ചാലക്കുടി: ബാങ്കുകള്‍ക്ക് സമീപമെത്തി പണം നാട്ടിലേക്ക് അയയ്ക്കാനെത്തുന്നവര്‍ക്ക് ഇരട്ടി പണം വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഗുജറാത്ത് വല്‍സാഡ് സീട്ടിയനഗര്‍ സ്വദേശിയും 'മോത്തി ഹാരി ഡഗ് ' എന്നറിയപ്പെടുന്ന സംഘത്തിന്റെ തലവനുമായ ഉപേന്ദ്രനാഥ് ലല്ലുസിങ് (40), ബിഹാര്‍ ചോട്ടാബാരിയപുരില്‍നിന്നുള്ള അങ്കൂര്‍കുമാര്‍ (28) എന്നിവരാണ് പിടിയിലായത്. കൊരട്ടി എ.ടി.എം. കവര്‍ച്ച അന്വേഷണത്തിനിടയിലാണ് സംഘം കുടുങ്ങിയത്.
വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുകയും ബാങ്കുകളിലും മറ്റും ഇടപാടുകള്‍ക്കായി എത്തുന്ന മറുനാടന്‍ തൊഴിലാളികളെ സമീപിച്ച് അടയ്ക്കാനായി കൊണ്ടുവരുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്യുകയുമാണ് തട്ടിപ്പിന്റെ രീതി. ബ്ലാക്ക് മണിയായതിനാലാണ് ഇത്രയും തുക നല്‍കുന്നതെന്ന് വിശ്വസിപ്പിക്കും. തുടര്‍ന്ന് നോട്ടുകെട്ടിന്റെ മുകളിലും താഴെയും യഥാര്‍ത്ഥ നോട്ടുകള്‍ വെച്ചശേഷം നടുക്ക് ഇതേ അളവിലുള്ള കടലാസുകള്‍വെച്ച് റബ്ബര്‍ ബാന്‍ഡ് ഇട്ട് കെട്ടുകളാക്കി തുക കൈമാറും. പിന്നീട് അതിവേഗം ഇവര്‍ സ്ഥലം വിടും.
ഗുജറാത്തിലെ വല്‍സാദില്‍ ബ്രോക്കറായി ജോലിചെയ്തിരുന്ന ഉപേന്ദ്രയാണ് തട്ടിപ്പിന് നേതത്വം നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. നോട്ടുകെട്ടുകള്‍ തൂവാലയില്‍ കെട്ടി ഒരുവശത്തുകൂടെ പണമടയ്ക്കാന്‍ വരുന്നവരെ കാണിക്കുകയും ഇത് കൈമാറുന്ന സമയം അതിലെ ഒറിജിനല്‍ നോട്ടുകള്‍ ഞൊടിയിടയില്‍ മാറ്റുകയും ചെയ്യുകയായിരുന്നു രീതി.
എ.ടി.എം. കവര്‍ച്ചകളോടനുബന്ധിച്ച് മൂന്ന് വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേകസംഘം അന്വേഷണം നടത്തുന്നതിനിടയിലാണ് നോട്ടിരട്ടിപ്പ് സംഘം വടകര ഭാഗത്ത് എത്തിയതായി അറിയുന്നത്. പോലീസ് നടത്തിയ ആസൂത്രിതനീക്കത്തിനൊടുവിലാണ് വടകര പോലീസിന്റെ സഹായത്തോടെ ചോമ്പാലയില്‍വെച്ച് ഇവരെ പിടിച്ചത്. പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അങ്കമാലി പോലീസിന് കൈമാറി.
2017-ല്‍ അങ്കമാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പണമടയ്ക്കാനെത്തിയ മറുനാടന്‍തൊഴിലാളികളെ സമാനരീതിയില്‍ കബളിപ്പിച്ച് അമ്പതിനായിരത്തില്‍പ്പരം രൂപ കവര്‍ന്നതിന് ഇവര്‍ക്കെതിരേ അങ്കമാലിയില്‍ കേസുണ്ട്. അതില്‍ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. ബിസിനസ് ആവശ്യത്തിനായി എത്തിയവരാണ് എന്നു പറഞ്ഞാണ് ഇവര്‍ ആഡംബര ഹോട്ടലുകളില്‍ മുറിയെടുക്കുന്നത്. ബാങ്കിലും മറ്റുമെത്തുന്ന പരിചയക്കുറവുള്ളവരെ പ്രത്യേകം നിരീക്ഷിക്കുന്ന സംഘം സഹായിക്കാനെന്ന വ്യാജേന സമീപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇവര്‍ സംസാരിച്ചുനില്‍ക്കുമ്പോള്‍ മറ്റൊരു സംഘാംഗം വന്ന് പണം ഇവരെ ഏല്‍പ്പിച്ച് ഇരട്ടി പണം വാങ്ങുന്നതായി അഭിനയിച്ച് മറ്റേയാളുടെ വിശ്വാസം നേടിയശേഷമാകും തട്ടിപ്പ് നടത്തി മുങ്ങുക.