കണ്ണൂര്‍: പിണറായിയിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊല്ലപ്പെടുത്തിയ കേസില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ പിടിയിലായതായി സൂചന. പിണറായി സ്വദേശികളായ രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍ ടൗണ്‍ സി.ഐ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത് .
സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ കേസില്‍ ഒന്‍പത് പ്രതികളെ അന്വേഷണ സംഘം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ ഉള്‍പ്പെട്ട രണ്ടു പേരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ പ്രതികളാക്കുന്ന പതിവ് രീതി ഉണ്ടാവരുതെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും അന്വേഷണ സംഘത്തിന് ജില്ലാ പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണ പുരോഗതി വിലയിരുത്താന്‍ ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം ധര്‍മടം സ്റ്റേഷനില്‍ എത്തിയിരുന്നു.
കണ്ണൂര്‍ അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കണ്ണൂര്‍ ടൗണ്‍ സി.ഐ.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് വീട്ടിനു മുന്‍പിലുള്ള റോഡരികില്‍ രമിത്ത് വെട്ടേറ്റ് മരിച്ചത്.