തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാറുണ്ട്. അതില്‍ കവിഞ്ഞുള്ള രാഷ്ട്രീയമൊന്നും അശോകനും റാണിക്കും അറിയില്ല, താത്പര്യവുമില്ല. മനുഷ്യരാണ്. അതിനപ്പുറം ഒന്നും നോക്കാതെയാണ് അശോകനും റാണിയും രജിസ്റ്റര്‍ വിവാഹംചെയ്ത് ജീവിതത്തില്‍ ഒന്നായത്. പരസ്പരം താങ്ങും തണലുമായി കഴിയുന്നതിനിടയില്‍ വീട്ടുപരിസരത്ത് ആരോ ഉപേക്ഷിച്ച ബോംബില്‍ തകര്‍ന്നിരിക്കുകയാണ് ഇവരുടെ ജീവിതം.
2017 ഡിസംബര്‍ 30-ന് പുലര്‍ച്ചെ ഒന്‍പതുമണി. നിരവധി ജീവിതം തകര്‍ത്ത ബോംബിന്റെ ശബ്ദം ചാലാട് ആദ്യമായി കേട്ടത് അപ്പോഴായിരുന്നു. അതിന്റെ ഞെട്ടലില്‍ ആര്‍ക്കും ഒന്നും മനസ്സിലായില്ല. പണിക്കു പോകുന്നതിനു മുമ്പ് ക്വാര്‍ട്ടേഴ്സിനു മുന്നിലെ ചപ്പുചവറുകള്‍ അടിച്ചെടുത്ത് മതിലിനരികിലെ മാലിന്യക്കുഴിയിലിട്ട് തീ കൊളുത്തിയത് മാത്രമാണ് റാണിക്ക് ഓര്‍മയിലുള്ളത്. ക്വാര്‍ട്ടേഴ്സ് മതിലിന്റെ ഇളകിത്തെറിച്ച കല്ലുകള്‍ക്കിടയില്‍നിന്ന് അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് റാണിയെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. അവരുടെ ഇടതുകാല്‍ ഒടിഞ്ഞുതൂങ്ങിയിരുന്നു. ഇടതുകണ്ണിനും സാരമായി പരിക്കേറ്റു. കര്‍ണപടം പൊട്ടി കേള്‍വിയില്ലാതായി. മൂന്നുമാസം പരിയാരം മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സിച്ചു. കാലിനുള്ളില്‍ സ്റ്റീല്‍ ഇട്ടിരിക്കുകയാണ്. ഒരുവര്‍ഷം അത് നിലത്ത് കുത്തരുതെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചതെന്ന് അശോകന്‍ പറയുന്നു.
ഇപ്പോള്‍ കണ്ണൂര്‍ ചാലാട് ചിള്ളിക്കുന്ന് റഷീദ് ക്വാര്‍ട്ടേഴ്സിലെ ഒറ്റമുറി വാടകമുറിയില്‍ കിടപ്പിലാണ് റാണി. അവരെ രാപകല്‍ ശുശ്രൂഷിച്ച് അശോകനും. കടമെടുത്തും പൊന്ന് പണയംവെച്ചും ഇതിനകം ചികിത്സയ്ക്കായി മൂന്നുലക്ഷം രൂപയോളം ചെലവാക്കിയതായി അശോകന്‍. റാണി ജോലിക്കുപോയിരുന്ന വീട്ടുകാരും നാട്ടുകാരും പോലീസുകാരും നല്‍കിയ തുകകൊണ്ടാണ് ചികിത്സ നടത്തിയത്. വ്യാഴാഴ്ച വീണ്ടും റാണിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയാണ്. ഇടതുചെവിയുടെ കേള്‍വി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. അതിനുശേഷം വലതുചെവിയുടെ കര്‍ണപടവും ശരിയാക്കേണ്ടതുണ്ട്.
വര്‍ക്കലക്കാരന്‍ അശോകനും തമിഴ്നാട് ഈറോഡുകാരി റാണിയും കഴിഞ്ഞ 10 വര്‍ഷമായി ചാലാട്ടാണ് കഴിയുന്നത്. കൂലിത്തൊഴിലാളിയായിരുന്നു അശോകന്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ട് ഇഷ്ടപ്പെട്ട് റാണിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൂട്ടുകായിരുന്നു. ഇന്ന് അശോകന് 60 വയസ്സായി. റാണിക്ക് നാല്‍പ്പത്തിനാലും. അസുഖത്തെത്തുടര്‍ന്ന് അശോകന് കാര്യമായ ജോലികളൊന്നും ചെയ്യാനാകുന്നില്ല.
അലവില്‍, ചാലാട് ഭാഗങ്ങളിലെ വീടുകളില്‍ റാണി പണിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ടാണ് 2500 രൂപ മുറിവാടകയും വീട്ടുചെലവും കഴിഞ്ഞിരുന്നത്. അശോകന്‍ അത്യാവശ്യം സെക്യൂരിറ്റി ജോലിക്കും പോയിരുന്നു. റാണിക്കരികില്‍ വേണമെന്നതിനാല്‍ ഇപ്പോള്‍ അതിനും നിര്‍വാഹമില്ലാത്ത സ്ഥിതിയാണ്.
സിന്‍ഡിക്കേറ്റ് ബാങ്ക് ചാലാട് ശാഖയില്‍ അശോകന്റെ പേരില്‍ അക്കൗണ്ട് നിലവിലുണ്ട്. നമ്പര്‍: 42152200084824. ഐ.എഫ്.സി.കോഡ്: SYND0004215.
അന്വേഷണം തുടരുന്നു - പോലീസ്
ബോംബ് പൊട്ടി സ്ത്രീക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് അറിയിച്ചു. എസ്.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ടവര്‍ ലൊക്കേഷനും കോള്‍ ഡീറ്റയില്‍സും ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവം നടന്നതിനുശേഷം സ്ഥലത്ത് പോലീസ് നായയെ എത്തിച്ചിരുന്നു. അത് മണം പിടിച്ച് കുറച്ചുദൂരം ഓടി നിന്നു.
Content highlights: Crime news, Police. Bomb explosion