കല്പറ്റ: വയനാട് മേപ്പാടി കുന്നമ്പറ്റയിൽ വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം പാങ്ങ് പാലേരി വീട്ടിൽ വിനോദ് (30), തൃശ്ശൂർ ചെറുതുരുത്തി ബംഗ്ലാവ് പറമ്പിൽ ഷൈലജ (39) എന്നിവരാണ് അറസ്റ്റിലായത്.
കല്പറ്റ ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി 10.15-ന് വീട്ടിൽ മിന്നൽ പരിശോധന നടത്തിയാണ് രണ്ടുപേരെയും പിടികൂടിയത്. വാടകവീട്ടിൽ സ്ത്രീകളെ കൊണ്ടുവന്ന് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പോലീസ് എത്തുമ്പോൾ രണ്ടു സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രണ്ടുപേർ പോലീസിനെ കണ്ടപ്പോൾ വീടിനു പിറകിലൂടെ ഓടിരക്ഷപ്പെട്ടു. ഓടിരക്ഷപ്പെട്ടതിൽ ഒരാൾ വൈത്തിരി സ്വദേശിയായ ഫാസിൽ നസാം എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിൽ നിന്ന് 2,38,000 രൂപയും ഒരു കാറും ബൈക്കും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട‌്. മൈസൂരു സ്വദേശിയായ 22-കാരിയെ ഉപയോഗിച്ചാണ് ഇവർ പെൺവാണിഭം നടത്തിയത്. ഇവർക്ക് സംസാരശേഷിയില്ല. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇവർക്കെതിരേ കേസെടുത്തിട്ടില്ല.
ഫാസിൽ നസാമാണ് മൈസൂരുവിൽനിന്ന് യുവതിയെ അനാശാസ്യ പ്രവർത്തനത്തിനായി മേപ്പാടിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ ഹേമനാഥൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കുന്നമ്പറ്റയിലെ വീട്. വീട്ടുടമ ഹേമനാഥൻ ഒന്നാം പ്രതിയും വിനോദ് രണ്ടാം പ്രതിയും ഷൈലജ മൂന്നാം പ്രതിയും ഫാസിൽ നസാം നാലാം പ്രതിയുമായാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യപരിശോധനയ്ക്കുശേഷം ബുധനാഴ്ച വിനോദിനെയും ഷൈലജയെയും കല്പറ്റ കോടതിയിൽ ഹാജരാക്കി.
Content Highlights: two were arrested in connection with sex racket in rented home