തിരൂര്‍: പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തി പെട്രോളടിച്ചശേഷം ജീവനക്കാരന്റെ കൈയില്‍നിന്ന് പണം പിടിച്ചുപറിച്ച് യുവാക്കള്‍ രക്ഷപ്പെട്ടു. ആലിങ്ങലിലെ കെ.പി.കെ - പെട്രോള്‍ പമ്പിലാണ് പിടിച്ചുപറി നടന്നത്. സംഭവത്തില്‍ പെട്രോള്‍പമ്പ് ജീവനക്കാരന് പരിക്കേറ്റു.
പൊന്നാനി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ രണ്ടു പേര്‍ 100 രൂപ നല്‍കി പെട്രോളടിച്ച് 50 രൂപ തിരിച്ചു വാങ്ങി ഉടനെ ബൈക്കിന് പിന്നിലിരുന്നയാള്‍ പമ്പ് ജീവനക്കാരന്റെ കൈയിലുള്ള 4,160 രൂപ പിടിച്ചുപറിച്ച് അമിതവേഗതയില്‍ ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു.
ബൈക്ക് പിന്തുടരാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ് പമ്പിലെ ജീവനക്കാരനായ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി മുരളിക്ക് കൈക്കും കാലിനും മുഖത്തിനും പരിക്കേറ്റു.
പ്രതികള്‍ പെരിന്തല്ലൂരില്‍ ജ്യൂസ് കടയില്‍ കാത്തിരിക്കുകയായിരുന്ന മറ്റൊരാളെയും കയറ്റി പൊന്നാനി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി വിവരമുണ്ട്. ഇവരുടെ ഹെല്‍മെറ്റ് ജ്യൂസു കടയില്‍ മറന്നുവെച്ചിട്ടുണ്ട്.
പമ്പുടമ ആലിങ്ങല്‍ സ്വദേശി ഹംസു തിരൂര്‍ പോലീസില്‍ പരാതി നല്‍കി. പമ്പില്‍നിന്ന് പ്രതികളുടെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിട്ടുണ്ട്.