ന്യൂഡല്‍ഹി: അഞ്ചുനിലകളില്‍ പ്രവര്‍ത്തിക്കുന്ന 'ആധ്യാത്മിക് വിശ്വവിദ്യാലയ' എന്ന സ്ഥാപനത്തെക്കുറിച്ച് തൊട്ടടുത്ത് താമസിക്കുന്നവര്‍ക്കുപോലും വ്യക്തതയില്ല. രാത്രി ഒന്‍പതിനുശേഷം മാത്രം സജീവമാകുന്ന ഇവിടം നിഗൂഢതകളേറെ സൂക്ഷിക്കുന്നുവെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം.
ഇരുമ്പുവാതിലുകളാല്‍ അടച്ചുകെട്ടിയ കെട്ടിടത്തില്‍ സൂര്യപ്രകാശം കടക്കാന്‍പോലും പഴുതില്ല. ജയിലിന് സമാനമായ രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മിതി. ജനല്‍ക്കമ്പികളിലും വരാന്തയിലെ വേലിക്കെട്ടുകളിലും വൈദ്യുതിപ്രവാഹമുണ്ടായിരുന്നു- ഡല്‍ഹിയിലെ രോഹിണിയില്‍ പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിച്ചിരുന്ന ആധ്യാത്മിക് വിശ്വവിദ്യാലയ എന്ന സ്ഥാപനത്തിന്റെ അവസ്ഥയാണിത്.
വ്യാഴാഴ്ച ഡല്‍ഹി വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ ഇവിടെനിന്ന് നൂറോളം പെണ്‍കുട്ടികളെ മോചിപ്പിച്ചു. മണിക്കൂറുകള്‍നീണ്ട വൈദ്യപരിശോധനയ്ക്കുശേഷമാണ് നൂറോളം വരുന്ന പെണ്‍കുട്ടികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയത്. ഹൈക്കോടതി ഉത്തരവനനുസരിച്ച് ഡല്‍ഹി പോലീസ് കമ്മിഷണര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പെണ്‍കുട്ടികളെ മയക്കുമരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലാക്കിയായിരുന്നു ഇവിടെ പാര്‍പ്പിച്ചിരുന്നത്. ആത്മീയതയുടെ മറവില്‍ പെണ്‍വാണിഭക്കാരും ലഹരിമാഫിയയുമാണ് ഇവിടെ വാണിരുന്നത്.
വിശ്വവിദ്യാലയയിലെ ഭരണവിഭാഗം മേധാവി രുചിക ഗുപ്ത ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇതിന്റെ സ്ഥാപകന്‍ വീരേന്ദര്‍ ദേവ് ദീക്ഷിത് ഇപ്പോള്‍ നേപ്പാളിലാണെന്നാണ് വിവരം. രോഹിണിക്കുപുറമേ ഇന്ദോര്‍ (മധ്യപ്രദേശ്), കഖടിയ (ബിഹാര്‍), റോത്തക്ക് (ഹരിയാണ) എന്നിവിടങ്ങളിലും ഇവര്‍ക്ക് സ്ഥാപനങ്ങളുണ്ട്.
160 പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്. മയക്കുമരുന്ന്, സിറിഞ്ചുകള്‍, ആശ്രമത്തിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടികള്‍ എഴുതിയ കത്തുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. രാത്രികളില്‍ പലപ്പോഴും നിലവിളി കേള്‍ക്കാറുണ്ടായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. പക്ഷേ, ആര്‍ക്കും അടുക്കാന്‍ ധൈര്യമില്ല. പുറത്തുനിന്നാര്‍ക്കും അകത്തേക്ക് പ്രവേശനവുമില്ല. രാജ്യത്തിന്റെ പലയിടങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളാണ് ഇവിടത്തെ അന്തേവാസികള്‍.
പ്രധാന കെട്ടിടത്തിന്റെ അടുത്തുള്ള മറ്റൊരു കെട്ടിടത്തിലാണ് പുരുഷന്‍മാരും ആണ്‍കുട്ടികളും താമസിക്കുന്നത്. ഇരുകെട്ടിടങ്ങളും തമ്മില്‍ ഭൂഗര്‍ഭ പാതയുണ്ട്. പുരുഷന്‍മാര്‍ താമസിക്കുന്ന കെട്ടിടം സംഭരണശാലയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. പുറത്തേക്കിറങ്ങുന്ന പെണ്‍കുട്ടികള്‍ അടിമുടി മറച്ചിരിക്കും. ആരുടെയും മുഖംപോലും ഇതുവരെ ചുറ്റുമുള്ളവര്‍ കണ്ടിട്ടില്ല. കെട്ടിടത്തിലെ അറ്റകുറ്റപ്പണികള്‍ക്കും മറ്റു ജോലികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്നാണ് ആളുകളെത്തുന്നത്.
നിഷ്‌ക്രിയരായി പോലീസ്
മാസങ്ങള്‍ക്കു മുന്‍പ് ഒരു പെണ്‍കുട്ടി വിശ്വവിദ്യാലയയുടെ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച സംഭവമുണ്ടായി. വിവസ്ത്രമായിരുന്ന മൃതദേഹം പോലീസെത്തി കൊണ്ടുപോയതൊഴിച്ചാല്‍ മറ്റൊരു അന്വേഷണവും നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ സംശയംതോന്നിയ അയല്‍വാസികള്‍ നല്‍കിയ പരാതികള്‍ പ്രകാരം 11 എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഒന്നില്‍പോലും നടപടി ഉണ്ടായില്ല.
പെണ്‍കുട്ടികള്‍ക്ക് പരാതി പറയാന്‍പോലും കഴിയാത്തവിധം തീവ്രമായാണ് ഇവര്‍ പെണ്‍കുട്ടികളെ സ്വാധീനിക്കുന്നത്. അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ബുധനാഴ്ച പരിശോധനയ്ക്കെത്തിയ പോലീസും വനിതാ കമ്മിഷന്‍ അംഗങ്ങളും ഉള്‍പ്പെടുന്ന സംഘത്തെ നടത്തിപ്പുകാര്‍ കെട്ടിടത്തിനുള്ളില്‍ പൂട്ടിയിട്ടു.
ഇവര്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് ഇരുമ്പുവാതില്‍ മുറിച്ചാണ് പുറത്ത് കാവലുണ്ടായിരുന്ന പോലീസുകാര്‍ രക്ഷിച്ചത്. ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് എന്ന എന്‍.ജി.ഒ. ആണ് ആശ്രമത്തിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ നവംബര്‍ ഒമ്പതിന് രാജസ്ഥാനില്‍നിന്ന് കാണാതായ പെണ്‍കുട്ടിക്കായുള്ള അന്വേഷണമാണ് ആശ്രമത്തിന്റെ കള്ളികള്‍ വെളിച്ചത്തുകൊണ്ടുവന്നത്.