വള്ളികുന്നം(ആലപ്പുഴ): കണ്ണനാകുഴിയില്‍ മകന്റെ കൂട്ടുകാരന്‍ വീട്ടമ്മയെ കൊന്നത് മൊബൈല്‍ വാങ്ങാന്‍ പതിനായിരം രൂപയ്ക്ക് വേണ്ടി. മാങ്കൂട്ടത്തില്‍ വടക്ക് തുളസി (48) ക്കാണ് മകനെപ്പോലെ സ്‌നേഹിച്ച യുവാവിന്റെ അത്യാഗ്രഹത്തില്‍ ജീവന്‍ നഷ്ടമായത്. കറ്റാനം വെട്ടിക്കോട് ജെറിന്‍ രാജ് (19)ആണ് കൂട്ടുകാരന്റെ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനുഅറസ്റ്റിലായത്.
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പതിനായിരം രൂപ കവര്‍ന്നത് പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പെന്‍ഷന്‍കിട്ടിയതില്‍ ചിലവ് കഴിഞ്ഞ് മിച്ചംവച്ചിരുന്നതുകയാണ് തട്ടിയെടുത്തത്.
തുളസിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ജെറിന്‍. മക്കള്‍ക്കൊപ്പം തുളസി ജെറിനും ആഹാരം വിളമ്പിയിരുന്നു. തുളസിയുടെ ഭര്‍ത്താവ് സുധാകരന്‍ സ്വകാര്യ ഇഷ്ടികഫാക്ടറിയിലെ തൊഴിലാളിയാണ്. മകന്‍ സനല്‍ കണ്ണനാകുഴി ക്ഷീരോദ്പാദകസംഘത്തില്‍ സഹായിയായി പ്രവര്‍ത്തിക്കുകയാണ്.
സംഭവസമയത്ത് രണ്ടുപേരും വീട്ടിലുണ്ടായിരുന്നില്ല. ഇളയമകന്‍ സുനിലിനെ കടയില്‍ സാധനം വാങ്ങാന്‍ പറഞ്ഞുവിട്ടശേഷമാണ് ജെറിന്‍ കൃത്യം നടത്തിയത്.
കൊലപാതകം നടത്തിയശേഷം മുറിയിലും പരിസരപ്രദേശങ്ങളിലും മുളകുപൊടിവിതറിയിരുന്നു. മുളകുപൊടി വിതറിയാല്‍ പോലീസ് നായ മണംപിടിക്കില്ലെന്ന് ഒരു തമിഴ്സിനിമയില്‍ ഇയാള്‍ കണ്ടിരുന്നു. അതിനാലാണ് കൃത്യം നടത്തിയശേഷം മുളകുപൊടി സ്ഥലത്ത് വിതറിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
കൊലപാതകം നടത്തി പണവുമായി ചാരുംമൂട്ടിലെത്തി പതിനൊന്നായിരം രൂപയ്ക്ക് ഇയാള്‍ മൊബൈല്‍ ഫോണും വാങ്ങി. ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.