മലപ്പുറം: ബെംഗളൂരുവിലെ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാനായി വിളിച്ചുവരുത്തി വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി സ്വദേശിയായ അജ്മല്‍ ബാബു(20)വിനെയാണ് കായംകുളം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വളാഞ്ചേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു.
ബെംഗളൂരുവില്‍ ഡോക്ടറാണെന്ന് അവകാശപ്പെടുന്ന യുവതി കഴിഞ്ഞദിവസമാണ് വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നല്‍കിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ യുവതി നേരത്തെ ബെംഗളൂരു മഡിവാള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ഒത്തുതീര്‍പ്പാക്കാനായാണ് അജ്മല്‍ ബാബു യുവതിയെ വളാഞ്ചേരിയിലേക്ക് വിളിച്ചുവരുത്തിയത്.
എന്നാല്‍ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ എത്രയും പെട്ടെന്ന് ബെംഗളൂരുവിലേക്ക് തിരികെ മടങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് അജ്മല്‍ ബാബു യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിലാണ് കായംകുളം സ്വദേശിനിയായ യുവതി വളാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
Share this Article
Related Topics