഒളിവിലാണ്. ഒരാഴ്ച മുമ്പാണ് പണം നഷ്ടമായവരെ സംഘടിപ്പിച്ചതിന്റെ പേരില്‍ യുവാവിനെ വീട്ടില്‍ കയറി മൂന്നംഗ സംഘം മര്‍ദിച്ചത്. മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ അനധികൃത നിക്ഷേപം സമാഹരിച്ച നിഷാദ് കളിയടുക്കലിന്റെ പേരിലുള്ള രണ്ട് സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷനില്ലെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം കൊണ്ട് ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ 1300 ഓളം കോടി രൂപയാണ് എത്തിയതെന്നും പോലീസ് പറയുന്നു.
ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍ മോറിസ് കോയിന് നിക്ഷേപത്തിലെ തകര്‍ച്ചയാണെന്നാണ് രണ്ടാഴ്ച മുമ്പുള്ള ഒരു കൊലപാതക കേസില്‍ അറസ്റ്റിലായ മമ്പാട് സ്കൂളിലെ ഐടി ഗസ്റ്റ് അധ്യാപകനായ നിഷാദ് അലിയുടെ മൊഴി. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കൊലപാതകം നടത്തി കവര്‍ച്ച നടത്താന്‍ പ്രേരിപ്പിച്ചതെന്നും പ്രതി മൊഴി നല്കി.
മമ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഐ.ടി. ഗസ്റ്റ് അധ്യാപകനായ നിഷാദ് മോറിസ് കോയിന് ക്രിപ്റ്റോകറന്‍സി ഇടപാടില്‍ സജീവമായതാണ് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്. അധ്യാപക ജോലിക്കൊപ്പം മലപ്പുറം കേന്ദ്രീകരിച്ച് നടന്ന മോറിസ് കോയിന് ഇടപാടുകളിലും ഇയാള്‍ പണം നിക്ഷേപിച്ചിരുന്നു. പിന്നീട് നാട്ടുകാരില്‍നിന്ന് പണം സമാഹരിച്ചും നിക്ഷേപം നടത്തി. ബന്ധുവിന്റെ സിമന്റ് വ്യാപാരത്തില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് ചിലരില്നിന്നെല്ലാം പണം വാങ്ങിയത്. പക്ഷേ, എല്ലാതുകയും മോറിസ് കോയിന് ക്രിപ്റ്റോകറന്‍സിക്കായി നിക്ഷേപിക്കുകയായിരുന്നു.

മോറിസ് കോയിന് തട്ടിപ്പാണെന്ന് പുറത്തറിഞ്ഞതോടെയാണ് നിഷാദ് അലിയുടെയും സാമ്പത്തിക തകര്‍ച്ച ആരംഭിക്കുന്നത്. മോറിസ് കോയിനില്‍ പണം നിക്ഷേപിച്ച് തിരികെ ലഭിക്കാതായതോടെ പണം നല്കിയവരെല്ലാം നിഷാദ് അലിക്കെതിരേ തിരിഞ്ഞു. മോറിസ് കോയിന് തട്ടിപ്പില്‍ കുടുങ്ങിയതോടെ ഏകദേശം 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് ഇയാള്‍ക്കുണ്ടായിരുന്നത്. പണം തിരികെ ലഭിക്കാതിരുന്ന ചിലര്‍ ഇയാള്‍ക്കെതിരേ പോലീസിലും പരാതി നല്കി.
ഇതിനിടെ, സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ നിഷാദ് പല അടവുകളും പയറ്റി. സ്കൂളിലെ വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി പണയംവെച്ചു. ഇക്കാര്യം രക്ഷിതാക്കള്‍ അറിഞ്ഞതോടെ ഇവരും പരാതിയുമായെത്തി. ഇതിനിടെ സ്കൂളില്‍നിന്ന് 80,000 രൂപയും ഒരുലക്ഷത്തിന്റെ ക്യാമറയും മോഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ സിസിടിവിക്യാമറകളുടെ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡി.വി.ആറും മോഷ്ടിച്ചു. പക്ഷേ, ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഇതൊന്നും മതിയായില്ല.
സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഭാര്യയുടെ മുത്തശ്ശിയായ ആയിഷയോട് നിഷാദ് അലി നേരത്തെ പണം ചോദിച്ചിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയില്ല. ഇതിനിടെ, ഒരു വിവാഹചടങ്ങില്‍വെച്ച് ആയിഷ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതി ശ്രദ്ധിച്ചു. ഇതോടെയാണ് ആയിഷയെ കൊലപ്പെടുത്തി കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
ബിറ്റ്കോയിന് പണമിടപാട്: രണ്ടാണ്ട് പിന്നിട്ടിട്ടും ഷുക്കൂര്‍ വധക്കേസിന് തുമ്പില്ല
സാങ്കല്‍പ്പിക കറന്‍സിയായ ബിറ്റ്കോയിന് ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വടക്കന്‍ പാലൂര് സ്വദേശി മേലേപീടിയേക്കല്‍ അബ്ദുല്‍ ഷുക്കൂര്‍ (25) ഉത്തരാഖണ്ഡിലെ ദെഹ്റാദൂണില്‍ കൊല്ലപ്പെട്ടിട്ട് ഓഗസ്റ്റില്‍ രണ്ടുവര്‍ഷം കഴിഞ്ഞു.
2019 ഓഗസ്റ്റ് 28-നാണ് മരിച്ചനിലയില്‍ പ്രേംനഗറിലുള്ള ആശുപത്രിയില്‍ ഷുക്കൂറിനെയെത്തിച്ചു മലയാളിസംഘം രക്ഷപ്പെട്ടത്. രണ്ടു ദിവസത്തിനുള്ളില്‍ അഞ്ചു പ്രതികളെ പിടികൂടി. മുഖ്യ ആസൂത്രകനായ ആഷിഖ് ഉള്‍പ്പെടെ അഞ്ചുപേരെക്കൂടി പിന്നീട് അറസ്റ്റുചെയ്തു. പ്രതികളെല്ലാം മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ളവരാണ്. തള്ളവിരലടയാളമായിരുന്നു ഷുക്കൂറിന്റെ ലാപ്ടോപിന്റെ പാസ് വേര്‍ഡായി ഉപയോഗിച്ചിരുന്നത്. ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികള്‍ സ്ഥലം വിടുമ്പോള്‍ ഈ തള്ളവിരല്‍ അവര്‍ മുറിച്ചെടുത്തിരുന്നു.

485 കോടി രൂപയുടെ ബിറ്റ്കോയിന് ഇടപാടിലെ പ്രശ്നങ്ങളാണു കൊലയ്ക്കു കാരണമായത്. ഷുക്കൂറിനെ നാട്ടില്‍നിന്നു ദെഹ്റാദൂണിലെ സിദ്ധൗലയിലെത്തിച്ച് പ്രതികള്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാസര്‍കോട്ടുള്ള കുടുംബാംഗവുമൊത്ത് ബിറ്റ്കോയിന് ഇടപാടില്‍ പണം നിക്ഷേപിച്ചുതുടങ്ങിയ ഷുക്കൂര്‍ പിന്നീട് തായ്ലാന്ഡ് കേന്ദ്രീകരിച്ച് ബി.ടി.സി. ബിറ്റ്കോയിന്, ബിറ്റ്സെക്സ് കമ്പനികള്‍ തുടങ്ങി. ഓണ്‍ലൈനിലൂടെയായിരുന്നു ഇടപാടുകള്‍. ഷുക്കൂറിന്റേതെന്നു കരുതുന്ന കുറിപ്പുകളിലും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമയച്ച ഫോണ്‍സന്ദേശങ്ങളിലും സാമ്പത്തിക ഇടപാടുകളുടെ സൂചനയുണ്ടായിരുന്നു. ബിറ്റ്കോയിന് ഇടപാടുകളില്‍ പങ്കാളികളായിരുന്ന പലരും ഭീഷണിപ്പെടുത്തിയതായും ഇടപാടുകളുടെ രേഖകളടക്കം എടുത്തുകൊണ്ടുപോയതായും ഷുക്കൂറിന്റെ മാതാവ് അന്നത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.