താമരശ്ശേരി: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി തന്റേതെന്നു പറഞ്ഞ് ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥനായ സുഹൃത്തിന് പണയം വെക്കാൻ നൽകിയതിൽ സിലിയുടെയും അന്നമ്മയുടെയും സ്വർണാഭരണങ്ങളുമുണ്ടായിരുന്നെന്ന് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു.
സിലിക്ക് സ്ത്രീധനമായി ലഭിച്ച 30 പവൻ, മക്കളുടെ ആഭരണങ്ങളുൾപ്പെടെ അഞ്ചുപവൻ, മകളുടെ വിവാഹാവശ്യത്തിനായി അന്നമ്മ കരുതി വെച്ച വളകളുൾപ്പെടെ പത്ത് പവനോളം എന്നിങ്ങനെ ആകെ 45 പവൻ സ്വർണവും ജോളി തട്ടിയെടുത്തതായി ചോദ്യം ചെയ്യലിൽ നേരത്തേ വ്യക്തമായിരുന്നു.
സ്വർണാഭരണങ്ങളെല്ലാം തന്റേതാണെന്ന് അവകാശപ്പെട്ടാണ് ജോളി സുഹൃത്തിനു നൽകിയതെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം. സിലിയുടെതുൾപ്പെടെയുള്ള ആഭരണങ്ങൾ നാട്ടിലോ കോയമ്പത്തൂരിലോ ഇയാൾ മുഖേന ജോളി പണയം വെച്ചെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്വന്തം ആവശ്യത്തിനാണോ അതോ, ജോളിക്കു വേണ്ടിയാണോ സുഹൃത്ത് ആഭരണങ്ങൾ പണയം വെച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പുതുപ്പാടിയിലെ ഒരു സഹകരണബാങ്കിൽ കുറച്ചുകാലം പണയംവെച്ച സ്വർണം ഇയാൾ അടുത്തിടെ പണം തിരിച്ചടച്ച് എടുത്തിരുന്നു.
അതേസമയം, സ്വർണാഭരണങ്ങളിൽ ചിലത് വിറ്റഴിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അന്നമ്മ മകൾ റെഞ്ജിക്കായി വാങ്ങിയിരുന്ന 65 പവനിൽ എട്ടുപവൻ, പിന്നീട് അന്നമ്മയുടെ മരണശേഷം അവരുടെ മാല, കമ്മൽ, വളകൾ, വിരമിക്കുമ്പോൾ ലഭിച്ച ആനുകൂല്യ വിവരമുൾപ്പെടെ രേഖപ്പെടുത്തിയ ഡയറി എന്നിവ കാണാതായതിനു പിന്നിൽ ജോളിയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
സിലിയുടെ മരണശേഷം, അവർ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ഓമശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയതും ജോളിയായിരുന്നു. ആഭരണങ്ങളെല്ലാം സിലി ഒരു ധ്യാന കേന്ദ്രത്തിന് സംഭാവന നൽകിയെന്ന വാദം വാസ്തവ വിരുദ്ധമാണെന്നും ജോളിയാണ് ആഭരണങ്ങൾ കൈക്കലാക്കിയതെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
Content Highlights: Koodathai Murder Case, sili's ornaments also included in pledged ornaments in which Jolly 's friend had pledged