തിരൂര്‍: പശ്ചിമബംഗാള്‍ സ്വദേശി പതിനഞ്ചുകാരിയായ സമീന കാത്തൂമിനെ കുത്തിക്കൊന്ന കേസിലെ പ്രതി ബംഗാളിലെ കന്ന സ്വദേശി റോജോ അലിയുടെ മകന്‍ സാദത്ത് ഹുസൈനെ കൊലനടത്തിയ വീട്ടില്‍ കൊണ്ടുപോയി പോലീസ് തെളിവെടുത്തു. കൊലനടത്തിയ സമയത്ത് പ്രതി ഉപയോഗിച്ച വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുത്തു.
സമീന കാത്തൂമിന്റെ പിതാവ് ബംഗാളിലെ ബര്‍ദവനിലെ ബിജ്റ സ്വദേശി ഷെയ്ക്ക് സുന്ദറലി, സാദത്ത് ഹുസൈന് ജോലിചെയ്ത പണം നല്‍കാത്തതിലുള്ള പ്രതികാരമാണ് കൊല നടത്താന്‍ പെട്ടെന്ന് പ്രകോപിതനാക്കിയതെന്ന് പോലീസ് പറഞ്ഞു.
സമീന കാത്തൂമിന്റെ മാതാവ് സതീബീബിയെ കഴിഞ്ഞദിവസം പോലീസ് ചോദ്യംചെയ്തിരുന്നു. അന്വേഷണസംഘം ഉടന്‍ ബംഗാളിലെത്തി സാദത്ത് ഹുസൈന്റെ മേല്‍വിലാസം സ്ഥിരീകരിക്കുകയും ഷെയ്ക്ക് സുന്ദറലിയെ ചോദ്യംചെയ്യുകയും ചെയ്യും.
തെളിവെടുപ്പിനുശേഷം പ്രതി സാദത്ത് ഹുസൈനെ പോലീസ് തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. കൊലചെയ്യാനിടയാക്കിയ കാരണത്തെച്ചൊല്ലി ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതാണെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കില്‍ പെണ്‍കുട്ടിയുടെ പിതാവ് ജോലിചെയ്ത പണം നല്‍കാത്തതിലുള്ള പ്രതികാരമാണെന്നാണ് അവസാനമായി പ്രതി പോലീസിനുനല്‍കിയ മൊഴി. കൊല്ലപ്പെട്ട സമീന കാത്തൂമിന്റെ മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോയി.