പീരുമേട്: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് കൗമാരക്കാരടക്കം മൂന്നുപേര്‍ അറസ്റ്റിലായി. കുമരകം ചെങ്ങളം വഴുകയില്‍ അക്ഷയ് കിഷോറും (ഉണ്ണി-19) സുഹൃത്തുക്കളായ രണ്ട് കൗമാരക്കാരുമാണ് പിടിയിലായത്.
നവംബര്‍ എട്ടിന് പുലര്‍ച്ചെ നാലുമണിക്കാണ് കവര്‍ച്ചാശ്രമം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും പിന്തുടര്‍ന്നാണ് ഒരു മാസത്തെ ശ്രമത്തിനൊടുവില്‍ പ്രതികളെ കുടുക്കിയത്. ഇതേ ദിവസംതന്നെ കുമളി, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലും ഇവര്‍ കവര്‍ച്ചാശ്രമം നടത്തിയിരുന്നു.
ഇത്തരം കവര്‍ച്ച നടത്തുന്നതിനായി പ്രത്യേകം ആയുധങ്ങളുമായി നടക്കുന്നവരാണ് മൂന്നുപേരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു. എ.ടി.എം. തകര്‍ക്കുന്നതിനുള്ള ഹാമര്‍, കട്ടര്‍, സ്‌ക്രൂഡ്രൈവര്‍, ചുറ്റിക എന്നിങ്ങനെ ആയുധങ്ങളും മുഖംമൂടിയും കണ്ടെടുത്തു. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ എ.ടി.എം. മോഷണങ്ങളുടെ യുട്യൂബ് ദൃശ്യങ്ങള്‍ നിരീക്ഷിച്ചാണ് പ്രതികള്‍ കവര്‍ച്ചക്ക് പദ്ധതി തയ്യാറാക്കിയത്.
ഇതിനായി ഒരു കാറും ബൈക്കും ഉപയോഗിച്ചിരുന്നു. ലഹരി മാഫിയകളുമായി ബന്ധമുള്ള മൂവരും സ്ഥിരമായി കമ്പത്തേക്ക് കഞ്ചാവ് വാങ്ങുന്നതിനായി പോകാറുണ്ടായിരുന്നു. നവംബര്‍ ഏഴിന് വൈകീട്ട് കോട്ടയത്ത് നിന്ന് മൂവരും ഒരു ബൈക്കില്‍ കമ്പത്തേക്ക് പുറപ്പെട്ടു. തിരികെ മടങ്ങുംവഴി ആദ്യം കുമളിയിലെ എ.ടി.എമ്മിലാണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. പരാജയപ്പെട്ടപ്പോള്‍ പീരുമേട്ടിലെത്തി സൗത്ത് ഇന്ത്യന്‍ ബാങ്കിലെ എ.ടി.എമ്മില്‍ കയറി. ഏറെ സമയം ശ്രമിച്ചെങ്കിലും നടന്നില്ല. എ.ടി.എമ്മില്‍ അപായ അലാറം മുഴങ്ങിയതോടെ മുങ്ങിയ സംഘം കുട്ടിക്കാനത്തും പിന്നീട് മുണ്ടക്കയത്തുമുള്ള വിവിധ എ.ടി.എമ്മുകളിലും കവര്‍ച്ചാശ്രമം നടത്തി.
പുലര്‍ച്ചെ ആറുമണിയോടെ സംഘം കോട്ടയത്ത് മടങ്ങിയെത്തി. പീരുമേട്ടിലെ എ.ടി.എമ്മിലെയും കുട്ടിക്കാനത്തെ പെട്രോള്‍ പമ്പിലെയും സി.സി.ടി.വി.കളില്‍ മുഖം മറച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. ഇതിനായി കമ്പം മുതല്‍ കുമരകം വരെയുള്ള ഇരുന്നൂറോളം ക്യാമറകള്‍ അന്വേഷണസംഘം പരിശോധിച്ചു. പ്രതികള്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് കുമരകത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസുമായി ബന്ധമുള്ളവരാണ്. എസ്.ഐ. ജോബി തോമസ്, സജിമോന്‍ ജോസഫ്, തങ്കച്ചന്‍ മാളിയേക്കല്‍, ബേസില്‍ പി.ഐസക്, എം.ആര്‍.സതീഷ്, എസ്.സുബൈര്‍, സലില്‍ രവി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: peerumed atm robbery attempt, three arrested