പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ മാതൃഭൂമി ഓണ്‍ലൈനോട് വ്യക്തമാക്കി. പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. വി. മധു, എം. മധു, ഷിബു എന്നിവരെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.
പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അന്വേഷണ സംഘം തന്നെ പറഞ്ഞു പറ്റിച്ചെന്നും കോടതിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും വിധി വന്നശേഷം പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പോലീസിന് വീഴ്ച സംഭവിച്ചത് കൊണ്ടാകും പ്രതികള്‍ രക്ഷപ്പെട്ടത്. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന് പറഞ്ഞിട്ടും നടപടിയെടുത്തില്ല. വിധി വരുന്നത് പോലും തങ്ങളെ അറിയിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് വാളയാര്‍ എസ്‌ഐയ്ക്കും സിഐയ്ക്കും ഡിവൈഎസ്പിക്കും എതിരെ നടപടിയെടുത്തിരുന്നു. പിന്നീട് എഎസ്പി ജി. പൂങ്കുഴലിയുടെയും ഡിവൈഎസ്പി എം.ജെ. സോജന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
2017 ജനുവരി പതിമൂന്നിനാണ് അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
വാളയാര്‍ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തിലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: walayar case; family wants CBI investigation