പത്തനംതിട്ട: ചികിത്സാ പിഴവിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിക്കും ചികിത്സിച്ച ഡോക്ടര്‍ക്കും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പിഴ വിധിച്ചു. കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രിക്കും ഗൈനോക്കോളജിസ്റ്റ് ഡോ.ശ്യാമ ദാനിയേലിനുമാണ് 15 ലക്ഷംരൂപ പിഴ വിധിച്ചത്.
ഇതും പത്തുശതമാനം പലിശയും 50,000 രൂപ വീതം കോടതിച്ചെലവും കൂടി വാദിക്കു നല്‍കണം. ആന്തരിക അവയവങ്ങള്‍ സ്ഥാനം തെറ്റി പിഴവുകളോടെ ജനിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് വിധി.
ഇടയാറന്മുള ആശാരിപറമ്പില്‍ രമ്യ അനൂപും കുടുംബവുമാണ് പരാതിക്കാര്‍. 2012 ഓഗസ്റ്റ് 27 മുതല്‍ രമ്യ പൊയ്യാനില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ കാലയളവില്‍ ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കില്‍ കണ്ടെത്താനായി അഞ്ചുപ്രവശ്യം അള്‍ട്രാസൗണ്ട്് സ്‌കാനിങ് നടത്തുകയും ചെയ്തു. ഡോക്ടര്‍ ഒപ്പിട്ട് നല്‍കിയ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കുഞ്ഞിന് ഒരു വൈകല്യവും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ കുട്ടി ജനിച്ചത് ഗുരുതരമായ വൈകല്യങ്ങളോടെയായിരുന്നു.
അള്‍ട്രാസൗണ്ട് സ്‌കാനിങ് റിപ്പോര്‍ട്ട് കൃത്യമായിരുന്നെങ്കില്‍ ആദ്യഘട്ടത്തില്‍തന്നെ പരിഹാരം തേടാമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
അതേസമയം, ആശുപത്രി അധികൃതര്‍ ഇതേപ്പറ്റി പ്രതികരിക്കാന്‍ തയ്യാറായില്ല.