മനുഷ്യക്കടത്ത് സംഘം വാങ്ങിയത് 12,000 ലിറ്റര്‍ ഡീസൽ; സംഘത്തില്‍ ഗര്‍ഭിണികളും നവജാത ശിശുക്കളും


5 min read
Read later
Print
Share

മുനമ്പത്തുനിന്ന് മനുഷ്യക്കടത്ത് നടത്തിയതിന് 2015-ല്‍ കേസുണ്ടായിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ഥികളെയാണ് കൊണ്ടുവന്നത്. ഇപ്പോഴത്തെ സംഭവത്തിനുപിന്നില്‍ ഇതേസംഘമാണോയെന്ന് അന്വേഷിക്കും. കടത്തിന്റെ പേരിലുള്ള തട്ടിപ്പുകളും വ്യാപകമാണ്.

കൊച്ചി: മുനമ്പത്തുനിന്ന് കഴിഞ്ഞദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകള്‍ കണ്ടെത്തിയതിനുപിന്നില്‍ മനുഷ്യക്കടത്തെന്ന് സംശയം. 42 പേര്‍ മുനമ്പം വഴി ബോട്ടില്‍ പുറപ്പെട്ടെന്നാണ് കരുതുന്നത്. എന്നാല്‍, സംഘത്തിലുള്ളവരുടെ എണ്ണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പോലീസ് സംശയിക്കുന്നു. അതിനിടെ, കൊടുങ്ങല്ലൂരും സമാനരീതിയില്‍ ഉപേക്ഷിക്കപ്പെട്ട 52 ബാഗുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തീരസേനയുടെ രണ്ടും നാവികസേനയുടെയും ഒരു കപ്പലുമാണ് ഇവരെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ആയിരക്കണക്കിന് മീന്‍പിടിത്തബോട്ടുകള്‍ കടലില്‍ ഉള്ളതിനാല്‍ പെട്ടെന്ന് ഇവരുടെ ബോട്ട് കണ്ടെത്തുക എളുപ്പമല്ല. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്താണ് സാധാരണ മനുഷ്യക്കടത്തുസംഘങ്ങള്‍ ഇങ്ങനെ അഭയാര്‍ഥികളെ കൊണ്ടുപോവാറുള്ളത്.

12,000 ലിറ്റര്‍ ഡീസല്‍, 150 ബ്ലോക്ക് ഐസ്

കൊച്ചി: മുനമ്പം സംഭവവുമായി ബന്ധപ്പെട്ട് കുറേ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇവതമ്മില്‍ പൊരുത്തപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ്. ഇവര്‍ പോയ ബോട്ട് ഏതാണെന്ന് കണ്ടെത്താനായിട്ടില്ല. 12,000 ലിറ്ററോളം ഇന്ധനം വാങ്ങിയതായി ഒരു പമ്പ് ജീവനക്കാരന്റെ മൊഴിയുണ്ട്. ഇതിനായി പത്തുലക്ഷത്തോളം രൂപ മുടക്കി. ഈ മാസം ഏഴിനും 11-നും ഇടയിലായിരുന്നു ഇത്. 150 ബ്ലോക്ക് ഐസും ബോട്ടില്‍ നിറച്ചത്രെ. സാധാരണ മീന്‍പിടിത്ത ബോട്ടുകള്‍ 6000 ലിറ്റര്‍ ഡീസലും 300 ബ്ലോക്കോളം ഐസുമാണ് കരുതുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളാണ് സംഘത്തിലുണ്ടായിരുന്നവര്‍ സംസാരിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എല്ലാ മൊഴികളും വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മുനമ്പം സ്വദേശിയില്‍നിന്ന് ദേവമാത എന്ന ബോട്ട് വാങ്ങിയത് കുളച്ചല്‍ സ്വദേശിയാണ്. 1.20 കോടി രൂപയ്ക്കായിരുന്നു വില്‍പ്പന.

13 കുടുംബങ്ങളുടെ സംഘം പോകുന്നതിനുമുമ്പ് ചെറായിയിലെ ചെറുകിട റിസോര്‍ട്ടുകളിലാണ് കഴിഞ്ഞത്. ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പോലീസ് പരിശോധിക്കുകയാണ്. ഇവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങളും നോക്കുന്നുണ്ട്. ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ എത്തിയതെന്ന് കരുതുന്നു. നാലു ഗര്‍ഭിണികളും നവജാതശിശുവും സംഘത്തിലുണ്ടെന്ന് സംശയിക്കുന്നുണ്ട്.

സംഘത്തില്‍ ഗര്‍ഭിണികളും നവജാത ശിശുക്കളും

ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച യുവതിയും സംഘത്തിലുണ്ടെന്നാണ് പറയുന്നത്. 29-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 25-കാരി ഡല്‍ഹി സ്വദേശി ഒന്നാംതീയതി പ്രസവിച്ചെന്നും മൂന്നാംതീയതി ആശുപത്രി വിട്ടെന്നുമാണ് രേഖകളിലുള്ളത്. നവജാതശിശുവിനെ കുഴിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുചെന്നതായും പറയുന്നു. സംഘത്തിലുള്ള 80 പേരോളം ചോറ്റാനിക്കരയിലെ വിവിധ ലോഡ്ജുകളില്‍ കഴിഞ്ഞതായും പറയുന്നു. ഇതില്‍ പകുതിയോളം പേരാണ് പുറപ്പെട്ടതായി വിവരമുള്ളത്. ഡല്‍ഹി വിലാസമാണ് എല്ലാവരും ലോഡ്ജുകളില്‍ നല്‍കിയിരിക്കുന്നത്. ക്ഷേത്രനഗരിയായതിനാല്‍ ഭക്തരെന്നമട്ടിലാണ് ഇവര്‍ കഴിഞ്ഞത്.

മാല്യങ്കരയിലെ ജെട്ടിയില്‍നിന്നാണ് സംഘം പോയതെന്ന് കരുതുന്നു. സംഘത്തില്‍ തമിഴ് വംശജരാണ് കൂടുതല്‍. ജെട്ടിക്ക് സമീപം ഒഴിഞ്ഞപറമ്പില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ 13 ബാഗുകള്‍ കണ്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. മുനമ്പം ഹാര്‍ബറിന് സമീപത്തുനിന്ന് ആറു ബാഗുകള്‍ കിട്ടി. ഉണക്കിയ പഴങ്ങള്‍, തുണികള്‍, വെള്ളം, ഫോട്ടോകള്‍, ബിസ്‌കറ്റുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവയാണ് ഇതിലുണ്ടായിരുന്നത്. ഇതോടെയാണ് അനധികൃത മനുഷ്യക്കടത്താണോയെന്ന സംശയം ഉയര്‍ന്നത്.

മാല്യങ്കരയില്‍നിന്ന് ലഭിച്ച ബാഗില്‍നിന്നാണ് വിമാന ടിക്കറ്റ് ലഭിച്ചത്. ഈ യാത്രക്കാരന്റെ വിവരങ്ങള്‍ വിമാനത്താവളത്തില്‍നിന്ന് ശേഖരിക്കും. ആരാണ് ഇവരെ കൊണ്ടുവന്നത്, എത്രപേരുണ്ട്, എന്തുകൊണ്ട് മുനമ്പം തിരഞ്ഞെടുത്തു, ഇത്രയധികം ബാഗുകള്‍ ഉപേക്ഷിക്കാന്‍ കാരണമെന്താണ്, ഇത്രവലിയ സംഘത്തെ ഒരുമിച്ച് വിദേശത്തേക്ക് കടത്താനാവുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് പോലീസ് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത്.

അന്വേഷണത്തിന് എറണാകുളം റൂറല്‍ അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തില്‍ 16 പേരുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. വടക്കേക്കര എസ്.ഐ. സ്പെറ്റോ ജോണാണ് അന്വേഷണോദ്യോഗസ്ഥന്‍. മനുഷ്യക്കടത്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി. രാഹുല്‍ ആര്‍. നായര്‍ പറഞ്ഞു.

2015-ലും കേസ്; പറ്റിക്കലും പതിവ്

മുനമ്പത്തുനിന്ന് മനുഷ്യക്കടത്ത് നടത്തിയതിന് 2015-ല്‍ കേസുണ്ടായിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ഥികളെയാണ് കൊണ്ടുവന്നത്. ഇപ്പോഴത്തെ സംഭവത്തിനുപിന്നില്‍ ഇതേസംഘമാണോയെന്ന് അന്വേഷിക്കും. കടത്തിന്റെ പേരിലുള്ള തട്ടിപ്പുകളും വ്യാപകമാണ്.

'നാടോടിക്കാറ്റ്' സിനിമയില്‍ മാമുക്കോയയുടെ 'ഗഫൂര്‍ക്കദോസ്ത്' എന്ന കഥാപാത്രം ദാസനെയും വിജയനെയും പറ്റിക്കുന്നതുപോലുള്ള സംഭവങ്ങള്‍ ഇപ്പോഴും കടലില്‍ നടക്കാറുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദൂരെക്കിടക്കുന്ന ബോട്ട് ചൂണ്ടിക്കാട്ടി അതാണ് പുറപ്പെടാനുള്ള ബോട്ടെന്ന് ഇടനിലക്കാര്‍ പറയും. തുടര്‍ന്ന് 'അയ്യോ പോലീസ്' എന്ന് പറഞ്ഞ് ഇവര്‍ ഓടും. വിദേശത്തേക്ക് പോകാമെന്നുകരുതി പണം നല്‍കുന്ന പാവങ്ങള്‍ പറ്റിക്കപ്പെടുകയും ചെയ്യും. എന്നാല്‍, ഇങ്ങനെ വിദേശത്തേക്കുപോയ സംഭവങ്ങളുമുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇങ്ങനെ എത്തുന്നവരെ അഭയാര്‍ഥികളാക്കും എന്നു വിശ്വസിപ്പിച്ചാണ് കൊണ്ടുപോകുന്നത്.

കൊടുങ്ങല്ലൂര്‍ നഗരമധ്യത്തില്‍ 52 ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ തെക്കേനടയില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 52 ബാഗുകള്‍ കണ്ടെത്തി. മുനമ്പം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തുമായി ഇതിനു ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞദിവസം മുനമ്പം ഭാഗത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 42 ബാഗുകള്‍ കണ്ടെത്തിയിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ക്ഷേത്രത്തിന്റെ തെക്കേ മൈതാനിയിലെ സ്റ്റേജിനോട് ചേര്‍ന്ന് ബാഗുകള്‍ കണ്ടെത്തിയത്. ദീര്‍ഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗുകളാണിവ. ഉണക്ക പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, അച്ചാര്‍, കുബ്ബൂസ് തുടങ്ങി അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണപദാര്‍ഥങ്ങളും പുതിയ വസ്ത്രങ്ങളും ബാഗുകളില്‍ ഉണ്ടായിരുന്നു. ഒരു ബാഗില്‍നിന്ന് ലൈഫ് ജാക്കറ്റും കണ്ടെത്തി. ഞായറാഴ്ച രാത്രി മുനമ്പം കേന്ദ്രീകരിച്ച് 42 പേര്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ബാഗുകള്‍ കണ്ടെത്തിയ വിവരം പോലീസ് ഗൗരവത്തിലെടുക്കുന്നത്.

ഡല്‍ഹി സ്വദേശിയായ ദീപക് എന്നയാള്‍ കന്യാകുമാരിയിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയതിന്റെ രേഖകളും ശ്രീലങ്കന്‍ ഭാഷയിലുള്ള ജനന സര്‍ട്ടിഫിക്കറ്റും ഏതാനും ഫോണ്‍നമ്പറുകളും ബാഗുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഫോണുകളെല്ലാം സ്വിച്ച് ഓഫാണ്. ഒരു ടെമ്പോ ട്രാവലറിലും കാറിലുമായി എത്തിയ അമ്പതോളംപേര്‍ വരുന്ന സംഘത്തില്‍ സ്ത്രീകളും നാലുമാസം പ്രായമായ കുട്ടിയും ഉണ്ടായിരുന്നതായി ജില്ലാ പോലീസ് സൂപ്രണ്ട് എം.കെ. പുഷ്‌കരന്‍ പറഞ്ഞു.

ഇവരോടൊപ്പമുണ്ടായിരുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചതിനെത്തുടര്‍ന്ന് തിരിച്ചുപോകുന്നുവെന്ന് പറഞ്ഞ് ബാഗുകളും മറ്റും ഇവിടെ ഇറക്കിവെച്ച് കരഞ്ഞുകൊണ്ടാണ് ഇവര്‍ വാഹനത്തില്‍ കയറിപ്പോയതെന്ന് ദൃക്‌സാക്ഷിയായ തിരുവനന്തപുരം സ്വദേശി പോലീസിനോട് പറഞ്ഞു. കണ്ടെത്തിയ ബാഗുകള്‍ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സീല്‍ചെയ്ത് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.

മനുഷ്യക്കടത്ത് സംഘം: ഞെട്ടലോടെ ചോറ്റാനിക്കരക്കാര്‍

കൊച്ചി: ക്രിമിനലുകള്‍, തട്ടിപ്പുകാര്‍, മാല മോഷ്ടാക്കള്‍, ഇപ്പോള്‍ മനുഷ്യക്കടത്തുകാരും. ചോറ്റാനിക്കര ഇത്തരക്കാര്‍ക്ക് താവളമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കേള്‍ക്കുന്ന വാര്‍ത്തകളാണിവ. മനുഷ്യക്കടത്ത് സംഘം താമസിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ചോറ്റാനിക്കരക്കാര്‍ അറിഞ്ഞത്. കേരളത്തിലെ പ്രധാന ക്ഷേത്രമായ ചോറ്റാനിക്കര ഭവഗതീ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇവിടെനിന്ന് ഇത്തരത്തില്‍ വാര്‍ത്തകള്‍ തുടരെ വരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്ന 80-ല്‍പ്പരം പേര്‍ ഇവിടെ ഒരാഴ്ചയോളം വിവിധ ഹോട്ടലുകളില്‍ താമസിച്ചു. സമീപത്തെ ആശുപത്രിയില്‍ ഇവരിലെ ഒരു യുവതി പ്രസവിക്കുകയും ചികിത്സ കഴിഞ്ഞ് പോയിട്ടും അധികൃതര്‍ അറിഞ്ഞില്ലെന്നത് ഗുരുതരം തന്നെയാണ്.

ഡല്‍ഹി സ്വദേശികള്‍ ഇത്രയും പേര്‍ കൂട്ടമായെത്തി മുറിയെടുത്തിട്ടും ആരും സംശയിച്ചില്ല. ക്ഷേത്രദര്‍ശനത്തിനെത്തി എന്നു പറഞ്ഞാല്‍ പോലും ഇത്രയും ദിവസം ഇവര്‍ തങ്ങിയത് ഹോട്ടലുടമകള്‍ ശ്രദ്ധിക്കാതിരുന്നതും ഗൗരവമായി കാണേണ്ടതുണ്ട്. കൂട്ടമായി ഓട്ടോറിക്ഷ വിളിച്ചാണ് ഇവര്‍ പോയത് എന്ന് പറയുന്നു.

വൈക്കത്ത് ഉണ്ടായ ഒരു കൊലക്കേസിലെ പ്രതികളെ ഏതാനും ആഴ്ച മുമ്പാണ് ഇവിടത്തെ ഒരു ലോഡ്ജില്‍ നിന്ന് വൈക്കം പോലീസ് പിടികൂടിയത്. തൃശ്ശൂരിലെ ഒരു തട്ടിപ്പുവീരനും ഏതാനും മാസം മുമ്പ് ഹോട്ടലില്‍നിന്ന് പിടിക്കപ്പെട്ടിരുന്നു. ഹോട്ടലുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്നും പോലീസ് പട്രോളിങ്ങും മറ്റും ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

അന്ന് പിടിയിലായത് പുലികള്‍ക്കായി പണിത ബോട്ട്

പി.ജി. ലാലന്‍

ചെറായി: മുനമ്പം-മാല്യങ്കര തീരപ്രദേശങ്ങളില്‍ എല്‍.ടി.ടി.ഇ. തമിഴ് പുലികള്‍ ബന്ധപ്പെടുന്നതിന്റെ സൂചനയുണ്ടായത് 2008-ലാണ്. പുലികള്‍ക്കു വേണ്ടി മുനമ്പത്ത് നിര്‍മാണം നടത്തിക്കൊണ്ടിരുന്ന ബോട്ട് തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് അന്ന് പിടികൂടി. ഈ ബോട്ട് ഇപ്പോഴും മുനമ്പത്തെ യാര്‍ഡില്‍ ജീര്‍ണിച്ച് ഇരിപ്പുണ്ട്. നൂറ് അടിയോളം നീളമുള്ള കൂറ്റന്‍ ബോട്ടില്‍ എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മാണം.

നിര്‍മാണത്തിനിടെ പോലീസിന്റെ പിടിയിലായതോടെ ബോട്ട് നിര്‍മാണം ഏറ്റെടുത്ത കരാറുകാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ വന്നു. തമിഴ് പുലികള്‍ക്കു വേണ്ടി ഒരു ഏജന്‍സിയാണ് കരാറുകാരെ നിര്‍മാണം ഏല്പിച്ചിരുന്നത്. എന്നാല്‍ എല്‍.ടി.ടി.ഇ.ക്കു വേണ്ടിയാണ് ബോട്ട് നിര്‍മിക്കുന്നതെന്ന് യാര്‍ഡ് ഉടമയ്ക്ക് അറിവുണ്ടായിരുന്നില്ല. സാധാരണ നിലയില്‍ പുതിയ ബോട്ട് നിര്‍മിക്കുന്നതിനും പഴയത് റിപ്പെയര്‍ ചെയ്യാനും പ്രവര്‍ത്തിക്കുന്ന ഈ യാര്‍ഡില്‍ ക്യൂ ബ്രാഞ്ച് പോലീസ് അന്വേഷണത്തിന് വന്നപ്പോഴാണ് യാര്‍ഡ് ഉടമ വിവരം അറിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് മാല്യങ്കര, കുഞ്ഞിത്തൈ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ഒന്നര മാസത്തോളം അന്വേഷണം നടന്നു. യാര്‍ഡ് ഉടമയ്‌ക്കോ തൊഴിലാളികള്‍ക്കോ തമിഴ് പുലികളുമായി ബന്ധമില്ലെന്നു കണ്ടെത്തി. തുടര്‍ന്ന് 2008 മാര്‍ച്ചില്‍ ഈ ബോട്ട് ഫിഷറീസ് ജോയിന്റ് ഡയറക്ടറെ ഏല്പിക്കുകയായിരുന്നു.

മുനമ്പത്ത് കള്ളക്കടത്തുമുണ്ടെന്ന് ബോട്ടുടമാ സംഘം

ചെറായി: മുനമ്പം മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് മാത്രമല്ല വന്‍ കള്ളക്കടത്തും നടക്കുന്നുണ്ടെന്ന് ബോട്ട് ഓണേഴ്സ് ആന്‍ഡ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് വെള്ളിക്കടത്തും സ്പിരിറ്റ് കടത്തും ഇവിടെ പോലീസ് പിടികൂടിയിട്ടുണ്ട്.

മുനമ്പത്ത് വന്നുപോകുന്ന നൂറുകണക്കിന് ബോട്ടുകളില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരുടേതാണ്. പണിക്കാരും മറുനാട്ടുകാര്‍ തന്നെ. മത്സ്യബന്ധനത്തിന്റെ പേരിലാണ് യാനങ്ങളും തൊഴിലാളികളും എത്തുന്നതെങ്കിലും ഇവര്‍ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഹാര്‍ബറില്‍ സംവിധാനങ്ങളില്ല. സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണ് മുനമ്പത്ത് മനുഷ്യക്കടത്തും കള്ളക്കടത്തും പോലുള്ളവ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ബോട്ടുടമാ സംഘം ചെയര്‍മാന്‍ പി.പി. ഗിരീഷ് അഭിപ്രായപ്പെടുന്നു.

ഇതിന്റെ പേരില്‍ നിരപരാധികളാണ് പലപ്പോഴും പോലീസന്റെ വിരട്ടലിനും ചോദ്യം ചെയ്യലിനുമൊക്കെ ഇരയാകുന്നത്. സുരക്ഷയുടെ ഭാഗമായി ഹാര്‍ബറില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കണമെന്ന ബോട്ടുടമകളുടെ ആവശ്യം ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി ഇതുവരെ നടപ്പാക്കിയിട്ടില്ല.

പുലര്‍ച്ചെ മൂന്നുമുതല്‍ സജീവമാകുന്ന ഹാര്‍ബറില്‍ മതിയായ വെളിച്ചം നല്‍കാനും അധികൃതര്‍ സംവിധാനം ഉണ്ടാക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബോട്ടുടമകള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ചെയര്‍മാന്‍ സൂചന നല്‍കി.

content highlights: Munambam Human trafficking , Australia,crime

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
woman

1 min

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍

Dec 1, 2020


mathrubhumi

1 min

പീഡിപ്പിച്ചതായി സീരിയല്‍ നടിയുടെ പരാതി

Apr 12, 2019