കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; പോലീസിന് തലവേദന


2 min read
Read later
Print
Share

മൈസൂരു: നഗരത്തിലും പരിസരപ്രദേശങ്ങളിലും മോഷണങ്ങളും തട്ടിപ്പുകളും വര്‍ധിച്ചത് പോലീസിനെ വലയ്ക്കുന്നു. മോഷ്ടാക്കളും തട്ടിപ്പുകാരും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതാണ് പോലീസിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത്. മുന്‍ എം.എല്‍.എ. എം.കെ. സോമശേഖറിന്റെ പുതുതായി വാങ്ങിയ കാര്‍ കഴിഞ്ഞ ദിവസം മോഷണം പോയ രീതി വാഹനമോഷണത്തിന്റെ ഏറ്റവും പുതിയപതിപ്പാണ്.

ആദ്യത്തെ സര്‍വീസിനായി ഡ്രൈവര്‍ രാവിലെ കാര്‍ കൂര്‍ഗള്ളിയിലെ ഷോറൂം സര്‍വീസ് വിഭാഗത്തിലെത്തിച്ച് താക്കോല്‍ കൊടുത്തിട്ടു പോയി. വൈകീട്ട് കാര്‍ തിരികെ വാങ്ങാന്‍ ചെന്നപ്പോള്‍ അങ്ങനെ ഒരു കാര്‍ അവിടെ സര്‍വീസിനായി എടുത്തിട്ടില്ലെന്നായിരുന്നു സര്‍വീസ് വിഭാഗം അറിയിച്ചത്. സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് പേര്‍ വാഹനത്തിന്റെ സമീപത്ത് നില്ക്കുന്നതും കാറുമായി പോകുന്നതുമാണ് കണ്ടത്. എം.എല്‍.എ. യുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയനഗര്‍ പോലീസ് കേസ് അന്വേഷിക്കുന്നു.

കഴിഞ്ഞ മാസം 22-ന് നഗരത്തില്‍ നടന്ന മറ്റൊരു മോഷണവും പുതിയ തന്ത്രങ്ങളുടെ മറ്റൊരു പതിപ്പാണ്. കുവേമ്പുനഗറിലെ വീട്ടില്‍ മൈസൂരു കോര്‍പ്പറേഷന്‍ ഉദ്യോഗരെന്ന് വീട്ടമ്മയെ പരിചയപ്പെടുത്തിയാണ് എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവും 8000രൂപയും പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയത്.

പ്രോപ്പര്‍ട്ടി കാര്‍ഡ് നല്കാന്‍ വീടും വീടിന്റെ അതിര്‍ത്തിയും അളക്കാനെത്തിയതാണെന്ന് വീട്ടമ്മയെ ധരിപ്പിച്ചായിരുന്നു മോഷണം. വീടിന് പുറത്തുള്ള അളവെടുപ്പ് കഴിഞ്ഞ് വീടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍നിന്നാണ് സ്വര്‍ണവും പണവുമെടുത്തത്. മോഷ്ടാക്കള്‍ പോയതിനുശേഷമാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടത് വീട്ടമ്മ അറിയുന്നത്.

ഞായറാഴ്ച വീട്ടമ്മയെ മയക്കുമരുന്ന് മണപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം മോഷണം നടത്തിയ സംഭവവുമുണ്ടായി. കനകഗിരിയിലെ വീട്ടില്‍ ഭിക്ഷയ്‌ക്കെത്തിയ സ്ത്രീയാണ് മോഷണം നടത്തിയത്. ഭിക്ഷനല്കാനുള്ള തുകയെടുക്കാന്‍ വീടിനുള്ളിലേക്ക് വീട്ടമ്മ കയറിയ സമയം ഭിക്ഷക്കാരിയും കൂടെക്കയറി രാസപദാര്‍ഥം മണപ്പിച്ചാണ് അബോധാവസ്ഥയിലാക്കിയത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന 300 ഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇത്തരം നിരവധി തട്ടിപ്പും മോഷണങ്ങളുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നഗരത്തിലും പരിസരത്തും നടന്നിട്ടുള്ളത്. ആള്‍മാറാട്ടം നടത്തി പാഴ്സല്‍ വസ്തുക്കള്‍ മോഷ്ടിക്കുന്നതും ഏറിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ വിതരണക്കാരന്‍ ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബാഗ് മുതല്‍ ബൈക്കിന്റെ വീലുകള്‍ വരെ മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. എല്ലാ സംഭവത്തിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പലതിലും ഇതുവരെ തുമ്പുണ്ടാക്കാനായിട്ടില്ല.

Content highlights: Crime news, Police, Gold robbery

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram