കല്പറ്റ: കല്പറ്റയ്ക്കടുത്ത് മണിയങ്കോട് ഓടമ്പത്ത് റിസോര്‍ട്ടുടമ കുത്തേറ്റുമരിച്ചു. വിസ്പറിങ് വുഡ്‌സ് റിസോര്‍ട്ട് നടത്തിപ്പുകാരിലൊരാളായ സുല്‍ത്താന്‍ബത്തേരി മലവയല്‍ കൊച്ചുവീട്ടില്‍ നെബു എന്ന വിന്‍സന്റ് സാമുവലിനെയാണ് (52) റിസോര്‍ട്ടിലെ ഹട്ടുകളിലൊന്നില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മീനങ്ങാടി ചെറുകാവില്‍ രാജുവിനെ (60) പോലീസ് അറസ്റ്റു ചെയ്തു.
കെ.എസ്.ഐ.ഡി.സി. മുന്‍ ജനറല്‍ മാനേജരാണ് രാജു. ഇയാളുടെ ഭാര്യയുടെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ചൂഷണംചെയ്യുന്നതിലുള്ള വിദ്വേഷമാണ് കൊലയിലേക്ക് നയിച്ചതെന്ന് കല്പറ്റ ഡിവൈ.എസ്.പി. പ്രിന്‍സ് അബ്രഹാം പറഞ്ഞു.
സംഭവത്തിനിടെ പരിക്കേറ്റ രാജുവിന്റെ സഹായി മീനങ്ങാടി സ്വദേശി അനില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. രക്തത്തില്‍ കുളിച്ച് ഹട്ടിലെ കസേരയില്‍ ഇരിക്കുന്ന നിലയില്‍ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് വിന്‍സന്റ് സാമുവലിന്റെ മൃതദേഹം കണ്ടെത്തിയത്. ബത്തേരി മലവയലിലും വിന്‍സെന്റ് സാമുവലിന് റിസോര്‍ട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ഓടമ്പത്തെ റിസോര്‍ട്ടില്‍ ഇദ്ദേഹത്തിനൊപ്പം പ്രതി രാജുവിന്റെ ഭാര്യയും ഉണ്ടായിരുന്നു. 11.30-ഓടെ രാജുവും സുഹൃത്ത് അനിലും വിവരമറിഞ്ഞ് റിസോര്‍ട്ടിലെത്തി. കത്തി കൈയില്‍ കരുതിയാണ് ഇരുവരുമെത്തിയത്. ഭാര്യയുടെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്നതിനെച്ചൊല്ലിയുള്ള വാക്കേറ്റം കത്തിക്കുത്തിലേക്കെത്തിയതായി പോലീസ് പറഞ്ഞു.
സഹായി അനില്‍ വിന്‍സെന്റ് സാമുവലിനെ കസേരയില്‍ പിടിച്ചിരുത്തിയ ശേഷം രാജുവാണ് വിന്‍സന്റ് സാമുവലിനെ കുത്തിയതെന്നും പോലീസ് പറഞ്ഞു. ഇതിനിടെയാണ് അനിലിന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റത്. കൊലയ്ക്കുശേഷം ഭാര്യയെ കോഴിക്കോട് ബന്ധുവീട്ടിലും പരിക്കേറ്റ അനിലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചശേഷം രാജു വെള്ളിയാഴ്ച രാവിലെ മീനങ്ങാടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Content Highlights: resort owner killed in kalpetta wayanad