ഇരുട്ടി വെളുത്തപ്പോഴേക്കും അനാഥമായത് രണ്ട് കുടുംബങ്ങള്‍; കരളലിയിക്കുന്ന കാഴ്ചകള്‍


രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിൽ പോലീസും ഫോറൻസിക്ക് സംഘവും പരിശോധന നടത്തുന്നു. സമീപം സഹോദരൻ അഭിജിത്ത്(ഇടത്ത്) കെ.എസ്. ഷാനിന്റെ മൃതദേഹം പൊന്നാട് വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ ഫൻസില(വലത്ത്) ഫോട്ടോ: വി.പി. ഉല്ലാസ് & സി.ബിജു|മാതൃഭൂമി

ആലപ്പുഴ: ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും രണ്ടുകൊലപാതകങ്ങള്‍. രാഷ്ട്രീയ ചേരിപ്പോരിന്റെ ഇരകളായി അവര്‍ മാറിയപ്പോള്‍ അനാഥമായതു രണ്ടുകുടുംബങ്ങള്‍. രണ്ടിടത്തും കണ്ടത് കരളലിയിക്കുന്ന കാഴ്ചകള്‍. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ഉറ്റവര്‍ നെഞ്ചുപൊട്ടിക്കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ലായിരുന്നു.

എന്റിക്ക പാവമായിരുന്നു; എന്നിട്ടും കൊന്നുകളഞ്ഞില്ലേ...

മണ്ണഞ്ചേരി: 'എന്റിക്ക ഇല്ലാത്തവീട്ടില്‍ ഞാനിനി എന്തിനാ. ഇക്ക പാവമായിരുന്നില്ലേ. എന്നിട്ടും വെട്ടിക്കൊന്നുകളഞ്ഞില്ലേ...'.

എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാന്റെ മൃതദേഹം മണ്ണഞ്ചേരി പൊന്നാട്ടുള്ള 'അല്‍ഷ' വീട്ടിലെത്തിച്ചപ്പോള്‍ ഭാര്യ ഫന്‍സിലയ്ക്ക് സങ്കടംസഹിക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ടുള്ള അവരുടെ സംസാരംകേട്ട് മക്കളായ ഹിബാ ഫാത്തിമയുടെയും ഫിദ ഫാത്തിമയുടെയും നിലവിളി ഉച്ചത്തിലായി. ഇതോടെ കണ്ടുനിന്നസ്ത്രീകളും പൊട്ടിക്കരഞ്ഞു.

'ശനിയാഴ്ച ഉച്ചയ്ക്ക് ചോറുണ്ട് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഇക്ക. വൈകുന്നേരം ഏഴോടെ വീട്ടിലേക്കു വരികയാണെന്നുപറഞ്ഞു വിളിച്ചു'. മൃതദേഹം പൊതുദര്‍ശനത്തിനായി പൊന്നാടുള്ള മൈതാനിയിലേക്ക് കൊണ്ടുപോകുമ്പോഴും ഫന്‍സില വാവിട്ടുകരയുകയായിരുന്നു.

ആറാംക്ലാസിലും യു.കെ.ജി.യിലും പഠിക്കുന്ന രണ്ടുപെണ്‍കുട്ടികളുടെ പഠനവും ഉത്തരവാദിത്വവുമെല്ലാം ഇനി ഫന്‍സിലയിലാണ്. കളമശ്ശേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്നു പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം 4.50-ഓടെയാണ് ഷാന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വന്‍ജനാവലി ഷാന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

പിന്നീട് ഒരുമണിക്കൂറോളം പൊന്നാട് മുഹിയിദ്ദീന്‍ പള്ളിക്കു സമീപമുള്ള മൈതാനിയില്‍ പൊതുദര്‍ശനത്തിനുവെച്ചു. മയ്യത്ത് നമസ്‌കാരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പിന്നീട് മൃതദേഹം മുഹിയിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അമ്മ പ്രാര്‍ഥിച്ചെത്തുമ്പോള്‍ കേട്ടത് മകന്റെ നിലവിളി

ആലപ്പുഴ: സമീപത്തെ അമ്മന്‍കോവിലില്‍ രഞ്ജിത്ത് ശ്രീനിവാസന് പാലഭിഷേകം നടത്തിയെത്തുമ്പോള്‍ അമ്മ പി.വി. വിനോദിനി കേട്ടത് മകന്റെ നിലവിളി. പെട്ടെന്ന് അകത്തേക്കുവന്നപ്പോള്‍ മകനെ ഒരുസംഘം കൂടംകൊണ്ടടിക്കുന്നതാണു കണ്ടത്. എതിര്‍ക്കാന്‍നോക്കിയപ്പോള്‍ വിനോദിനിയുടെ കഴുത്തില്‍ അക്രമികള്‍ വടിവാളമര്‍ത്തി. രഞ്ജിത്തിന്റെ ഇളയമകള്‍ ഹൃദ്യയും ഭാര്യ അഡ്വ. ലിഷയും ഓടിയെത്തിയപ്പോള്‍ വടിവാള്‍വീശി ഓടിച്ചു.

ശബരിമലയില്‍ പോയിവന്ന അനുജന്‍ അഭിജിത്ത് ശ്രീനിവാസന്‍ ഉണര്‍ന്നെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജ്യേഷ്ഠനെയാണു കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എടുക്കുമ്പോഴേക്കും ജീവന്‍നഷ്ടപ്പെട്ടിരുന്നു. ഇടവഴിയിലെങ്ങും രക്തം തളംകെട്ടിയിരുന്നു.

എല്ലാവരോടും സൗഹൃദംപുലര്‍ത്തിയിരുന്ന രഞ്ജിത്തിന്റെ വീട്ടിലേക്ക് ആര്‍ക്കും കടന്നുവരാമായിരുന്നു. ബി.ജെ.പി.യിലെ സൗമ്യമുഖമായിരുന്നു രഞ്ജിത്ത്.

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ചിരുന്നു. ആരോടും വഴക്കിനു പോയിട്ടില്ല. പിന്നെയെന്തിനാണ് കൊലപാതകമെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. ശത്രുക്കളില്ലാതിരുന്ന അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ പരിചയമുള്ള ആര്‍ക്കും കഴിയുമായിരുന്നില്ലെന്ന് സമീപവാസികളും പറഞ്ഞു.

മണിക്കൂറുകള്‍ക്കിടെ കൊലപാതകങ്ങള്‍, നടുങ്ങി, ഞെട്ടിത്തരിച്ച് ആലപ്പുഴ

ആലപ്പുഴ: രണ്ടുയുവാക്കളുടെ കൊലപാതകങ്ങളില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ആലപ്പുഴ. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടും നടന്നത്. ആലപ്പുഴനഗരത്തില്‍നിന്ന് എട്ടുകിലോമീറ്റര്‍ വടക്കുമാറി മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാന്‍(38) കൊലചെയ്യപ്പെട്ട് 11 മണിക്കൂര്‍ തികയുന്നതിനുമുന്‍പ് നഗരഹൃദയത്തില്‍ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍(45) കൊല്ലപ്പെട്ടു. രണ്ടിലും കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഷാനെ നാളുകളായി അക്രമികള്‍ നോട്ടമിട്ടിരുന്നതായിവേണം കരുതാനെന്നാണു പോലീസ് വ്യക്തമാക്കുന്നത്. വളരെകൃത്യമായ ആസൂത്രണത്തോടെയാണു രാത്രിയില്‍ അദ്ദേഹത്തെ വകവരുത്തിയത്. മണ്ണഞ്ചേരിയില്‍ സംഘര്‍ഷമോ കൊലപാതകത്തിനുള്ള സാഹചര്യങ്ങളോ രാഷ്ട്രീയതര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പതിവു പോലീസ് നിരീക്ഷണമല്ലാതെ പ്രത്യേകിച്ചൊന്നുമുണ്ടായിരുന്നില്ല.

ആദ്യ കൊലപാതകത്തിനുശേഷം ബി.ജെ.പി.യുടെ ഒ.ബി.സി. മോര്‍ച്ച നേതാവ് നഗരഹൃദയത്തിലെ വീട്ടില്‍ കൊലചെയ്യപ്പെട്ടത് മണിക്കൂറുകള്‍കൊണ്ടു നടത്തിയ ആസൂത്രണത്തിലൂടെയാണെന്നും പോലീസ് കരുതുന്നു. ശനിയാഴ്ചരാത്രി ഏഴരയ്ക്കാണ് എസ്.ഡി.പി.ഐ. നേതാവിനു വെട്ടേല്‍ക്കുന്നത്. രാത്രി പന്ത്രണ്ടേമുക്കാലോടെ മരിച്ചു. ഈ ചുരുങ്ങിയ സമയത്തിനകംതന്നെ അക്രമികള്‍ തിരിച്ചടി ആസൂത്രണം ചെയ്തിരിക്കണം.

സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസിന്റെ കണ്ണുണ്ടായിരുന്നു. മുന്‍കരുതല്‍ എന്നനിലയില്‍ കുറെ ബി.ജെ.പി. നേതാക്കളെ ശനിയാഴ്ച രാത്രിയില്‍ത്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, അവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു.

മണ്ണഞ്ചേരിയില്‍നിന്ന് അകലെയായതിനാല്‍ ആലപ്പുഴനഗരത്തില്‍ കാര്യമായ പോലീസ് പരിശോധനയില്ലായിരുന്നു. നഗരം പോലീസ് ശ്രദ്ധിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാകണം അക്രമികള്‍ നഗരത്തില്‍ താമസിക്കുന്ന നേതാവിനെ ലക്ഷ്യമിട്ടതെന്നാണു കരുതുന്നത്.

മാത്രമല്ല, സ്ഥലപരിചയമില്ലാത്തവര്‍ക്ക് ഈ വീട് കണ്ടെത്തുക പ്രയാസമാണ്. ഒട്ടേറെവീടുകളുള്ള സ്ഥലമാണിത്. അക്രമിസംഘത്തിനു വീടുകണ്ടെത്താന്‍ കൃത്യമായ സഹായം പ്രാദേശികമായി ലഭിച്ചെന്നാണു വിലയിരുത്തല്‍. അതിരാവിലെയായതിനാല്‍ റോഡിലും പരിസരങ്ങളിലും ആളും കുറവായിരുന്നു.

Content Highlights: alappuzha twin murder sdpi leader ks shan murder and bjp leader renjith sreenivasan murder

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram