കോഴിക്കോട്: കേരളത്തിലെത്തുന്ന 90 ശതമാനം അനധികൃത സ്വര്‍ണത്തിന്റെയും വില കള്ളക്കടത്ത് മാഫിയ കൈമാറുന്നത് വിദേശകറന്‍സിയില്‍. ഏഴുജില്ലകളില്‍നിന്ന് ഏഴുമാസത്തിനിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ.) കോഴിക്കോട് യൂണിറ്റ് പിടിച്ചെടുത്തത് 3.28 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സികള്‍.
ഡോളര്‍, സൗദി റിയാല്‍, ദിര്‍ഹം, ഖത്തര്‍ റിയാല്‍, ഒമാനി റിയാല്‍ എന്നീ കറന്‍സികളാണ് എട്ട് കേസുകളിലായി വിമാനത്താവളങ്ങളില്‍നിന്ന് ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തത്.
14.597 കിലോഗ്രാം സ്വര്‍ണവും ഇക്കാലയളവില്‍ പടിച്ചു. 4.69 കോടി രൂപയാണ് ഇതിന്റെ വിപണി വില. ഇതുകൂടാതെ, ബ്രിട്ടീഷ്-അമേരിക്കന്‍ ടുബാക്കോ കമ്പനിയുടെ ഡണ്‍ഹില്‍ സിഗരറ്റിന്റെ 15 ലക്ഷം രൂപ വിലവരുന്ന അഞ്ഞൂറുപെട്ടികളും കണ്ടെടുത്തു.
പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ എഴുപത് ശതമാനത്തോളം മൂല്യംവരും കോഴിക്കോട് വിമാനത്താവളമടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് പിടിച്ചെടുത്ത വിദേശകറന്‍സികള്‍. കള്ളക്കടത്ത് സ്വര്‍ണത്തിന്റെ വില വിദേശകറന്‍സിയുടെ രൂപത്തില്‍ സംസ്ഥാനത്തുനിന്ന് പുറത്തേക്ക് ഒഴുകുന്നുവെന്നാണ് ഡി.ആര്‍.ഐ.യുടെ വാദം. ഈ വാദത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് ഈ കണക്ക്.
തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഡി.ആര്‍.ഐ.യുടെ കോഴിക്കോട് യൂണിറ്റ്. കഴിഞ്ഞസാമ്പത്തികവര്‍ഷം ഒരുകോടി രൂപയുടെ വിദേശകറന്‍സി മാത്രമാണ് പിടിച്ചെടുത്തത്. ഇത്തവണ രണ്ടേകാല്‍കോടി രൂപയുടെ വര്‍ധനയുണ്ടായി. ബെംഗളൂരു മേഖലായൂണിറ്റിനുകീഴില്‍ സംസ്ഥാനത്ത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം പ്രദേശിക യൂണിറ്റുകള്‍ കസ്റ്റംസിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് ഇതുചെയ്തത്.
കടത്താന്‍
പുതുരീതികള്‍
സൂട്ട്കേസിനടിയിലും വാഹനങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും സജ്ജീകരിച്ച രഹസ്യഅറകളില്‍ വിദേശ കറന്‍സികള്‍ കടത്തുന്ന രീതിക്ക് ഇന്ന് മാറ്റം വന്നുവെന്ന് ഡി.ആര്‍.ഐ. കോഴിക്കോട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശബരീഷ് പറഞ്ഞു. എക്സ്റേ പരിശോധനയില്‍ തെളിയാതിരിക്കാന്‍ അരിയും അവിലുമടക്കമുള്ള പലചരക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ വിദേശകറന്‍സികള്‍ കണ്ടെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒന്നാംതീയതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായ രണ്ടുപേര്‍ നേന്ത്രപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ചാണ് 45.69 ലക്ഷം രൂപ വരുന്ന സൗദി റിയാല്‍ കടത്തിയത്. ഏതൊക്കെ രീതിയിലാണ് കണക്കില്‍പ്പെടാത്ത വിദേശപണം കേരളത്തിന് പുറത്തേക്ക് ഒഴുക്കുന്നതെന്ന് കണ്ടെത്തുക ശ്രമകരമാണ്. മുന്‍കൂര്‍ വിവരംനല്‍കുന്നവരെ ആശ്രയിച്ച് കള്ളക്കടത്തുസാധനങ്ങള്‍ കണ്ടെത്തേണ്ട നിലയിലാണ് ഡി.ആര്‍.ഐ.
പിടിച്ചെടുത്തത്
(2016-'17)
*വിദേശകറന്‍സി- 3.28 കോടി രൂപയ്ക്ക് തുല്യമായത്
*സ്വര്‍ണം- 4.69 കോടി രൂപയുടേത് (14.597 കിലോ)
വിദേശ സിഗരറ്റ്- 15 ലക്ഷം രൂപയുടേത് (500 പെട്ടി ഡണ്‍ഹില്‍)
(2015-'16)
*സ്വര്‍ണം- 5.72 കോടി രൂപയുടേത് (22 കിലോ)
* വിദേശ കറന്‍സി- ഒരുകോടി രൂപയ്ക്ക് തുല്യമായത്
* കുങ്കുമപ്പൂവ്- 15 ലക്ഷം രൂപയുടേത് (12 കിലോ)