പുതുച്ചേരി: യുവതിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ആള്‍ദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരി കരിക്കലാംപ്പക്കം സ്വദേശി ഗോവിന്ദരാജ് (45) എന്നയാളാണ് പിടിയിലായത്. ഭര്‍ത്താവിന് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാനും, ദുഷ്ടശക്തികളില്‍നിന്ന് മോക്ഷം ലഭിക്കാനുമായി കൃഷ്ണവേണി (25) എന്ന യുവതിയെ ബലിനല്‍കിയ സംഭവത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
കരിക്കലാംപ്പക്കം സ്വദേശി അശോകിന്റെ ഭാര്യയായ കൃഷ്ണവേണിയെ കഴിഞ്ഞ ദിവസമാണ് ഒരു ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനയില്‍തന്നെ സംഭവം നരബലിയാണെന്ന് പോലീസ് സംശയിച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ പൂജാസാധനങ്ങളായിരുന്നു ഈ സംശയത്തിന് കാരണം. തുടര്‍ന്ന് ഭര്‍ത്താവ് അശോകിനെ വിശദമായി ചോദ്യംചെയ്തതോടെയാണ് നരബലിയുടെ വിവരങ്ങളും ആള്‍ദൈവത്തിന്റെ ഇടപെടലും വ്യക്തമായത്.
അശോകിന്റെ കുടുംബവുമായി അടുത്ത ബന്ധംപുലര്‍ത്തിയിരുന്ന ഗോവിന്ദരാജ് ഇവരെ പലവിധത്തില്‍ ചൂഷണം ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദമ്പതികളുമായി തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയും പൂജകള്‍ നടത്തിയും ഇയാള്‍ പണംതട്ടിയെടുത്തിരുന്നു. ഇതിനുശേഷമാണ് ദുഷ്ടശക്തികളില്‍നിന്ന് മോക്ഷം ലഭിക്കാനും, സാമ്പത്തിക അഭിവൃദ്ധിക്കും ഭാര്യയെ കുരുതികൊടുക്കാന്‍ നിര്‍ദേശിച്ചത്. ഒരു ക്ഷേത്രത്തിന് സമീപത്ത് രാത്രിയിലായിരുന്നു നരബലി നടന്നത്. യുവതിയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ സ്വര്‍ണാഭരണങ്ങളും കവരുകയായിരുന്നു.
സംഭവത്തില്‍ ആള്‍ദൈവം ഗോവിന്ദരാജിന് പുറമേ, കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് അശോകിനെയും മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളും ഗോവിന്ദരാജില്‍ നിന്ന് കണ്ടെടുത്തു. യുവതിയെ ബലി നല്‍കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള ആള്‍ദൈവങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും സ്ത്രീകള്‍ക്ക് മാത്രമായി പൂജനടത്തുന്നവരുണ്ടെങ്കില്‍ അവരെക്കുറിച്ച് വിവരം നല്‍കണമെന്നും പുതുച്ചേരി വെസ്റ്റ് പോലീസ് സൂപ്രണ്ട് ജനങ്ങളോട് അഭ്യര്‍ഥിച്ചു.