ആലപ്പുഴ: കായംകുളം സംഭവത്തിന് സമാനമായി ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന സൗഹൃദങ്ങള്‍ വേറെയും നടക്കുന്നുണ്ടെങ്കിലും പരാതികളില്ലാത്തതിനാല്‍ കേസെടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പോലീസ്. പരസ്പരസമ്മതത്തോടെയാണ് പങ്കുവയ്ക്കലില്‍ എല്ലാവരും ഏര്‍പ്പെടുന്നത്.
ഇതിന് താത്പര്യമുള്ളവര്‍ സൗഹൃദ ആപ്പുകള്‍ ഒരു മാധ്യമമായി ഉപയോഗിക്കുന്നുവെന്ന് മാത്രം. ഇത്തരത്തില്‍ പരിചയപ്പെടുന്നവരുമായി അടുപ്പം സൃഷ്ടിച്ചശേഷം വൈഫ് സ്വാപ്പിങ്ങി(ഭാര്യമാരെ കൈമാറല്‍)ല്‍ താത്പര്യമുണ്ടോയെന്ന് അന്വേഷിക്കുന്നു. താത്പര്യമുള്ളവരുമായി ചാറ്റിങ്ങിലൂടെതന്നെ നേരിട്ട് കണ്ടുമുട്ടല്‍ ഉറപ്പിക്കും. ഫോണ്‍വിളികളോ മറ്റ് മാധ്യമങ്ങളിലൂടെയുള്ള ബന്ധപ്പെടലുകളോ ഇല്ല. പേരുമാത്രമേ തമ്മില്‍ കൈമാറൂ. അതും ശരിയാകണമെന്നില്ല. മേല്‍വിലാസം മറച്ചുവെച്ചായിരിക്കും ഇവര്‍ തമ്മില്‍ കാണുന്നത്. നേരിട്ട് കണ്ടുമുട്ടേണ്ട സ്ഥലത്തെക്കുറിച്ച് സന്ദേശങ്ങളിലൂടെ അറിയിക്കുന്ന ഇവര്‍ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടാല്‍ മാത്രമേ മുന്നോട്ടുപോകൂ. ഇവര്‍ ആരാണെന്നോ എവിടെനിന്നാണെന്നോ അറിയാതെയാണ് പലപ്പോഴും ഇത് നടക്കുന്നത്. കുടുംബവ്യവസ്ഥയിലൊന്നും വിശ്വാസമില്ലാത്ത ഒരുകൂട്ടം ആളുകളാണിതിന് പിന്നിലെന്നും പോലീസ് കണക്കാക്കുന്നു.
ഇത്തരത്തില്‍ ഭാര്യമാരെ പരസ്പരം പങ്കുവെച്ച നാലംഗസംഘം കഴിഞ്ഞദിവസം കായംകുളത്ത് അറസ്റ്റിലായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. ഇതില്‍ ഒരാളുടെ ഭാര്യ പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു നടപടി.
ഇതിനെത്തുടര്‍ന്ന് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ കുടുതല്‍ മുന്നോട്ടുപോയില്ല.
content Highlight: wife swapping in Kerala