കൂടത്തായി കൊലപാതകം: വിഷാംശം കണ്ടെത്തിയില്ലെങ്കിലും പ്രതിയെ ശിക്ഷിക്കാം


3 min read
Read later
Print
Share

കൂടത്തായി കൊലപാതക പരമ്പരയുടെ വാർത്തകൾ പുറത്തുവന്നതോടെ ഏറെ ചർച്ചയായൊരു ചോദ്യമുണ്ട്; മൃതദേഹങ്ങളിൽ നിന്ന് വിഷാംശം കണ്ടെത്താതെ പ്രതിയെ ശിക്ഷിക്കാനാകുമോ? വിശദീകരണം 1959-ലെ സുപ്രീംകോടതി വിധിയിൽ

കൂടത്തായി കൊലപാതക പരമ്പരയുടെ വാർത്തകൾ പുറത്തുവന്നതോടെ ഏറെ ചർച്ചയായൊരു ചോദ്യമുണ്ട്; മൃതദേഹങ്ങളിൽ നിന്ന് വിഷാംശം കണ്ടെത്താതെ പ്രതിയെ ശിക്ഷിക്കാനാകുമോ?

വിഷം കൊടുത്തു കൊന്ന കേസിൽ സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ പ്രതിയെ ശിക്ഷിക്കാനാകുമോയെന്ന ചോദ്യത്തിന് സുപ്രീം കോടതി തന്നെ ഉത്തരം നൽകിയിട്ടുണ്ട്; വിഷം കണ്ടെത്തണമെന്ന് നിർബന്ധമില്ലെന്നാണ് 1959-ൽ സുപ്രീംകോടതി ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കിയത്.

വിഷം കൊടുത്തുള്ള കൊലപാതകങ്ങൾ അതിരഹസ്യമായാകും ചെയ്യുകയെന്ന് മുംബൈയിൽ നടന്ന കേസിന്റെ വിധിയിൽ സുപ്രീംകോടതി വിശദീകരിക്കുന്നു. കുറ്റവാളി മറ്റൊരാളെ വിശ്വാസത്തിലെടുക്കാനും ആശ്രയിക്കാനുമുള്ള സാധ്യത വളരെക്കുറവാണ്. വിഷത്തെക്കുറിച്ച് കുറ്റവാളിക്ക് എത്രത്തോളം അറിവുണ്ടോ അത്രത്തോളം രഹസ്യമായിട്ടാകും കുറ്റകൃത്യം നടത്തുക. അതിനാൽ വിദഗ്‌ധർ നൽകുന്ന മെഡിക്കൽ തെളിവുകളും സാഹചര്യവും കണക്കിലെടുത്ത് ശിക്ഷ വിധിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ആനന്ദ് ചിന്താമൻ ലാഗു കേസ്

വിധവയായ 45-കാരി തീവണ്ടി യാത്രയ്ക്കിടെ ബോധരഹിതയാവുകയും ആശുപത്രിയിൽ വെച്ചു മരിക്കുകയും ചെയ്ത സംഭവത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധിയുണ്ടായത്. 1956-ൽ നടന്ന സംഭവത്തിൽ പുണെയിലെ ഡോക്ടറായ ആനന്ദ് ചിന്താമൻ ലാഗുവായിരുന്നു പ്രതി.

സംഭവം ഇങ്ങനെ: പുണെയിൽ നിന്ന് മുംബൈയ്ക്കുള്ള തീവണ്ടിയാത്രയിൽ തന്റെയൊപ്പമുണ്ടായിരുന്ന സ്ത്രീയെ അബോധാവസ്ഥയിൽ ഡോ. ലാഗു മുംബൈയിലെ ജി.ടി. ആശുപത്രിയിലെത്തിച്ചു. തീവണ്ടിയിൽ വെച്ചാണ് സ്ത്രീയെ പരിചയപ്പെട്ടതെന്നും പേര് ഇന്ദുമതി എന്നാണ് പറഞ്ഞിരുന്നതെന്നും ആശുപത്രി അധികൃതരോട് അദ്ദേഹം പറഞ്ഞു. തുടർന്ന് ലാഗു പോകുകയും ചെയ്തു. ചികിത്സയ്ക്കിടെ സ്ത്രീ മരിച്ചു. അവരുടെ ദേഹത്ത് ആഭരണങ്ങളോ കൈയിൽ പണമോ ഉണ്ടായിരുന്നില്ല. മരണവിവരം ലാഗുവിനെ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. രണ്ടു ദിവസത്തിനു ശേഷം ആശുപത്രിയിലേക്ക് ലാഗുവിന്റെ കത്തു വന്നു. സ്ത്രീയുടെ കൊൽക്കത്തയിലുള്ള സഹോദരൻ വന്ന് മൃതദേഹം ഏറ്റുവാങ്ങുമെന്നായിരുന്നു കത്തിൽ. എന്നാൽ, അതുണ്ടായില്ല. തുടർന്ന് മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറി. മൃതദേഹത്തിൽ സംശയാസ്പദമായി ചല പാടുകൾ അവർ കണ്ടെത്തി. വിശദമായ പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്താഞ്ഞതിനാൽ സംസ്കരിച്ചു.

ഇതിനിടെയാണ് ധനികയായ ലക്ഷ്മീഭായ് എന്ന വിധവയെ കാണാതായ വിവരം പുറത്തുവന്നത്. പിന്നീട് ലക്ഷ്മീഭായിയുടേത് എന്ന മട്ടിൽ ബന്ധുക്കൾക്കു കത്തുകൾ വന്നു. താൻ തീർഥാടനത്തിലാണെന്നും അവിടെ വെച്ച് ജോഷി എന്നയാളെ പരിചയപ്പെട്ട് വിവാഹം കഴിച്ചെന്നും തന്നെക്കുറിച്ച് അന്വേഷിക്കേണ്ടെന്നും ലക്ഷ്മീഭായ് എഴുതുന്ന തരത്തിലായിരുന്നു കത്ത്.

ബന്ധുക്കൾ അതു വിശ്വസിച്ചില്ല. ലക്ഷ്മീഭായിക്ക് ദീർഘകാലമായി പ്രമേഹവും ഗർഭാശയ രോഗങ്ങളുമുള്ളകാര്യം ബന്ധുക്കൾക്ക് അറിയാമായിരുന്നു. ലക്ഷ്മീഭായിയും അവരെ ചികിത്സിച്ച ഡോ. ലാഗുവും പുണെയിൽ നിന്ന് മുംബൈയിലേക്കു തീവണ്ടി കയറിയതായും അവർക്കു വിവരം കിട്ടി. ലക്ഷ്മീഭായിയുടെ വസ്തുവകകളും ബാങ്കിലെ പണവും ലാഗുവിന്റെ പേരിലായിക്കഴിഞ്ഞതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇന്ദുമതി എന്നു പരിചയപ്പെടുത്തി ഡോ. ലാഗു ആശുപത്രിയിലെത്തിച്ചത് ലക്ഷ്മീഭായിയെ ആയിരുന്നു.

കൊലക്കുറ്റത്തിനു വിചാരണക്കോടതി ലാഗുവിന് വധശിക്ഷ വിധിച്ചു. ഹൈക്കോടതി ശിക്ഷ ശരിവെച്ചതോടെ കേസ് സുപ്രീംകോടതിയിലെത്തി. വിഷം കൊടുത്ത് കൊന്നതിനു വ്യക്തമായ തെളിവില്ലാതെ പ്രതിയെ എങ്ങനെ ശിക്ഷിക്കുമെന്ന വിഷയമാണ് സുപ്രീം കോടതി പരിശോധിച്ചത്. ഡോ. മേത്ത നടത്തിയ ആഴത്തിലുള്ള പഠന റിപ്പോർട്ട് സുപ്രീം കോടതിയിലെത്തിയിരുന്നു. ജി.ടി. ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതു പോലെ പ്രമേഹം കൂടിയിട്ടല്ല ലക്ഷ്മീഭായ് മരിച്ചതെന്ന് ഡോ. മേത്തയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ലാഗുവിന്റെ വധശിക്ഷ ശരിവെച്ചു കൊണ്ട് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി വന്നു.

സാധാരണഗതിയിൽ വിഷം കൊടുത്തു കൊന്ന കേസ് തെളിയിക്കാൻ മൂന്നു കാര്യങ്ങൾ വേണമെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി: 1. വിഷം ഉള്ളിൽച്ചെന്നാകണം മരണം. 2. പ്രതി വിഷം കൈവശം വെച്ചിട്ടുണ്ടാകണം. 3. വിഷം കൊടുക്കാൻ പ്രതിക്ക് അവസരം ലഭിച്ചിരിക്കണം. എന്നാൽ, ലക്ഷ്മീഭായിയുടെ കേസിൽ മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊന്നും തെളിവുണ്ടായിരുന്നില്ല. എന്നിട്ടും പ്രതിയെ ശിക്ഷിക്കാൻ സുപ്രീംകോടതി ആശ്രയിച്ചത് ശക്തമായ സാഹചര്യത്തെളിവുകളായിരുന്നു.

താൻ കൊണ്ടു വന്ന സ്ത്രീയുടെ പേര് മറച്ചു വെച്ച് മറ്റൊരു പേരാണ് ലാഗു ആശുപത്രിയിൽ പറഞ്ഞത്. രോഗ ചരിത്രവും മറച്ചു വെച്ചു. സ്ത്രീയുടെ ഇല്ലാത്ത സഹോദരനെക്കുറിച്ച് ആശുപത്രിയിൽ പറഞ്ഞു. ലക്ഷ്മീഭായിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ലക്ഷ്മീഭായിയുടെ ആഭരണവും പണവും എടുത്ത ശേഷമാണ് ലാഗു അവരെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോർട്ടം നടത്താതിരിക്കാൻ ജി.ടി. ആശുപത്രിയിൽ സമ്മർദം ചെലുത്തി. വ്യാജരേഖയുണ്ടാക്കി ലക്ഷ്മീഭായിയുടെ സ്വത്തുക്കൾ സ്വന്തം പേരിലാക്കി.

ഇത്രയും ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എം. ഹിദായത്തുള്ള അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രതിയെ ശിക്ഷിച്ചത്. എന്നാൽ, ബെഞ്ചിലെ ന്യൂനപക്ഷവിധിയെഴുതിയ ജസ്റ്റിസ് എ.കെ. സർക്കാരിന് മറ്റൊരഭിപ്രായമായിരുന്നു. പ്രതിയുടെ കുറ്റം തെളിയിക്കാൻ സാഹചര്യത്തെളിവുകൾ മാത്രം ആശ്രയിക്കരുതെന്ന് അദ്ദേഹം വിധിയിൽ കുറിച്ചു.

Content Highlights: accused can punish even without the evidence of poison in the case of koodathi model murders

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram