കളമശ്ശേരി: സ്ത്രീധന പീഡന മരണ കേസില്‍ മൂന്നുപേരെ ജില്ല ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ആലുവ യു.സി. കോളേജ് അറഫാ വില്ലയില്‍ അരുണ്‍ (32), ഉമ്മ ലൈലാ ബീവി (66), ബാപ്പ അബ്ദുല്‍ റഹ്മാന്‍ (66) എന്നിവരെയാണ് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ടി. ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കളമശ്ശേരി മൂലേപ്പാടം കാഞ്ഞിരത്തിങ്കല്‍ അബ്ദുല്‍ അസീസിന്റെ മകള്‍ സുനിത (27) തൂങ്ങിമരിച്ചതാണ് കേസിനാസ്പദമായ സംഭവം. ഭര്‍തൃവീട്ടിലെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സുനിത കളമശ്ശേരിയിലെ വീട്ടില്‍ സെപ്റ്റംബര്‍ 14-ന് തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് സുനിതയെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. 19-ന് സുനിത മരിച്ചു. ഇവര്‍ക്ക് ഏഴ് മാസവും മൂന്നു വര്‍ഷവും പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളാണുള്ളത്. കുഞ്ഞുങ്ങളെ സുനിതയുടെ മാതാപിതാക്കളാണ് നോക്കുന്നത്.
ഇതേത്തുടര്‍ന്ന് അബ്ദുല്‍ അസീസ് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ അന്വേഷിച്ചു. ആഴ്ചകള്‍ കഴിഞ്ഞിട്ടും അന്വേഷണ കാര്യത്തില്‍ പുരോഗതി ഇല്ലെന്നു കാണിച്ച് അബ്ദുല്‍ അസീസ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
ഇതോടെ കമ്മിഷണര്‍ കേസിന്റെ അന്വേഷണ ചുമതല ജില്ല ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ടി. ബിജി ജോര്‍ജിന് നല്‍കി.
ഇദ്ദേഹത്തിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. സുനിതയുടെ മരണത്തെ തുടര്‍ന്ന് പ്രതികള്‍ ഒളിവിലായിരുന്നു. സുനിതയുടെ മൃതദേഹം കാണാന്‍ പോലും പ്രതികള്‍ എത്തിയിരുന്നില്ല
സുനിതയുടെ ബാപ്പയും ഉമ്മയും താമസിക്കുന്ന ഒരു കോടിയോളം രൂപ വിലയുള്ള കളമശ്ശേരിയിലെ വീടും പറമ്പും അടുത്തിടെ സ്ത്രീധനമായി എഴുതിക്കൊടുത്തിരുന്നു. വിവാഹ സമയത്ത് കൊടുത്ത സ്വര്‍ണത്തിനു പുറമെയാണിത്. ഇതൊന്നും മതിവരാതെയാണ് അരുണും മാതാപിതാക്കളും സുനിതയെ പീഡിപ്പിച്ചു കൊണ്ടിരുന്നത്. പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.
സുനിതയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിര്‍ത്തതിനാല്‍ ജാമ്യം ലഭിച്ചില്ല.
പ്രതികള്‍ സുനിതയുടെ ആത്മഹത്യക്കു ശേഷം വിവിധ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ താമസിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ പാലക്കാട്ട് ഒരു ഹോട്ടലിലും താമസിച്ചിരുന്നു. ഇക്കാര്യം പോലീസ് അറിഞ്ഞു. എന്നാല്‍ പോലീസ് പാലക്കാട്ട് എത്തും മുമ്പേ പ്രതികള്‍ ഹോട്ടല്‍ ഒഴിഞ്ഞ് മറ്റൊരു താവളത്തിലേക്ക് മാറിയിരുന്നു.
ഇവിടെ ഇനിയും താമസിക്കാന്‍ വന്നാല്‍ അറിയിക്കണമെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതനുസരിച്ച് വീണ്ടും ഹോട്ടലില്‍ താമസിക്കാന്‍ വന്ന വിവരം ഹോട്ടലുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. ബാബു, എ.എസ്.ഐ. മാരായ ആര്‍. ജയകുമാര്‍, കെ.കെ. രാജു, സി.പി.ഒ.മാരായ ജെബി ജോണ്‍, നവീന്‍, വനിത സി.പി.ഒ. സുനിത എന്നിവരടങ്ങുന്ന പോലീസ് സംഘം പാലക്കാട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: woman commits suicide in kalamassery, police arrested her husband and in- laws