ആറ്റിങ്ങല്‍: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി മോഷണം നടത്തുന്ന രണ്ടു കുട്ടികളെക്കൂടി പോലീസ് കണ്ടെത്തി. ഇവരിലൊരാള്‍ ജൂണ്‍ 30 ന് ദുര്‍ഗ്ഗുണ പരിഹാര പാഠശാലയില്‍ നിന്ന് ജനാലക്കമ്പി അറുത്തുമാറ്റി രക്ഷപ്പെട്ട കുട്ടിയാണെന്ന് പോലീസ് പറഞ്ഞു.
പതിനഞ്ചിലധികം മോഷണങ്ങള്‍ ഇവര്‍ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കലും മറ്റ് മോഷണങ്ങളും നടത്തുന്നതാണ് ഇവരുടെ രീതി. മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപം സുദര്‍ശനയുടെയും കിളിമാനൂര്‍ കേശവപുരം ആശുപത്രിക്ക് സമീപത്ത് നിന്ന് ഓമനയുടെയും ഇടവ ജങ്ഷന് സമീപത്ത് നിന്ന് സുജയുടെയും വര്‍ക്കല പനയറ കുളത്തുവിള ജങ്ഷനില്‍ കൃഷ്ണമ്മയുടെയും കൊല്ലമ്പുഴ മുള്ളിയന്‍കാവിന് സമീപത്ത് നിന്ന് അനിതകുമാരിയുടെയും മാലപൊട്ടിച്ചത് ഇവരാണെന്ന് പോലീസ് പറഞ്ഞു.
കടയ്ക്കാവൂര്‍ ജങ്ഷന് സമീപം ഷാജിയുടെ വര്‍ക്ക്ഷോപ്പ് കുത്തിത്തുറന്ന് ഉപകരണങ്ങള്‍ മോഷ്ടിച്ചതും തൊപ്പിച്ചന്ത ജങ്ഷനില്‍ മുഹമ്മദ് സാലി സൂപ്പര്‍മാര്‍ക്കറ്റിന്റെ ജനല്‍ചില്ല് പൊട്ടിച്ച് അകത്തുകടന്ന് പണം മോഷ്ടിച്ചതും ഇതിനടുത്ത തുണിക്കടയില്‍ നിന്ന് വസ്ത്രങ്ങളും പണവും മോഷ്ടിച്ചതും ഇവരാണെന്ന് പോലീസ് പറഞ്ഞു. ആലംകോട് വഞ്ചിയൂര്‍ പുതിയതടം ജങ്ഷനിലെ ബഷീറിന്റെ കട കുത്തിത്തുറന്ന് റീച്ചാര്‍ജ് കൂപ്പണുകളും പണവും മോഷ്ടിച്ചത്, വഞ്ചിയൂര്‍ ജങ്ഷനിലെ കൈരളി സ്റ്റുഡിയോയില്‍നിന്ന് ക്യാമറ മോഷ്ടിച്ചത് എന്നിവയ്ക്ക് പിന്നിലും ഈ കുട്ടികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ക്കൊപ്പം വിവിധകേസുകളില്‍ പ്രതികളായ മൂന്ന് പേരെ നാലുദിവസംമുമ്പ് അറസ്റ്റ് ചെയ്തിരുന്നു.