വെഞ്ഞാറമൂട്: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 35 പവനും പതിനായിരം രൂപയും മോഷ്ടിച്ചു. തേമ്പാമ്മൂട് ചാവറോഡ് സഫ്‌നാ മൻസിലിൽ ഷാഫിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ഷാഫിയുടെ മാതാവ് ഫാത്തിമ, ഭാര്യ റഹീനയും മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. ഷാഫി വിദേശത്താണ്.
റഹീനയുടെ മകൾക്ക് സുഖമില്ലാത്തതു കൊണ്ട് മൂന്നു ദിവസം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കിടത്തിയിരുന്നു. പെട്ടന്ന് ആശുപത്രിയിൽ പോകേണ്ടി വന്നതു കൊണ്ട്‌സ്വർണവും പണവും കൊണ്ടുപോയിരുന്നില്ല. ആശുപത്രിയിൽ നിന്ന് വിടുതൽ കിട്ടിയപ്പോൾ റഹീനയുടെ കുടുംബവീടായ ചുള്ളിമാനൂരിലാണ് കഴിഞ്ഞ ദിവസം നിന്നത്. ഫാത്തിമ രണ്ടുദിവസം വീട്ടിലുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മറ്റൊരു മകളുടെ വീട്ടിൽ പോയിരുന്നു. അന്നു രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് തിരികെ വന്ന് ഫാത്തിമ നോക്കുമ്പാഴാണ് മോഷണം നടന്നത് അറിഞ്ഞത്.
റോഡുവശത്തുള്ള വീടിന്റെ പിൻവാതിൽ പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന പിക്കാക്സ് ഉപയോഗിച്ചാണ് വാതിലുകൾ പൊളിച്ചിട്ടുള്ളത്. കിടപ്പുമുറിയുടെ പൂട്ടുപൊളിച്ച ശേഷം അലമാരയും വെട്ടിപ്പൊളിച്ചിട്ടുണ്ട്. അതിനകത്താണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. മുറിയിലെ തുണികൾ മുഴുവനും വാരിവലിച്ചിട്ടിരിക്കുകയായിരുന്നു.
വെഞ്ഞാറമൂട് പോലീസെത്തി അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ദരും പരിശോധന നടത്തി.
Share this Article
Related Topics