കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു സമീപം വെടിവെപ്പുണ്ടായ സംഭവത്തിലെ അന്വേഷണം സങ്കീർണതകളിലേക്ക്. നടിയുടെ മൊഴികളിൽ ചില കാര്യങ്ങളിൽ പോലീസിന് വ്യക്തത വന്നിട്ടില്ല. അതിനാൽ മൊഴി വീണ്ടും രേഖപ്പെടുത്താൻ തീരുമാനിച്ചു.
തനിക്ക് മറ്റൊരു ജോലിയുമില്ലെന്നും 40 ലക്ഷം രൂപ വായ്പയെടുത്ത് മൂന്നു മാസം മുമ്പ് ആരംഭിച്ച ബ്യൂട്ടിപാർലറാണ് ഏക വരുമാന മാർഗമെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ താനാണ് പ്രതിയെന്ന മട്ടിൽ മാധ്യമങ്ങൾ ആവർത്തിക്കുകയാണ്. സുകേഷ് ചന്ദ്രശേഖർ പരോളിലിറങ്ങിയ സമയത്ത് കൊച്ചിയിൽ ഇവർ സഞ്ചരിച്ചത് ബെന്റ്‌ലി കാറിലായിരുന്നു. ലീനയുടെ വാദങ്ങളും ഈ വസ്തുതയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുക്കുന്നത്.
ഇതിനിടെ, രവി പൂജാരിയാണെന്ന് അവകാശപ്പെട്ട് ഒരാൾ മാധ്യമ സ്ഥാപനത്തിലേക്ക് വിളിച്ച് വെടിവച്ചത് തന്റെയാളുകളാണെന്ന് അവകാശപ്പെട്ടു. ലീന മരിയയല്ല തന്റെ ലക്ഷ്യമെന്നും യഥാർഥ തട്ടിപ്പ് നടത്തിയ മറ്റൊരാളിലേക്ക് എത്താനാണ് ലീനയെ വിളിച്ചതെന്നും ഇയാൾ പറയുന്നുണ്ട്. ലീന വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അവർ പറയുന്നത് പലതും പച്ചക്കള്ളമാണെന്നും അവകാശപ്പെടുന്നു. ‘25 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. അത് തന്നേ മതിയാകൂ. മുംബൈയിലെ പ്രമുഖരെ താൻ വിളിച്ചതിന്റെ ശബ്ദരേഖകൾ യു ട്യൂബിലുണ്ട്. അത് പരിശോധിച്ച് ആധികാരികത ഉറപ്പാക്കാം’. ഓസ്‌ട്രേലിയയിൽനിന്ന് വിളിക്കുന്നുവെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ ഐ.പി. വിലാസത്തിൽനിന്നാണ് ഇന്റർനെറ്റ് കോൾ വന്നിരിക്കുന്നത്. ഈ ശബ്ദരേഖ സൈബർ സെൽ പരിശോധിച്ചുവരികയാണെന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസ് പറഞ്ഞു.
വിളിച്ചയാൾ ഉദ്ദേശിക്കുന്നത് സുകേഷ് ചന്ദ്രശേഖറെയാണോ എന്നാണ് സംശയം. മുമ്പ് ഇയാൾ ചെന്നൈയിൽ തട്ടിപ്പ് നടത്തിയപ്പോൾ ലീന കൂട്ടാളിയായിരുന്നു. ഇരുവരും അറസ്റ്റിലാകുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച കേസിൽ സുകേഷ് ഇപ്പോൾ തിഹാർ ജയിലിലാണ്. തന്റെ ഭർത്താവാണ് സുകേഷ് ചന്ദ്രശേഖറെന്ന് കഴിഞ്ഞ ദിവസത്തെ മൊഴിയെടുക്കലിൽ ലീന പോലീസിനോട് പറഞ്ഞിരുന്നു. സുഹൃത്താണോ എന്ന് പോലീസ് ചോദിച്ചപ്പോൾ ഭർത്താവാണെന്ന് ഇവർ ആവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നു കാണിച്ച് ലീന സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ശേഖർ എന്നൊരാളാണ് ഭർത്താവെന്നും തിഹാർ ജയിലിലാണ് ഇപ്പോഴെന്നുമാണ് ലീന വ്യക്തമാക്കിയിട്ടുള്ളത്.
ഇവരുടെ ചെന്നൈയിലെയും മുംബൈയിലെയും പഴയ കേസുകളുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽനിന്ന് എന്തെങ്കിലും തുമ്പു കിട്ടുമോയെന്നാണ് നോക്കുന്നത്. വെടിവെപ്പ് സംഭവത്തിനു ശേഷവും രവി പൂജാരിയുടെ ഭീഷണി സന്ദേശം വന്നുവെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ മുൻകാല ഇടപാടുകളിലെ ഏതെങ്കിലും ശത്രുക്കൾ പിന്തുടരുന്നതാണോ എന്നാണ് സംശയം. അക്രമം നടത്തിയവരെ ഉടൻ കണ്ടെത്തലാണ് പ്രധാനമെന്ന് പോലീസ് കരുതുന്നു. ഇവരെ കിട്ടിയാൽ കേസിന്റെ ചുരുൾ വേഗത്തിൽ അഴിഞ്ഞേക്കും.
Content Highlight: Police questioning leena maria paul again