പരവൂർ : അർധരാത്രിയിൽ ജനൽ കമ്പി വളച്ച് വീട്ടിനുള്ളിൽ കടന്ന മോഷ്ടാവ് ഉറക്കത്തിലായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മൂന്ന് പവന്റെ മാല പൊട്ടിച്ചുകടന്നു.
പരവൂർ റെയിൽവേ സ്റ്റേഷന് വടക്കവശത്ത് കുറുമണ്ടൽ പുല്ലുവിള വീട്ടിൽ ബാലകൃഷ്ണക്കറുപ്പിന്റെ ഭാര്യ കനകമ്മ അമ്മയുടെ മാലയാണ് കവർന്നത്. ശനിയാഴ്ച പുലർച്ചെ ഒന്നരമണിയോടെയായിരുന്നു സംഭവം.
വീട്ടിന്റെ മുന്നിലെ ജനലിന്റെ കമ്പി വളച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണർന്ന വീട്ടമ്മയെ ബഹളംവച്ചാൽ കൊന്നു കളയുമെന്ന് മോഷ്ടാവ് ഭീഷണിപ്പെടുത്തിയെങ്കിലും അവർ മാലയിൽ മുറുകെ പിടിച്ചു കൊണ്ട് നിലവിളിച്ചു. കരച്ചിൽ കേട്ട് ഭർത്താവ് ഉണർന്നെങ്കിലും മോഷ്ടാവ് മാല പൊട്ടിച്ചെടുത്ത് ജനലഴിയുടെ വിടവിലൂടെത്തന്നെ പുറത്തിറങ്ങി ഇരുട്ടിൽ ഓടിമറഞ്ഞു.
പരവൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ. വി.ജയകുമാറും സംഘവും മോഷണം നടന്ന വീട്ടിലെത്തി പരിസരമാകെ തിരഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
ശനിയാഴ്ച രാവിലെ എസ്.ഐ.യുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരുമെത്തി വിശദമായ പരിശോധന നടത്തുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തു. സംഭവവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്.ഐ. വി.ജയകുമാർ അറിയിച്ചു.
മോഷണം നടന്ന പുല്ലുവിള വീട്ടിന്റെ പടിഞ്ഞാറുവശത്തുള്ള ഗൗരീനിലയത്തിലാണ് മോഷണശ്രമം നടന്നത്. ശനിയാഴ്ച പുലർച്ചെ ഒന്നേകാലോടെയായിരുന്നു ഇത്. കുറ്റിയില്ലാത്തതുകാരണം ചാരിയിരുന്ന ജനൽപ്പാളി തുറന്നായിരുന്നു മോഷണശ്രമം. വീട്ടമ്മ ഉണർന്ന് ലൈറ്റുകൾ ഇട്ടതോടെ മോഷ്ടാവ് മതിൽ ചാടി മറയുകയായിരുന്നു.
Content Highlights: robbery