കൊച്ചി: പോലീസിന്റെ ശക്തമായ രാത്രി പട്രോളിങ്ങിനിടെ വീണ്ടും നഗരത്തില്‍ മോഷണം നടത്തി തമിഴ്നാട് സ്വദേശി മുത്തുസെല്‍വം. പുല്ലേപ്പടിയിലെ പരസ്യസ്ഥാപനത്തില്‍ ബുധനാഴ്ച രാത്രി നടത്തിയ മോഷണത്തില്‍ 40,000 രൂപയാണ് മുത്തുസെല്‍വം കവര്‍ന്നത്. പുല്ലേപ്പടി ഈശ്വര അയ്യര്‍ റോഡിലെ 'ക്‌ളൗഡ്സ് അഡൈ്വര്‍ടൈസിങ്ങി'ലായിരുന്നു മോഷണം.
ചൊവ്വാഴ്ച മുത്തുസെല്‍വം ലക്ഷ്മി ആശുപത്രിക്ക് സമീപം ദിവാന്‍സ് റോഡിലെ മൂന്ന് സ്ഥാപനങ്ങളിലും ഒരു വീട്ടിലും മോഷണം നടത്തിയിരുന്നു. ഇവിടെ മോഷണം നടത്തുംമുമ്പ് ചിറ്റൂര്‍ റോഡിലെ ഒരു വീട്ടില്‍ ഇയാള്‍ മോഷണത്തിന് ശ്രമിച്ചിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു.
പരസ്യസ്ഥാപനത്തിന്റെ പുറത്തെ ബള്‍ബ് ഊരിമാറ്റി പ്രദേശത്ത് ഇരുട്ടായി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇയാള്‍ വാതില്‍ പൊളിച്ച് അകത്തുകയറിയത്. സി.സി. ടി.വി. ദൃശ്യങ്ങളില്‍നിന്ന് മനസ്സിലാകുന്നത്, പുലര്‍ച്ചെ 3.30-ന് മോഷണത്തിനായി ഇയാള്‍ അകത്ത് കയറിയെന്നാണ്. അക്കൗണ്ടന്റിന്റെ മുറിയില്‍ കയറിയശേഷം ഇവിടെ പണം സൂക്ഷിച്ചിരുന്ന പെട്ടി തകര്‍ത്താണ് പണം കവര്‍ന്നത്.
പരസ്യ സ്ഥാപനത്തില്‍ വിലകൂടിയ പല ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തിയിട്ടില്ല. ഒന്നര മണിക്കൂറോളം മോഷണസ്ഥലത്ത് തങ്ങിയശേഷം അഞ്ചുമണിയോടെയാണ് പ്രതി സ്ഥാപനത്തിന് പുറത്തിറങ്ങിയത്.
എട്ടോളം പോലീസ് സംഘങ്ങള്‍ രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ മുത്തുസെല്‍വം വീണ്ടും മോഷണം നടത്തിയെന്നത് നഗരവാസികളുടെ ഉറക്കം കെടുത്തുകയാണ്.
സി.സി.ടി.വി. പേടിയില്ലാത്ത മോഷ്ടാവ്
സി.സി. ടി.വി. ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മുഖം മറയ്ക്കാതെയാണ് മുത്തുസെല്‍വം മോഷണം നടത്തുന്നത്. സാധാരണ മോഷ്ടാക്കള്‍ സി.സി. ടി.വി. ഉള്ള ഇടങ്ങളില്‍ മോഷണം നടത്താന്‍ ഭയക്കാറുണ്ട്. അല്ലാത്തപക്ഷം, മുഖം മൂടുകയോ സി.സി. ടി.വി. തുണികൊണ്ടും മറ്റും മറയ്ക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍, ഇതിനൊന്നും മുത്തുസെല്‍വം എവിടെയും തയ്യാറായിട്ടില്ല.
വീട് കുത്തിത്തുറക്കാന്‍ ആയുധങ്ങളൊന്നും പ്രതി കൈയില്‍ കരുതാറില്ല. സമീപത്തുനിന്ന് കിട്ടുന്ന എന്തെങ്കിലും കമ്പിയോ പാരയോ ആണ് ഇയാള്‍ വാതില്‍ കുത്തിത്തുറക്കാനായി പൊതുവേ ഉപയോഗിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച നടന്ന മോഷണത്തിന് ഉപയോഗിച്ചിരുന്നത് രണ്ട് ഇരുമ്പുകമ്പികളായിരുന്നു. കൃത്യമായി എവിടെയും തങ്ങാത്തയാളാണ് പ്രതി. ഹോട്ടലുകളില്‍ മുറിയെടുക്കില്ല. വഴിവക്കിലാകും കിടപ്പ്.
Content Highlight: Notorious thief Muthuselvam active again