കൊലപാതകം നടന്ന വീട്. ഇൻസെറ്റിൽ കൊല്ലപ്പെട്ട അൽത്താഫ്, അറസ്റ്റിലായ ഷാൻ
അടിമാലി: കുടുംബവഴക്കിനെത്തുടര്‍ന്ന് ആറുവയസ്സുകാരനെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു. അടിയേറ്റ് കുട്ടിയുടെ മാതാവിനും പിതൃമാതാവിനും പരിക്കേറ്റു. സംഭവംകണ്ട പെണ്‍കുട്ടി ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
ആനച്ചാല്‍ ആമക്കണ്ടം വടക്കേതാഴെ റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. മാതാവ് സഫിയ (45), പിതൃമാതാവ് സൈനബ (70) എന്നിവര്‍ക്കാണ് അടിയേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഫിയയുടെ നില ഗുരുതരമാണ്. സഫിയയുടെ മൂത്തമകള്‍ ആഷ്മി (14)യാണ് ഓടി രക്ഷപ്പെട്ടത്.
പ്രതിയെന്ന് സംശയിക്കുന്ന, സഫിയയുടെ സഹോദരി ഷൈലയുടെ ഭര്‍ത്താവ് ഷാന്‍ (സുനില്‍ ഗോപി) പിടിയിലായി. മുതുവാന്‍കുടി ഫോഗ് റിസോര്‍ട്ടിന് സമീപത്തെ കാട്ടില്‍ ഇയാള്‍ പകല്‍ ഒളിച്ചിരുന്നു. സന്ധ്യ ആയപ്പോള്‍ റോഡിലെത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് വെള്ളത്തൂവല്‍ പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആനച്ചാല്‍ ആമക്കണ്ടത്താണ് സംഭവം. പത്തുസെന്റ് ഭൂമിയിലെ മൂന്ന് ഷെഡ്ഡുകളിലാണ് ബന്ധുക്കളായ മൂന്ന് കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. ഇതിന്റെ അതിര് സംബന്ധിച്ച തര്‍ക്കത്തില്‍ മൂന്ന് കേസുകള്‍ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലുണ്ട്.
ഒരുവീട്ടില്‍ സഫിയയും രണ്ട് മക്കളും, സമീപം സഫിയയുടെ സഹോദരി ഷൈലയും, താഴെയുള്ള ഷെഡ്ഡില്‍ അമ്മ സൈനബയുമാണ് താമസിച്ചിരുന്നത്. സഫിയയുടെ ഭര്‍ത്താവ് മൂന്നുവര്‍ഷമായി മൂന്നാറിലാണ്. സഹോദരിമാര്‍ തമ്മിലുള്ള കലഹംമൂലം ഷൈല അടുത്തിടെ ഇവിടെനിന്ന് താമസംമാറി.
പ്രതി ഷാന്‍, കുടുംബ കലഹത്തെത്തുടര്‍ന്ന് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. ഈ അകല്‍ച്ചയ്ക്ക് കാരണം ഭാര്യയുടെ സഹോദരിയും മാതാവുമാണെന്ന് ഷാന്‍ വിശ്വസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പീരുമേട്ടില്‍ ഭാര്യയും കുട്ടികളുമുള്ള പ്രതി ഷാന്‍, അമ്പഴച്ചാലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പ്രതി ഭാര്യാസഹോദരി സഫിയയുടെ വീട്ടിലെത്തി. വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ സഫിയയെയും ഉറങ്ങിക്കിടന്ന അല്‍ത്താഫിനെയും ഷാന്‍ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു.
ഏലത്തോട്ടത്തിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ നടപ്പാതയില്ല. പകല്‍പോലും ഇവിടേക്ക് ആരുമെത്താറില്ല. രക്ഷപ്പെട്ട പെണ്‍കുട്ടി അയല്‍വാസികളെ അറിയിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സഫിയയുടെയും അല്‍ത്താഫിന്റെയും തലയ്ക്കടിച്ച പ്രതി അവിടെനിന്നും ചുറ്റികയുമായി താഴെ സൈനബയും ആഷ്മിയും ഉറങ്ങിക്കിടന്നിരുന്ന ഷെഡ്ഡിലെത്തി. സൈനബയുടെ തലയിലും ദേഹത്തും മുഖത്തും ചുറ്റികകൊണ്ട് അടിച്ചു. ബഹളംകേട്ട് ആഷ്മി ഉണര്‍ന്നു. അവള്‍ ഉച്ചത്തില്‍ കരഞ്ഞു.ഇതോടെ പ്രതി ഷാന്‍, ആഷ്മിയെ വലിച്ചിഴച്ച് അടുത്തവീട്ടിലെത്തിച്ച് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സഫിയയെയും അല്‍ത്താഫിനെയും കാണിച്ചുകൊടുത്തു. വീണ്ടും വലിച്ചിഴച്ച് വീടിന് താഴെയുള്ള വിജനമായ സ്ഥലത്തെത്തിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയില്‍, ആഷ്മി ഓടിരക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെയാണ് അയല്‍വാസിയെ വിവരം അറിയിച്ചത്. നാട്ടുകാരാണ് പരിക്കേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചത്. വെള്ളത്തൂവല്‍ സി.ഐ. ആര്‍.കുമാറിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹപരിശോധയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ജീവന്‍ രക്ഷിക്കാന്‍ ആഷ്മി ഒളിച്ചിരുന്നത് മൂന്ന് മണിക്കൂറോളം...
അടിമാലി: ക്രൂരകൃത്യം നേരില്‍കണ്ടതിന്റെ ഞെട്ടലില്‍നിന്നു ജീവന്‍ രക്ഷിക്കാന്‍ ഏലത്തോട്ടത്തിലെ ഇരുട്ടില്‍ ആഷ്മി ഒളിച്ചിരുന്നത് മൂന്ന് മണിക്കൂറോളം സമയം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ക്രൂരകൃത്യം നടന്നത്.
വല്യമ്മയുടെ വീട്ടിലായിരുന്നു രാത്രി ആഷ്മി കിടന്നിരുന്നത്. ഉമ്മയെയും, അനുജനെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചതിന് ശേഷം പ്രതിയായ ഷാന്‍ സമീപത്തെ വല്യമ്മയുടെ വീട്ടില്‍ എത്തി. വല്യമ്മയെയും തലയ്ക്ക് അടിച്ചു. പിന്നീട് ആഷ്മിയെ അവിടെനിന്നു വലിച്ചിഴച്ച് സ്വന്തം വീട്ടില്‍ കൊണ്ടുവന്നു. ഉമ്മയും അനുജനും രക്തത്തില്‍ കുളിച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ നേരിട്ട് കാണിച്ചു. എന്നിട്ട് രാത്രിയില്‍ തന്നെ ആഷ്മിയെ പ്രതി വീടിന് താഴെയുള്ള വിജനമായ സ്ഥലത്ത് കൊണ്ടുപോയി. സംഭവം പുറത്ത് പറഞ്ഞാല്‍ നിന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ക്രൂരമായി മര്‍ദിച്ചു. ഇതിനിടയില്‍ ആഷ്മി സമീപത്തെ കമ്പിവേലി ചാടിക്കടന്ന് ഏലക്കാട്ടിലൂടെ ഓടി. ഷാന്‍ പിന്നാലെ എത്തി. എന്നാല്‍ ആഷ്മിയെ കണ്ടെത്തിയില്ല. കണ്ടെത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ മറ്റൊരു കൊലപാതകംകൂടി നടന്നേനെ. ഏഴ് മണിയോടെ ആഷ്മി സമീപവാസിയായ ആമകണ്ടം പാറയ്ക്കല്‍ രാമകൃഷ്ണന്റെ വീട്ടില്‍ എത്തി സംഭവം പറഞ്ഞു. ഇതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. രാവിലെ പോലീസിന്റെയും ജനപ്രതിനിധികളുടെയും മുന്‍പില്‍ സംഭവം വിവരിക്കുമ്പോഴും ഈ പെണ്‍കുട്ടി കഴിഞ്ഞ രാത്രിയിലെ ഭീതിയില്‍നിന്നു മുക്തിയായിരുന്നില്ല.
പോലീസിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അവഗണിച്ചു
ഇവരുടെ കുടുംബപ്രശ്നവും, അതിര്‍ത്തി തര്‍ക്കവും പരിഹരിക്കാന്‍ പോലീസ് നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കാത്തത് ഒരു പിഞ്ചുജീവന്‍ പൊലിയാന്‍ കാരണമായി. സഹോദരിമാരുടെ കുടുംബപ്രശ്നത്തിന് മൂന്ന് കേസുകള്‍ സ്റ്റേഷനില്‍ ഉണ്ട്. നിരവധി തവണ പോലീസ് വീട്ടില്‍ എത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്.
ഈ ചെറിയ ഭൂമി ഒരാള്‍ എടുത്ത് അടുത്ത കുടുംബം മാറി താമസിക്കാനും, അല്ലെങ്കില്‍ ഭൂമി മുഴുവന്‍ വിറ്റ് പണം വീതംവെച്ച് മറ്റെവിടെയെങ്കിലും പോയി താമസിക്കാനും പോലീസ് പലതവണ പറഞ്ഞതാണ്. എന്നാല്‍ ഇതിന് ഇരുവരും തയ്യാറായില്ല. അതിര്‍ത്തിത്തര്‍ക്കത്തെക്കാള്‍ കുടുംബത്തിലെ പ്രശ്നങ്ങളായിരുന്നു ഇവരുടെ പ്രധാന വിഷയം. ഇത് വലിയ ദുരന്തത്തില്‍ എത്തുമെന്നും പോലീസ് പലപ്പോഴും മുന്നറിയിപ്പ് ഇരുവര്‍ക്കും നല്‍കിയതാണ്.
ഇത് ഇരുവരും അവഗണിച്ചതാണ് ഒരു പിഞ്ചുജീവന്‍ നഷ്ടമാകാന്‍ കാരണം. പ്രദേശവാസികളുമായി വലിയ സൗഹൃദം ഈ കുടുംബത്തിന് ഇല്ല. അടുത്തെങ്ങും താമസക്കാരും ഇല്ല. ആയതിനാല്‍ ഇവരുടെ കുടുംബവഴക്ക് പലപ്പോഴും പോലീസ് എത്തുമ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്.