പാലക്കാട്: പാലക്കാട് വാളയാറിലെ സഹോദരിമാരില്‍ ഒരാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇളയകുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.
കൊലപാതക സാധ്യത അന്വേഷിക്കണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിലെ ഈ സാധ്യത പക്ഷേ പോലീസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
ജില്ലാ പോലീസ് സര്‍ജന്‍ ഗുജ്‌റാള്‍ ആണ് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കുട്ടിയുടെ പ്രായം, ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സ്ഥലം, കുട്ടിയുടെ ഉയരം, ആത്മഹത്യ ചെയ്ത സ്ഥലത്തെ ഉയരം എന്നിവ പരിഗണിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം അവഗണിച്ച് പോലീസ് കുട്ടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇളയ കുട്ടിയുടെ രഹസ്യഭാഗത്തടക്കം മുറിവുകള്‍ കണ്ടെത്തിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ച് പോലീസ് അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണവും ഇതോടെ ഉയരുന്നുണ്ട്.
മൂത്ത കുട്ടി ആത്മഹത്യ ചെയ്ത ദിവസം രണ്ട് പേര്‍ മുഖം മറച്ച് പോകുന്നത് കണ്ടതായി ഇളയ കുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇതും പോലീസ് അവഗണിച്ച് ഏകപക്ഷീയമായി കുട്ടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലേക്കെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
Content Highlight: walayar case postmortem report