തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആര്‍.ടി. ഓഫീസുകളിലും ചെക്‌പോസ്റ്റുകളിലും വിജിലന്‍സ് ചൊവ്വാഴ്ച വ്യാപകമായി റെയ്ഡ് നടത്തി. റെയ്ഡില്‍ പല സ്ഥലങ്ങളിലും ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
വിവിധ ചെക്ക്‌പോസ്റ്റുകള്‍ വഴി ചരക്കുവാഹനങ്ങളില്‍ അമിതഭാരം കയറ്റി നികുതിവെട്ടിപ്പ് നടത്തുന്നതായും ആര്‍.ടി.ഒ. ഓഫീസുകളില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് കൂടാതെ ഒരു നിശ്ചിത തുക ഇടാക്കുന്നതായും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി വിജിലന്‍സ് സംഘം വിവിധ ഓഫീസുകളില്‍ മിന്നല്‍പ്പരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍ അമരവിള ചെക്‌പോസ്റ്റിലെ ക്യാഷ് ചെസ്റ്റില്‍ പണം സൂക്ഷിക്കണമെന്ന നിയമം പാലിക്കാതെ മുന്‍പ് പിടിച്ചെടുത്ത വാഹനങ്ങളുടെ ആര്‍.സി. ബുക്കും താക്കോലും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. മൂന്നുവര്‍ഷത്തിലധികമായി അമരവിള, അച്ചന്‍കോവില്‍ ചെക്‌പോസ്റ്റുകളില്‍ വെയിങ് ബ്രിഡ്ജ് പ്രവര്‍ത്തനരഹിതമാണെന്നും അച്ചന്‍കോവില്‍ സി.ടി.ഒ. ഓഫീസില്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ ജോലിനോക്കുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി.
വയനാട് താളൂര്‍ ആര്‍.ടി. ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് ബൈജുവിന്റെ പക്കല്‍നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തിലധികം രൂപ പിടിച്ചെടുത്തു. ആലപ്പുഴ, ചേര്‍ത്തല, കുട്ടനാട് എന്നിവിടങ്ങളിലെ ആര്‍.ടി. ഓഫീസുകളില്‍ ഏജന്റുമാരില്‍നിന്ന് നിരവധി അപേക്ഷകളും 75,000ത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കാസര്‍കോട്, കുമളി, വാളയാര്‍ ചെക്‌പോസ്റ്റുകളില്‍നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും വിജിലന്‍സ് സംഘം കണ്ടെത്തി. സംസ്ഥാനത്തുടനീളമുള്ള ആര്‍.ടി. ഓഫീസുകളില്‍ ഏജന്റുമാരുടെ അമിത ഇടപെടലുകളും അപേക്ഷകളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തി ഉദ്യോഗസ്ഥരുടെ മുന്നിലെത്തിക്കുന്ന രീതിയും പരിശോധനയില്‍ കണ്ടെത്തി.
വാളയാര്‍ ചെക്‌പോസ്റ്റില്‍ ക്യാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പണത്തില്‍ 2000 രൂപ കുറവുള്ളതായി കണ്ടെത്തി. കൂടാതെ ചെക്‌പോസ്റ്റില്‍ ജോലിക്കു പ്രവേശിക്കുന്നതിനു മുന്‍പ് കൈവശമുള്ള പണത്തെക്കുറിച്ചു വ്യാജമായി ക്യാഷ് ഡികഌറഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നതായും കണ്ടെത്തി. കൈവശമുള്ളതിനേക്കാള്‍ കൂടുതല്‍ പണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാളയാറില്‍ ലോറിഡ്രൈവര്‍ ഓഫീസിനുള്ളില്‍ കയറി ഒഫീഷ്യല്‍ സീല്‍ സ്വയം പതിക്കുന്നതിന് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നതായും ചരക്കുവാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തിവിടുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി