തലപ്പുഴ: ആത്മഹത്യചെയ്ത സി.പി.എം. പ്രവര്‍ത്തകനായ ബാങ്ക് ജീവനക്കാരന്റെ രക്തം പുരട്ടിയ കത്തുകള്‍ പുറത്തുവന്നതോടെ ബാങ്ക് പ്രസിഡന്റായ സി.പി.എം. നേതാവിന്റെ വീടിനുനേരെ കല്ലേറ്.
ആരോപണവിധേയനായ സി.പി.എം. മാനന്തവാടി ഏരിയാ കമ്മിറ്റി അംഗം പി. വാസുവിന്റെ വീടിനുനേരെയാണ് അക്രമമുണ്ടായത്.
തവിഞ്ഞാല്‍ സര്‍വീസ് സഹകരണബാങ്കിലെ പ്യൂണും വളം ഡിപ്പോയുടെ ചുമതലവഹിക്കുകയും ചെയ്തിരുന്ന തലപ്പുഴ ശാലിനി നിവാസില്‍ പി.എം. അനില്‍കുമാര്‍ എന്ന അനൂട്ട(47)നെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീടിനുള്ളില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന ശവസംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം വൈകുന്നേരത്തോടെയാണ് വീട്ടിനുള്ളില്‍നിന്ന് കത്തുകള്‍ കണ്ടെത്തിയത്.
കത്ത് കിട്ടിയതോടെ ക്ഷുഭിതരായ സി.പി.എം. പ്രവര്‍ത്തകരുള്‍പ്പെടെയുള്ള നാട്ടുകാര്‍ ജനകീയ ഐക്യം എന്ന മുദ്രാവാക്യവുമായി രാത്രി തലപ്പുഴ ചുങ്കത്ത് പ്രകടനം നടത്തി. വാസുവിന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും കവാടത്തിലെ ഓടും എറിഞ്ഞുതകര്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഇരുപതുപേര്‍ക്കുനേരെ തലപ്പുഴ പോലീസ് കേസെടുത്തു. തിങ്കളാഴ്ച ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തി.
സംഭവം വിവാദമായതോടെ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സി.പി.എം. ഏരിയാ കമ്മിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Content Highlight: suicide letter by bank employee with blood