കൊല്‍ക്കത്ത: 14 വയസുകാരന്റെ കൊലപാതകക്കേസ് അന്വേഷിച്ചപ്പോള്‍ പിടിയിലായത് അയല്‍ക്കാരന്‍. കൊലപാതകത്തിനുള്ള കാരണമോ വിചിത്രവും. ബംഗാളിലെ പര്‍ബ ബര്‍ദുമാന്‍ ജില്ലയിലാണ് ഏറെ അമ്പരപ്പിച്ച തട്ടിപ്പും കൊലപാതകവും അരങ്ങേറിയത്.
ബര്‍ദുമാന്‍ സ്വദേശിയായ അര്‍ഷാദ് ഷേഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഏവരെയും ഞെട്ടിച്ച മറ്റൊരു തട്ടിപ്പിന്റെ ചുരുളഴിച്ചത്. അര്‍ഷാദിന്റെ അയല്‍വാസിയായ ജമാല്‍ ഷേഖായിരുന്നു കൊലക്കേസിലെ പ്രതി. എന്നാല്‍ എന്തിനാണ് അര്‍ഷാദിനെ കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് ജമാല്‍ നല്‍കിയ ഉത്തരംകേട്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ആരെയും അമ്പരപ്പിക്കുന്ന തട്ടിപ്പും അതിനുപിന്നാലെയുണ്ടായ സംഭവവികാസങ്ങളുമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.
ജമാല്‍ ഷേഖിന്റെ അയല്‍വാസിയാണ് കൊല്ലപ്പെട്ട അര്‍ഷാദ് ഷേഖ്. ബര്‍ദുമാനില്‍ അമ്മയുടെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു അര്‍ഷാദ് താമസിച്ചിരുന്നത്. അര്‍ഷാദിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് കേരളത്തിലേക്ക് പോയിരുന്നു. കേരളത്തില്‍ ജോലിചെയ്തുവരുന്ന ഇയാള്‍ ഇന്നേവരെ സ്വന്തം മകനെയും കണ്ടിട്ടുണ്ടായിരുന്നില്ല. ഇതെല്ലാം അറിയാമായിരുന്ന ജമാല്‍ ഷേഖ് അവസരം മുതലാക്കുകയായിരുന്നു.
അര്‍ഷാദിന്റെ പിതാവിനെ ഫോണില്‍വിളിച്ച് താനാണ് മകനെന്ന് ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് വര്‍ഷങ്ങളോളം അര്‍ഷാദിന്റെ പിതാവില്‍നിന്ന് പണം തട്ടുകയും ചെയ്തു. ഓരോതവണയും ഓരോ ആവശ്യങ്ങള്‍ പറഞ്ഞായിരുന്നു ജമാല്‍ ഷേഖ് പണം വാങ്ങിയിരുന്നത്. സ്വന്തം മകന്‍ വിളിച്ച് ആവശ്യപ്പെടുന്നതിനാല്‍ പറഞ്ഞ തുകയെല്ലാം അയച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജമാല്‍ ഷേഖിനെ വിളിച്ച ഇയാള്‍ നേരില്‍കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ ജമാല്‍ ഷേഖ് പരിഭ്രാന്തനായി. താന്‍ നടത്തിവന്ന തട്ടിപ്പ് പുറത്തറിയുമോയെന്നും ഇയാള്‍ ഭയന്നു. തുടര്‍ന്നാണ് അയല്‍വാസിയായ അര്‍ഷാദ് ഷേഖിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ഡിസംബര്‍ മൂന്നിന് കാണാതായ അര്‍ഷാദ് ഷേഖിനെ തൊട്ടടുത്ത ദിവസം സമീപത്തെ വയലില്‍നിന്നാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം ജമാല്‍ ഷേഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
Content Highlights: Youth Takes Money From Man Pretending To Be His Son, Kills Real Son