തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ നിക്ഷേപത്തട്ടിപ്പ് കേസില്‍, ബാങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍കൂടി പിടിയിലായി. പുരവൂര്‍ കൃഷ്ണശ്രീയില്‍ പ്രവീണ്‍ കൃഷ്ണയെയാണ് ബുധനാഴ്ച തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പിടികൂടിയത്. ബുധനാഴ്ച രാവിലെ പളുകലിനുസമീപം മത്തമ്പാലയില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
നിര്‍മല്‍ കൃഷ്ണ ബാങ്ക് പൂട്ടി സ്ഥാപനയുടമ നിര്‍മലനും സംഘവും മുങ്ങിയതിനെത്തുടര്‍ന്ന് പ്രവീണ്‍ കൃഷ്ണനും ഒളിവില്‍ പോകുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്നു രഹസ്യവിവരം ലഭിച്ച അന്വേഷണസംഘം പളുകല്‍, മത്തമ്പാല, പുരവൂര്‍ മേഖല കേന്ദ്രീകരിച്ചു തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഇതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
മധ്യപ്രദേശില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് ഡിവൈ.എസ്.പി. പാല്‍ദുരൈ അറിയിച്ചു. പ്രവീണ്‍ കൃഷ്ണയടക്കം പതിനൊന്നുപേരെയാണ് ഇതേവരെ പിടികൂടിയത്. 17 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. കുന്നത്തുകാല്‍ സ്വദേശിയും ഡയറക്ടര്‍മാരില്‍ പ്രധാനിയുമായ പ്രത്യുഷ്, നിര്‍മലന്റെ ഭാര്യ രേഖ, സഹോദരിമാരായ ഉഷ, രമ, ജയ, നേരത്തേ അന്വേഷണസംഘത്തിന്റെ പിടിയിലായ നിര്‍മലന്റെ പ്രധാന ബിനാമിയെന്ന് അറിയപ്പെടുന്ന ശേഖരന്റെ ഭാര്യ ശാന്തികുമാരി എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
ഇവരെല്ലാം വഞ്ചിയൂര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു. കഴിഞ്ഞയാഴ്ച മധുര ഹൈക്കോടതിയില്‍ ഇവരെല്ലാം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
Share this Article
Related Topics