ചെങ്ങന്നൂർ: കാവൽക്കാരെ ആക്രമിച്ച് കെട്ടിയിട്ട് സർക്കാർ മദ്യവിൽപ്പനശാലയിൽനിന്ന് 12 കുപ്പി മുന്തിയ മദ്യവുമായി കള്ളൻമാർ കടന്നു. പുലിയൂർ പാലച്ചുവട് പ്രവർത്തിക്കുന്ന മദ്യശാലയിലാണ് കഴിഞ്ഞദിവസം പുലർച്ചേ രണ്ടരയോടെ മോഷണം നടന്നത്. രണ്ടുപേരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ മദ്യശാലയിലെ കാവൽക്കാരായ നൂറനാട് സുരേഷ്ഭവനത്തിൽ സുരേഷ് (47), ചെന്നിത്തല ചെറുകോൽ ഇടപ്പിള്ളേടത്ത് സുധാകരൻ (58) എന്നിവർക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃത്യത്തിനുശേഷം ജീവനക്കാരുടെ ബൈക്കുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് പിന്നീട് മാവേലിക്കര തഴക്കരയിൽനിന്ന് പോലീസ് കണ്ടെത്തി. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-ചൊവ്വാഴ്ച വെളുപ്പിനെ രണ്ടരയോടെ കത്തിയും കമ്പിവടിയുമടക്കമുള്ള ആയുധങ്ങളുമായിട്ടാണ് മോഷ്ടാക്കൾ എത്തിയത്. മദ്യശാലയുടെ ചുറ്റുമതിൽ ചാടിക്കടന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷിനെയാണ് ആദ്യം മർദിച്ചത്. തടയാനെത്തിയ സുധാകരനേയും അടിച്ചവശനാക്കി. ഇരുവരുടെയും കൈകൾ പുറകിലേക്ക് പിടിച്ച് കെട്ടിയിട്ടു. തുടർന്ന് താക്കോൽ ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നതിനെ തുടർന്ന് പൂട്ട് തകർത്താണ് മോഷ്ടാക്കൾ മദ്യശാലയിൽ കയറിയത്.
വിലകൂടിയ പന്ത്രണ്ട് മദ്യകുപ്പികൾ കൈക്കലാക്കി. സി.സി. ടി.വി. ക്യാമറയിൽ തങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതികൾ ക്യാമറയുടെ ഹാർഡ് ഡിസ്‌ക് കൈവശപ്പെടുത്തി. തുടർന്ന് പണം വച്ചിരുന്ന ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കലും സെക്യൂരിറ്റി ജീവനക്കാരുടെ കൈയിൽ ഇല്ലെന്നു മനസ്സിലായതോടെ പ്രതികൾലോക്കർ പൊളിക്കാനും ശ്രമിച്ചു. പരാജയപ്പെട്ടതോടെ ഇരുവരുടെയും മൊബൈലും മോഷ്ടാക്കൾ കൈക്കലാക്കി. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനായ സുധാകരന്റെ ബൈക്കിൽ മോഷ്ടാക്കൾ കടന്നു.
യാത്രക്കിടെ മാവേലിക്കര തഴക്കരയിൽ വച്ച് ഇവരുടെ ബൈക്ക് അപകടത്തിൽപ്പെട്ടു. ഇതേത്തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് പ്രതികൾ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ഇതേസമയം മർദനമേറ്റ് അവശരായിക്കിടന്ന സെക്യൂരിറ്റി ജീവനക്കാർ ഇഴഞ്ഞുനീങ്ങി പരസ്പരം ഇവരുടെ കൈയിലെകെട്ടഴിച്ചു. അതിനുശേഷം സുരേഷിന്റെ ബൈക്കിൽപ്പോയി ബിവറേജിലെ മറ്റ് ജീവനക്കാരെയും മാനേജരേയും വിവരം അറിയിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ചെങ്ങന്നൂർ പോലീസും ആലപ്പുഴയിൽനിന്നെത്തിയ വിരലടയാളവിദഗ്ധരും തെളിവുകൾ ശേഖരിച്ചു.
Content Highlights: Theft at a government liquor store