കരുനാഗപ്പള്ളി: 'അവരാവശ്യപ്പെട്ട പണം ഞങ്ങള്‍ സ്വരുക്കൂട്ടുകയായിരുന്നു എന്നിട്ടും എന്റെ മോളോട് എന്തിനീ ക്രൂരത ചെയ്തു... അവര്‍ വെറും അന്ധവിശ്വാസികളാണ്...കൂടോത്രക്കാര്‍...' ഭര്‍തൃവീട്ടില്‍ പീഡനത്തിരയായി കൊല്ലപ്പെട്ട തുഷാരയുടെ അമ്മയ്ക്ക് വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തുഷാരഭവനത്തില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. മകള്‍ ഇത്രയും കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി അറിയില്ലായിരുന്നുവെന്ന് അമ്മ പറയുന്നു. വിവാഹസമയത്ത് സ്വര്‍ണം നല്‍കി. സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ടുലക്ഷം രൂപയ്ക്ക് പകരം മൂന്നുലക്ഷം രൂപ നല്‍കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി വീട് പണയംവെച്ച് കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് ലോണ്‍ എടുക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് അവര്‍ പറഞ്ഞു.
2013-ലായിരുന്നു തുഷാരയുടെ വിവാഹം. വിവാഹശേഷം കുറച്ചുതവണ മാത്രമേ ഇരുവരും വീട്ടില്‍ വന്നിരുന്നുള്ളു. ആദ്യമെത്തിയ ദിവസം തുഷാര ധരിച്ചിരുന്ന ആഭരണങ്ങള്‍ കണ്ടപ്പോള്‍ത്തന്നെ ബന്ധുക്കള്‍ക്ക് ചില സംശയങ്ങള്‍ തോന്നി. പിന്നീട് തിരക്കിയപ്പോഴാണ് കടം വീട്ടാനെന്ന പേരില്‍ ഭര്‍ത്താവ് ആഭരണങ്ങള്‍ ഊരിവാങ്ങി പകരം വിലകുറഞ്ഞ ആഭരണങ്ങള്‍ നല്‍കിയെന്ന് അറിയുന്നത്.
മകളെ പീഡിപ്പിക്കുന്നതും പതിവായി. ഇത് ചോദ്യംചെയ്തതോടെ മാതാപിതാക്കളെ ബന്ധപ്പെടുന്നത് വിലക്കി. ഫോണ്‍ നല്‍കാതെയായി. മകളെ നശിപ്പിക്കാന്‍ പല ദുര്‍മന്ത്രവാദങ്ങളും നടത്തി. വീട്ടില്‍ ചെന്നാല്‍പോലും മകളെ കാണിച്ചിരുന്നില്ല. പീഡനം സഹിക്കാനാകാതെ തുഷാര ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
വിവാഹം നടക്കുമ്പോള്‍ ചന്തുലാല്‍ താമസിച്ചിരുന്നത് പ്രാക്കുളത്താണ്. ഒരിക്കല്‍ മകളെ കാണാന്‍ അവിടെയെത്തിയപ്പോഴാണ് ഇവര്‍ ഓയൂരിന് സമീപത്തേക്ക് താമസം മാറ്റിയത് അറിയുന്നത്.
പഞ്ചസാര കലക്കിയ വെള്ളവും കുതിര്‍ത്ത അരിയുമാണ് തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നത്. തുഷാരയെ പീഡനത്തിന് ഇരയാക്കുന്നതിന് കൂട്ടുനിന്ന എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഡി.ജി.പി.യെയടക്കം കാണും. അറസ്റ്റിലായ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഭര്‍തൃമാതാവ് ഗീതാലാലിയും റിമാന്‍ഡിലാണ്.
content highlights: Thushara, dowry murder case in kerala