ആലുവ: ആലുവ കെ.എസ്.ആര്‍.ടി.സി. ഗ്യാരേജിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ നിന്ന് 5.80 ലക്ഷം രൂപ ലോക്കറോടെ കവര്‍ന്ന പ്രതികളെ ആലുവ പോലീസ് പിടികൂടി. ആലുവയിലും പരിസരത്തുമുള്ള അഞ്ച് യുവാക്കളാണ് പോലീസ് പിടിയിലായത്.ആലുവ ദേശം കാലടി റോഡില്‍ റോഡ് പുറമ്പോക്കില്‍ നിന്ന് ലോക്കറടക്കം മുഴുവന്‍ തുകയും കണ്ടെടുക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ ചീരക്കട കളപ്പുരയ്ക്ക വീട്ടില്‍ മിഷാല്‍ (19), ആലുവ പട്ടേരിപ്പുറം കോടശ്ശേരി വീട്ടില്‍ അബിന്‍ (18), തായിക്കാട്ടുകര ചിറാട്ട് പറമ്പില്‍ മുഹമ്മദ് റായിസ് (20), ചൂര്‍ണിക്കര തായിക്കാട്ടുകര കരിപ്പായി വീട്ടില്‍ അഹമ്മദ് സഫല്‍ (18), ഉളിയന്നൂര്‍ പെരുന്തോടത്ത് വീട്ടില്‍ ഷിഹാസ് (18) എന്നിവരാണ് പിടിയിലായത്.ദേശം പുറയാര്‍ റോഡിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ മോഷ്ടിച്ച ലോക്കര്‍ ഉള്‍പ്പടെ കണ്ടെത്തി. 5.80 ലക്ഷം രൂപയാണ് ലോക്കറില്‍ ഉണ്ടായിരുന്നത്.
സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് മോഷണം നടത്തിയത് യുവാക്കളാണെന്ന് കണ്ടെത്തിയിരുന്നു. കാന്‍വാസും ബര്‍മൂഡയും ഗ്ലാസും ടീഷര്‍ട്ടും ധരിച്ച് ഹെല്‍മെറ്റ് വെച്ചാണ് മോഷണം നടത്തിയത്.
ആലുവ മേഖലയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിന് സഹായിച്ചത്. പമ്പിലെ കളക്ഷന്‍ പണം ഓഫീസിനകത്തെ ലോക്കറില്‍ സൂക്ഷിക്കുന്ന വിവരം സമീപവാസികളായ യുവാക്കള്‍ക്കറിയാമായിരുന്നു. ഇത് കവര്‍ച്ച ചെയ്യാന്‍ ദിവസങ്ങള്‍ക്ക് മുന്‍പെ അവര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായും പോലീസ് കണ്ടെത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെ മിഷാലിന്റെ പിതാവിന്റെ പേരിലുള്ള കാറിലെത്തിയ സംഘം റെയില്‍ പാളത്തിലൂടെ സഞ്ചരിച്ച് പമ്പിന് പിന്നിലെത്തി.
പമ്പിലെ പിന്‍വശത്തെ മതില്‍ ചാടി കടന്ന സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജനല്‍ അറുത്തുമാറ്റി. ഇതിനു വേണ്ടി ഒരാഴ്ച മുന്‍പ് തന്നെ ഗ്യാസ് കട്ടര്‍ വാടകയ്‌ക്കെടുത്തിരുന്നു.
പമ്പില്‍ അന്നേ ദിവസം ലഭിച്ച തുക പ്രത്യേക ലോക്കറിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഈ ലോക്കര്‍ പൊളിക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. അറുപത് കിലോയോളം ഭാരമുള്ള ഇരുമ്പ് ലോക്കര്‍ ഇവര്‍ ചുമന്ന് കാറില്‍ കയറ്റി. പിന്നീട് നെടുമ്പാശ്ശേരിയ്ക്കടുത്തുള്ള പുറയാറിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ലോക്കര്‍ പൊളിച്ച് പണമെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.എന്നാല്‍ അതിന് മുന്‍പെ പോലീസ് സംഘം ഇവരെ അന്വേഷിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ അഞ്ചു പേരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ആലുവ ഡി.വൈ.എസ്.പി. പ്രഫുലചന്ദ്രന്‍, സി.ഐ വിശാല്‍ ജോണ്‍സണ്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. ഫൈസല്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാരായ ഇബ്രാഹിം കുട്ടി, സിജന്‍, നാദിര്‍ഷ, ബിജു, ഡിക്‌സന്‍, സജീവന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കളവിന്റെ ക്ഷീണം തീര്‍ക്കാന്‍ ഉറങ്ങി; വിളിച്ചുണര്‍ത്തിയത് പോലീസ്
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ ശേഷം ഉച്ചയോടെയാണ് മുഖ്യ പ്രതിയായ ആലുവ ചീരക്കട കളപ്പുരയ്ക്കല്‍ വീട്ടില്‍ മിഷാല്‍ വീട്ടില്‍ ചെന്നു കയറുന്നത്. ചെന്നപാടേ ക്ഷീണം മൂലം ഉറങ്ങിപ്പോയി. വിളിച്ചുണര്‍ത്തിയതാരെന്ന് നോക്കുമ്പോള്‍ മിഷാലിനു മുന്നിലുള്ളത് ആലുവ പോലീസ്.
സി.സി.ടി.വി. ദൃശ്യമാണ് പ്രതികളെ വേഗം പിടിക്കാന്‍ പോലീസിനെ സഹായിച്ചത്.
ബര്‍മൂഡയും ടീഷര്‍ട്ടും ധരിച്ച് മോഷണത്തിനെത്തിയ യുവാവിന്റെ ദൃശ്യം പമ്പിലെ ഓഫീസിനുള്ളിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ലഭിച്ചതോടെ കുറ്റകൃത്യത്തിനു പിന്നില്‍ ഇരുപതിനടുത്ത് പ്രായമുള്ളവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
പമ്പിന് സമീപത്തും ആലുവ മേഖലയിലും മുമ്പ് കുറ്റകൃത്യം നടത്തിയിട്ടുള്ള യുവാക്കളുടെ പൂര്‍ണ വിവരം പോലീസ് തപ്പിയെടുത്തു.
കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷ്ടിച്ചതിന് മിഷാലിന്റെ പേരില്‍ കേസുണ്ടായിരുന്നു. മിഷാലിന്റെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി മോഷണ സമയത്ത് ടവര്‍ ലൊക്കേഷന്‍ ഗ്യാരേജ് ഭാഗത്താണെന്ന് സ്ഥിരീകരിച്ചു.
സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ മിഷാലിന്റെ വീടിനടുത്തുള്ളവരെ കൊണ്ടുചെന്ന് കാണിച്ചു. അവര്‍ മിഷാലിനെ തിരിച്ചറിഞ്ഞു. പിന്നെ സംശയിക്കാനൊന്നുമുണ്ടായിരുന്നില്ല. വീട്ടില്‍ ചെന്നപ്പോള്‍ അകത്ത് മിഷാല്‍ കിടന്നുറങ്ങുന്നു. പോലീസ് മിഷാലിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതോടെ കൂട്ടാളികളെ തിരിച്ചറിഞ്ഞു. അവരുടെ വീടുകളില്‍ത്തന്നെ ഉണ്ടായിരുന്നു.
ടൂര്‍ പോയി കാറിടിച്ചു ; കടം വീട്ടാന്‍ കവര്‍ച്ച
വിനോദയാത്രകള്‍ നടത്തി കടം പെരുകിയപ്പോള്‍ അത് കൊടുത്തു തീര്‍ക്കാനും ആഡംബര ജീവിതത്തിനുമാണ് യുവാക്കള്‍ മോഷണത്തിനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. കാറുകള്‍ വാടകയ്‌ക്കെടുത്താണ് യുവാക്കളുടെ സംഘം വിനോദയാത്ര പോയിരുന്നത്.
അടുത്തിടെ മൈസൂരുവില്‍ ടൂറു പോയിരുന്നു. അവിടെ ഇരുചക്ര വാഹന യാത്രക്കാരനെ കാര്‍ ഇടിച്ചു. പതിനായിരത്തോളം രൂപ പിഴയായി നല്‍കേണ്ടി വന്നു. കാറിനും നാശനഷ്ടമുണ്ടായി. മോതിരം പണയം വച്ചാണ് ഇതിനുള്ള തുക അടച്ചത്.
പണയം എടുപ്പിക്കാനും വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാനും പണം വേണം. കവര്‍ച്ചയുടെ മുഖ്യ ലക്ഷ്യം അതായിരുന്നു. ബാക്കി തുക കൊണ്ട് അടുത്ത വിനോദയാത്രയ്ക്കും സംഘം പദ്ധതിയിട്ടിരുന്നു.
മിഷാലാണ് മോഷണം നടത്താനായി പന്പ് ഓഫീസിന് അകത്തു കയറിയത്. ഷിയാസ് ദേശീയപാതയില്‍ നിരീക്ഷണത്തിനായി നിലയുറപ്പിച്ചു. മറ്റുള്ളവര്‍ ഓഫീസിന് പിറകുവശത്ത് പതുങ്ങിയിരുന്നു. ഇതിനിടെ ഷിയാസ് പേടിച്ച് പിന്‍മാറി. എന്നാല്‍, വൈകാതെ തിരിച്ചെത്തി.
മോഷ്ടിച്ചെടുത്ത ലോക്കര്‍ അവിടെ വച്ചുതന്നെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോക്കറുമായി കാറില്‍ സഞ്ചരിച്ചു. ദേശത്തിനടുത്തുള്ള കുറ്റിക്കാട് പറ്റിയ സ്ഥലമാണെന്നു തോന്നി അതവിടെ ഉപേക്ഷിച്ചു.
മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.