'ഗഫൂര്‍ക്കാ ദോസ്ത്...' പ്രാരബ്ധങ്ങളുടെയും സങ്കടങ്ങളുടെയും ലോകത്തുനിന്ന് ഗള്‍ഫ് എന്ന സ്വപ്നഭൂമിയിലേക്ക് പറക്കാന്‍ കൊതിച്ച ദാസനും വിജയനും ഗഫൂര്‍ ഓതിക്കൊടുത്ത മന്ത്രം. കോഴിക്കോട്ടുനിന്ന് ഉരുവില്‍ കയറി ഗള്‍ഫ് തീരത്തിന് അല്പം അകലെയെത്തുമ്പോള്‍ കടലില്‍ ചാടി നീന്താന്‍ തയ്യാറെടുത്ത ദാസനും വിജയനും. ഗഫൂര്‍ക്കയുടെ വക പിന്നെയുമുണ്ടായിരുന്നു ഒരുപാട് ഉപദേശങ്ങള്‍. ഗള്‍ഫിന്റെ തീരത്തെത്തിയാല്‍ കൈയില്‍ കരുതിയ അറബിവസ്ത്രം ധരിച്ച് ആര്‍ക്കും ഒരു സംശയവും നല്‍കാതെ നടക്കുക. ഇനി അഥവാ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ തന്നെ അവരോട് 'ഗഫൂര്‍ക്കാ ദോസ്ത്' എന്ന് പറയുക... ദാസനെയും വിജയനെയും കടലിലൂടെ ഗള്‍ഫിലെത്തിക്കുമെന്ന് മോഹിപ്പിച്ച് ഒടുവില്‍ മദ്രാസില്‍ കൊണ്ടെത്തിച്ച ഗഫൂര്‍ക്കയുടെ കഥ പറയുന്ന 'നാടോടിക്കാറ്റ്' എന്ന സിനിമ കണ്ട് മലയാളികള്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്.
നാടോടിക്കാറ്റും ഗഫൂര്‍ക്കയും ദാസനും വിജയനുമൊക്കെ ഓര്‍മകളിലേക്ക് തിരികെ വന്ന നിമിഷങ്ങളായിരുന്നു മുനമ്പം മനുഷ്യക്കടത്ത് എന്ന സംഭവം മലയാളികള്‍ക്ക് സമ്മാനിച്ചത്. ഗഫൂര്‍ക്ക കേരളത്തെ ചിരിപ്പിച്ചെങ്കില്‍ കേരളത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു മുനമ്പം മനുഷ്യക്കടത്ത് അടയാളപ്പെടുത്തിയത്. അനധികൃതമായി ഒരുപാട് മനുഷ്യരെ കൃത്യമായ രേഖകളുമൊന്നുമില്ലാതെ ഒരു ബോട്ടില്‍ കയറ്റി ഓസ്ട്രേലിയയിലേക്ക് കടത്താനുള്ള ശ്രമം. അതില്‍ ഗര്‍ഭിണികളും കുട്ടികളും അടക്കം ഒരുപാടു പേരുണ്ടായിരുന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഈ വാര്‍ത്തയുടെ പിന്നാലെയുള്ള അന്വേഷണത്തിനൊടുവില്‍ ഞെട്ടിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളാണ് പിന്നെയും മുന്നില്‍ തെളിഞ്ഞത്.
മനുഷ്യരെ കടത്തുമ്പോള്‍
മനുഷ്യക്കടത്ത്... ലോകത്തെ വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട പലരും അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. മുനമ്പം മനുഷ്യക്കടത്ത് സംഭവത്തിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്രീകാന്തന് അന്താരാഷ്ട്ര റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 400-ലേറെ പേര്‍ ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍നിന്ന് അനധികൃത മാര്‍ഗങ്ങളിലൂടെ ഓസ്ട്രേലിയയിലേക്കും ന്യൂസീലന്‍ഡിലേക്കും കടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ എത്രപേര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നത് വ്യക്തമല്ല. ലക്ഷ്യസ്ഥാനത്ത് എത്താതെ പോയവര്‍ക്ക് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ചും പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഈ വിവരങ്ങളൊക്കെ അറിയുമ്പോഴാണ് എത്രമാത്രം സാഹസികമായാണ് ഈ മനുഷ്യരൊക്കെ ഇവിടെ നിന്ന് ഓരോരോ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് മനസ്സിലാകുന്നത്. പ്രാരബ്ധവും വലിയ ജീവിത മോഹവും ഒക്കെ അവര്‍ക്ക് പറയാനുള്ള കാരണങ്ങളായുണ്ടാകാം. പക്ഷേ, കാരണം എന്തു തന്നെയായാലും ജീവന്‍ പണയം വെച്ചുള്ള യാത്രകളാണ് ഓരോ മനുഷ്യക്കടത്തിലും ഒളിച്ചിരിക്കുന്നത്.സുരക്ഷയില്ലാതെ തീരദേശം
മുനമ്പം മനുഷ്യക്കടത്ത് കേസ് കേരളത്തിനു മുന്നില്‍ ഒരുപാട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സുരക്ഷയില്ലാത്ത തീരദേശം എന്നതുതന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തീരദേശ സുരക്ഷ സംബന്ധിച്ച് സമീപകാലത്ത് ഇന്റലിജന്‍സ് മൂന്ന് റിപ്പോര്‍ട്ടുകള്‍ പോലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തിന്റെ തീരദേശത്ത് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മതിയാവില്ലെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടുന്നതായിരുന്നു എല്ലാ റിപ്പോര്‍ട്ടുകളും. കേരള തീരത്ത് കൂടുതല്‍ നിരീക്ഷണം വേണമെന്നും അല്ലാത്തപക്ഷം അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ പോലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്നാണ് മുനമ്പം മനുഷ്യക്കടത്ത് കേസ് തെളിയിക്കുന്നതെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.തീരദേശ സുരക്ഷ സംബന്ധിച്ച് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടുന്നത് ബോട്ടുകളുടെ വിവരങ്ങളാണ്. കേരളത്തിലെ ഹാര്‍ബറുകളില്‍ ദിനംപ്രതി വന്നുപോകുന്നത് ആയിരക്കണക്കിന് ബോട്ടുകളാണ്. മനുഷ്യക്കടത്ത് നടന്ന മുനമ്പം ഹാര്‍ബറില്‍ ദിവസേന കുറഞ്ഞത് 700 ബോട്ടുകളെങ്കിലും എത്തുന്നുണ്ട്. എന്നാല്‍, ഈ ബോട്ടുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പലപ്പോഴും രേഖപ്പെടുത്താനാകുന്നില്ല. ഹാര്‍ബറില്‍ അടുക്കാതെ തീരത്തോടു ചേര്‍ന്ന് കടന്നുപോകുന്ന ബോട്ടുകളുമുണ്ട്. ഇവയില്‍ നിന്ന് ചെറിയ വഞ്ചികളിലും മറ്റും ആളുകളെയും സാധനങ്ങളെയും തീരത്തെത്തിക്കാനും ശ്രമങ്ങള്‍ നടക്കാറുണ്ട്. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കയെ ഓര്‍മിപ്പിക്കുന്നതുപോലെയുള്ള ഓപ്പറേഷനുകള്‍. ഇതെല്ലാം കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ പരിശോധനാ സംവിധാനങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തീരം വിടാത്ത സംശയങ്ങള്‍
മുനമ്പം മനുഷ്യക്കടത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയയാണെന്ന് കരുതുന്നുണ്ടെങ്കിലും അത് പൂര്‍ണമായും ശരിയാവില്ലെന്ന സംശയവും പോലീസിനുണ്ട്. തീരം വിടാത്ത ഒരുപാട് സംശയങ്ങള്‍ ഇക്കാര്യത്തില്‍ പോലീസിനുണ്ട്. മുനമ്പത്തു നിന്ന് കടല്‍ മാര്‍ഗം യാത്ര തുടരുന്നവര്‍ ഒരു കാരണവശാലും ലക്ഷ്യസ്ഥാനത്തെത്തില്ലെന്ന നിഗമനം തന്നെയാണ് ഇതില്‍ പ്രധാനം. അത് ശരിയാണെന്ന് അന്താരാഷ്ട്ര കടല്‍മാര്‍ഗങ്ങളിലൂടെയുള്ള സഞ്ചാരം നമുക്ക് മുന്നില്‍ അടയാളപ്പെടുത്തുന്നുമുണ്ട്. മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് ഇന്ത്യന്‍ തീര അതിര്‍ത്തി പിന്നിട്ടാല്‍ പോലും കടലില്‍ റോന്തുചുറ്റുന്ന ശ്രീലങ്കന്‍ പോലീസിനെ മറികടക്കാന്‍ ഇവര്‍ക്ക് കഴിയണമെന്നില്ല. പരിശോധനയുടെ ഭാഗമായി സംഘം ശ്രീലങ്കന്‍ പോലീസിന്റെ മുന്നില്‍പ്പെട്ടാല്‍ അകപ്പെടാനുള്ള സാധ്യത തന്നെയാണ് പോലീസ് കാണുന്നത്. ഇന്ത്യന്‍ സൈന്യവും ഈ മേഖലയില്‍ പരിശോധനകള്‍ നടത്താറുള്ളതും ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.കടല്‍ മാര്‍ഗം പോകാന്‍ കഴിയാത്തവര്‍ വിമാനമാര്‍ഗം യാത്ര ചെയ്യാനുള്ള സാധ്യതകളാണ് മറ്റൊരു സംശയമായി മുന്നിലുള്ളത്. വിമാനയാത്രയിലേക്ക് തിരിയേണ്ടി വന്നാല്‍ അധികഭാരം കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം മുന്നില്‍ കണ്ടാണ് സംഘം ബാഗുകള്‍ ഉപേക്ഷിച്ചതെന്നും പോലീസ് കരുതുന്നുണ്ട്. ചിലരുടെ ബാഗുകളില്‍ സ്വര്‍ണാഭരണം ഉള്‍പ്പെടെയുള്ളത് കണ്ടെത്തിയതിനും പോലീസ് കൃത്യമായ സാധ്യതകള്‍ നിരത്തുന്നുണ്ട്. സ്വര്‍ണാഭരണം ഉപേക്ഷിച്ചത് ബോധപൂര്‍വമാകില്ലെന്നും തിരക്കിനിടയില്‍ അറിയാതെ ബാഗില്‍ ഉള്‍പ്പെട്ടതാകാമെന്നുമാണ് പോലീസ് കരുതുന്നത്.
ഓസ്ട്രേലിയ പറയുന്നത്
മുനമ്പം മനുഷ്യക്കടത്ത് ലക്ഷ്യമിട്ടത് ഓസ്ട്രേലിയന്‍ തീരമാണെങ്കിലും അതിനുള്ള സാധ്യതകളുടെ പരിശോധനയില്‍ മറ്റു പല കാര്യങ്ങളും തെളിയുന്നുണ്ട്. കൊച്ചിയില്‍നിന്ന് 7,300 കിലോമീറ്ററിലധികം ദൂരമുണ്ട് ഓസ്ട്രേലിയയിലേക്ക് എന്നതു തന്നെയാണ് ആദ്യം ബോധ്യപ്പെടേണ്ട ഘടകം. അത്രയും ദൂരം ഒരു ചെറിയ ബോട്ടില്‍ പിന്നിടാനാകുമോയെന്നതില്‍ സംശയമുണ്ട്. ഇനി അഥവാ എത്തിയാല്‍ തന്നെ കുടിയേറ്റക്കാരെ രണ്ടുകൈയും നീട്ടി സ്വീകരിക്കാറുള്ള രാജ്യമല്ല ഓസ്ട്രേലിയ എന്നത് മറ്റൊരു ഘടകം.ആദ്യകാലത്ത് കുടിയേറ്റക്കാരോട് ഓസ്ട്രേലിയയ്ക്ക് ഉദാര സമീപനമുണ്ടായിരുന്നുവെന്നത് സത്യമാണ്. എന്നാല്‍, മനുഷ്യക്കടത്ത് സംഘങ്ങള്‍ വ്യാപകമായതോടെ ഓസ്ട്രേലിയ കര്‍ശന നിലപാടെടുക്കുകയായിരുന്നു. ചുറ്റിനും കടലായതിനാല്‍ ഓസ്ട്രേലിയന്‍ നാവികസേനയും പോലീസും ജാഗ്രതയോടെയാണു പ്രവര്‍ത്തിക്കുന്നത്. തീരസുരക്ഷയും നിരീക്ഷണവും കൂടുതല്‍ കര്‍ശനമാക്കിയ ഓസ്ട്രേലിയന്‍ നാവികസേന അഭയാര്‍ഥി ബോട്ടുകളെ പിടികൂടി കടലില്‍വച്ചു തന്നെ മടക്കുകയാണ് പതിവ്. ബോട്ടിലുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഈ നടപടിക്കെതിരേ രാജ്യാന്തര മനുഷ്യാവകാശ ഏജന്‍സികളുടെ എതിര്‍പ്പുണ്ടെങ്കിലും സേന ഇത്തരം നടപടികളുമായിട്ടാണ് മുന്നോട്ടുപോകുന്നത്. നാവികസേനയുടെയും പോലീസിന്റെയും കണ്ണില്‍പെടാതെ ഓസ്ട്രേലിയന്‍ മണ്ണില്‍ കാലുകുത്തുന്നത് ശ്രമകരമാണ്. 2018-നു ശേഷം അനധികൃതമായി കുടിയേറുന്നവര്‍ ഓസ്ട്രേലിയയിലെത്തിയ ശേഷം പരിചയക്കാരുടെ സഹായത്തോടെ ഫാം ഹൗസുകളില്‍ ഒളിവില്‍ കഴിയുകയാണ് ചെയ്യുന്നത്. അവിടെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തു ജീവിക്കുകയാണ് അവര്‍ ചെയ്യുന്നത്.
നാട്ടിലേക്ക് മടങ്ങാനോ സ്വതന്ത്രമായി പുറത്തിറങ്ങാനോ ഇവര്‍ക്ക് കഴിയില്ല. ഇതിനിടയില്‍ പിടിക്കപ്പെട്ടാല്‍ അവര്‍ ജയിലിലാകുമെന്നതും ഉറപ്പാണ്. പിന്നീട് നിയമ നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് തിരിച്ചയയ്ക്കും. മാത്രമല്ല, ഫാം ഹൗസുകള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ പരിശോധനകള്‍ വളരെ ശക്തമാണ്. ഇത്തരം കാര്യങ്ങളൊന്നും അറിയിക്കാതെയാണ് മനുഷ്യക്കടത്തുകാര്‍ സാധാരണക്കാരെ കബളിപ്പിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ അറിയാതെ ആ വാചകം വീണ്ടും ഓര്‍ത്തുപോകും... 'ഗഫൂര്‍ക്കാ ദോസ്ത്...'
Content Highlight: Big story of human trafficking